“കൊച്ചെ…… സമ്മതിച്ചു ഈ ധൈര്യം.
അനുവാദം ഇല്ലാതെ ഒരുത്തൻ ദേഹത്തു തൊട്ടാൽ വെട്ടിയേക്കണം.
അവനൊന്നും ജീവിക്കാൻ അർഹത ഇല്ല.ഇപ്പൊ കാണിച്ച ധൈര്യം എന്നും വേണം”വീണയെ ഒന്ന് പ്രശംസിച്ച ശേഷം മറ്റുള്ളവർക്ക് നിർദേശം നൽകി കമാൽ നിലവറയിലേക്ക് നടന്നു
*****
മുകളിലെത്തിയതും ശംഭുവിനോടു മുറിയിലേക്ക് പോകാൻ ഗായത്രി കണ്ണു കാണിച്ചു.അവിടെയെല്ലാം
കിടന്നതുപോലെ തന്നെയുണ്ട്.അല്പം പൊട്ടിയതും മറ്റും ചാക്കിൽ കെട്ടി താഴെയെത്തിച്ചിരുന്നു.ഗായത്രിയുടെ പിറകിൽ പമ്മിയ വീണയെ സാവിത്രി കാൺകെ തന്നെ അവൾ ശംഭുവിന്റെ മുറിയിലാക്കി.അമ്മയത് ചോദിക്കും എന്ന് ആ മുഖഭാവത്തിൽ തന്നെ ഗായത്രിക്ക് മനസിലായിരുന്നു.പക്ഷെ തന്റെ മുന്നിൽ വച്ചുതന്നെ ഗായത്രി വീണയെ ശംഭുവിന്റെ മുറിയിലേക്ക് വിട്ടത് സാവിത്രിയെ ഞെട്ടിച്ചിരുന്നു.
അവൾക്കെല്ലാം അറിയാം,അവളും കൂടി അറിഞ്ഞുകൊണ്ടാണിതൊക്കെ
നടക്കുന്നതും.സാവിത്രി മനസ്സിൽ ഓർത്തു.
അമ്മ വാ…….അറിയാം ആ മുഖത്ത് ഒരുപാട് ചോദ്യങ്ങളുണ്ട്.അതിന് ഉത്തരം കിട്ടാതെ അമ്മ ഉറങ്ങില്ല എന്നുമറിയാം.
എന്നാ പറയ്…നീ എന്ത് ധൈര്യത്തിലാ
അവരെ ഒന്നിച്ചു വിട്ടത്.?
“അമ്മ വാ…മുറിയിൽ പോകാം താഴെ
കേൾക്കണ്ടാ”ഗായത്രി സാവിത്രിയെ
വലിച്ചുകൊണ്ട് ഗോവിന്ദിന്റെ മുറിയിൽ കയറി വാതിലടച്ചു.
ഇനി ചോദിക്ക്…..?എന്താ അമ്മക്ക് അറിയേണ്ടത്?
അറിയേണ്ടതൊന്നെയുള്ളൂ.ഇവിടെ നടക്കുന്നതിന്റെയൊക്കെ അർത്ഥം എന്തെന്നെനിക്കറിയണം.വെറുതെ
അവന്റെ നെഞ്ചിലേക്ക് ചാഞ്ഞതല്ല വീണ.അവൾ പേടിച്ചിരുന്നു.ഇവിടെ വന്നിറങ്ങിയപ്പോൾ ഞാനും പേടിച്ചു.
പക്ഷെ വീണ……അവളുടെ മാറ്റം ഒരു പെണ്ണായ എനിക്ക് മനസിലാകും.
അവനെ കണ്ട് ഓടിവരുമ്പോൾ അവളുടെ കണ്ണിലെ തിളക്കം ഞാൻ കണ്ടതാ.അവന്റെ നെഞ്ചിൽ കിടന്ന സമയം അവളിലെ പേടി മാറിയതും ഞാൻ കണ്ടു,പിന്നീട് എനിക്ക് മുഖം തരാനുള്ള അവളുടെ മടിയും.ഇനി നീ പറയ്,പക്ഷെ അവർ തമ്മിൽ ഒന്നും ഇല്ല എന്ന് മാത്രം അരുത്.
“അവന്റെ പെണ്ണാ അവള്….. ശംഭുന്റെ പെണ്ണ്.അവന്റെ താലിയാ ചേച്ചിയുടെ കഴുത്തില്.ഇനി എന്നാ അമ്മക്ക് അറിയേണ്ടത്”എടുത്തടിച്ചതുപോലെ ആയിരുന്നു ഗായത്രിയുടെ മറുപടി.
“മാനം കെട്ടവള്……അവളെ ഞാൻ….”
സാവിത്രി നിയന്ത്രണം വിട്ടലറി.