കിള്ളിമംഗലം മാധവമേനോനും ഭാര്യ സാവിത്രി ദേവിക്കും എന്റെയറിവിൽ ഒരു തെറ്റേ പറ്റിയിട്ടുള്ളു.അതിന്റെ പേര് “ഗോവിന്ദ്” ഇവിടുത്തെ ദത്തു പുത്രൻ.
“…….മോളെ ഗായത്രി…….”നെഞ്ച് പൊട്ടിയുള്ള വിളിയായിരുന്നു അത്.
ഇവിടെ എല്ലാർക്കും എല്ലാം അറിയാം അമ്മെ.ശംഭുന് പോലും.എന്നിട്ടും നിങ്ങക്ക് മാത്രം.ശരിക്കും ഗോവിന്ദൻ ഇവിടുത്തെ ആരാ അമ്മെ.ഒരിക്കൽ ഒരു ഡയറി കിട്ടി,അതിൽ കുറച്ചു കഥകളും.അല്ല അത് എന്റമ്മയുടെ ജീവിതമായിരുന്നു.കൂടുതലറിയാൻ അമ്മയുടെ നാട്ടിലൊക്കെ തിരക്കി.
അങ്ങനെയാ ഞാനറിഞ്ഞത് കൂടെ പിറന്നില്ലെങ്കിലും കൂടെ വളർന്ന എന്റെ ആങ്ങളയെ,ഒപ്പം വളർത്തി വലുതാക്കിയ ഒരു ചെകുത്താനെയും
അതേടി….. ഞാൻ മറച്ചുപിടിക്കുവാ എന്റെ കൊച്ചിനെ.എന്റെ വീട്ടുകാരെ നിനക്കറിയില്ല ശരിക്കും.അതാ ഞാൻ
എന്തിനമ്മാ……..
ചൊവ്വാ ദോഷത്തിന്റെ പേരിൽ കല്യാണം നടക്കാതെനിന്നതാ എന്റെ സരസ്വതി.ഒത്തിരി ഇഷ്ട്ടാരുന്നു എന്നെ,മറ്റാരെക്കാളും.എന്തിനും
ഞാൻ വേണമായിരുന്നു.എന്റെ വിവാഹം കഴിഞ്ഞേപ്പിന്നെ അവൾ ഒറ്റക്കായി പാവം.നിന്നെ വയറ്റിലുള്ള സമയം,ആയിടെയാ പണിക്ക് നിന്ന ഒരു ക്രിസ്ത്യാനിയുമായി അവൾ ലോഹ്യത്തിലാവുന്നത്.അന്നവൾക്ക് ശംഭുന്റെ പ്രായം കാണും,എന്നേലും മൂനുവയസിളപ്പം.ജാതകത്തിലൊന്നും
വിശ്വാസമില്ലാത്ത അവനതൊന്നും കാര്യമാക്കിയില്ല.
ഒറ്റിയതാ….അതും പണിക്കാര് തന്നെ.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
അയാൾ നാട് വിടുന്നതും അവൾ വീട്ടുതടങ്കലിലാവുന്നതും.നാട്ടിലു മുഴുവനറിഞ്ഞു അവരുടെ പ്രണയം. തറവാടിന്റെ പേര് നശിപ്പിച്ചു എന്ന ദോഷം പേറി അവളും.ഒടുക്കം ഒരു വൃദ്ധനെക്കൊണ്ട് കെട്ടിച്ചു.അതും അയാളുടെ മൂന്നാം വേളി.പ്രായമായ തന്നെയും മറ്റ് രണ്ടു പേരെയും നോക്കാനൊരാൾ.ജാതകം പോലും തിരുത്തി അവളെ അയാൾക്കൊപ്പം പറഞ്ഞയച്ചു.അന്ന് നിനക്ക് വയസ്സ് രണ്ടാ.
പിന്നെ കേൾക്കുന്നത് അവൾ ഒളിച്ചോടിയെന്നാ.അന്ന് പടിയിറങ്ങി പോയ അവളെ ഞാൻ പിന്നെ കണ്ടിട്ടില്ല.
അവൾ സ്നേഹിച്ച പുരുഷനൊപ്പമാ ഇറങ്ങിപ്പോയത്.എങ്ങനെയോ തറവാട്ടിലെ കാര്യങ്ങൾ അറിഞ്ഞു കാണണം.സാഹചര്യം വന്നപ്പൊ ഒപ്പം കൂട്ടി.അവൾ പോയശേഷം കൊണ്ട് പിടിച്ച അന്വേഷണമായിരുന്നു.കുറെ തപ്പി,കിട്ടിയില്ല.കുറെ കഴിഞ്ഞു ആരും അതേപ്പറ്റി തിരക്കലോ സംസാരമോ ഉണ്ടായിരുന്നില്ല.അവർ എവിടെയെങ്കിലും കഴിയട്ടെ എന്ന് ഞാനും കരുതി.
പിന്നെയെങ്ങനെ അവരുടെ മരണം ഒക്കെ……
നിന്റെ അച്ഛൻ എല്ലാ പിറന്നാളിനും ഗുരുവായൂര് പോക്ക് പതിവുണ്ടല്ലോ.
അങ്ങനെയൊരു പോക്കിലാ ശംഭു കൈ നീട്ടുന്നത്.ഇന്നീക്കാണുന്ന കോലമൊന്നുമല്ല,വെറും എല്ലും തോലും.നല്ല ക്ഷീണമുണ്ട് മുഖത്ത്.
പിറന്നാളായിട്ട് കൈനീട്ടിയത് അല്ലെ,
മാഷ് ഒരഞ്ചുരൂപ അവന് കൊടുത്തു.
കിട്ടിയതും അവൻ ഓടി,അടുത്ത പെട്ടിക്കടയിൽ തൂക്കിയിട്ട ബണ്ണു വാങ്ങി ആർത്തിയോടെ തിന്നുന്നു.
വിശന്നു പൊരിഞ്ഞിരിക്കും അവന്.
മാഷ് പിറകെ ചെന്നു.അതുവരെ കാണാത്ത മാഷിന്റെ മറ്റൊരു മുഖം.
അവനെയും കൂട്ടി ഒരു ഹോട്ടലിൽ കയറി ഭക്ഷണം വാങ്ങിക്കൊടുത്തു.
പോരുമ്പോൾ ഒപ്പം കൂട്ടി.അന്ന് തൊട്ട് അവൻ ഇവിടെയാ.പതിമൂന്ന് കൊല്ലം കഴിഞ്ഞു.അന്നവൻ വന്നുകേറുമ്പോ കയ്യിലൊരു സഞ്ചിയുണ്ട്,അതിൽ കുറച്ചു കീറത്തുണികളും.മാഷവനെ കളപ്പുരയിലാക്കി,ഇവിടെ സ്കൂളിൽ ചേർത്തു.