“സർ സത്യമാണോ ഈ പറയുന്നത്.?” അയാളുടെ ആകാംക്ഷ പിന്നെയും വർദ്ധിച്ചു.
“അതെ. അവൾ ഇപ്പോഴും കുഴപ്പമൊന്നും കൂടാതെ ജീവിച്ചിരിപ്പുണ്ട്.”
“അതെങ്ങനെ മനസ്സിലായി സാർ.”
“അത് ആദ്യമായി മനസ്സിലാക്കിയത് ഞാൻ ആയിരുന്നില്ല. എന്റെ സഹപ്രവർത്തകനായിരുന്ന നന്ദൻ മേനോനായിരുന്നു. അത് മനസ്സിലാക്കിയത് കൊണ്ട് അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞു.”
“എന്നാണ് സർ ഈ സംഭവം.” നന്ദൻ മേനോന്റെ മരണവാർത്ത അറിഞ്ഞിട്ടില്ലായിരുന്നതിനാൽ ചെറിയൊരു വിഷമത്തോടെ അയാൾ ചോദിച്ചു.
“ഇന്നലെ..” തുടർന്ന് അരുൺ നന്ദൻ മേനോൻ മരണവും അതിന് ഹേതുവായ വോയിസ് റെക്കോർഡിലെ ഉള്ളടക്കത്തെ കുറിച്ചും അയാളോട് വിശദീകരിച്ചു.
“നിങ്ങൾ ഈ പറയുന്നത് എനിക്ക് വിശ്വസിക്കാമോ.?” എല്ലാം കേട്ടു കഴിഞ്ഞ ശേഷം അവിശ്വസനീയതയോടെ പ്രേമചന്ദ്രൻ ചോദിച്ചു.
“നൂറ് ശതമാനം വിശ്വസിക്കാം.”
“അപ്പോൾ പന്ത്രണ്ടാം തീയതി ആണല്ലേ എന്റെ മോളെ കാണാൻ അവരുടെ ബോസ് വരുന്നത്.?”
“അതെ.”
“സർ. പ്ലീസ് ഡൂ സംതിങ്. എന്റെ മോളെ എങ്ങനെയെങ്കിലും രക്ഷിക്കണം. അതിന് പകരമായി നിങ്ങൾക്ക് ഞാൻ എന്തു വേണമെങ്കിലും തരാം.” അയാൾ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.
“അപ്പോൾ ഞാൻ ഈ കേസ് ഒഴിവാക്കേണ്ട.?” ഒരു കള്ളച്ചിരിയോടെ അരുൺ ചോദിച്ചു.
“വേണ്ട സാർ, ഇപ്പോൾ നിങ്ങളെ എനിക്ക് വിശ്വാസമാണ്. മുമ്പ് നിങ്ങളെ വേദനിപ്പിച്ചതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്.”
“ഓക്കേ എങ്കിൽ പിന്നെ നമുക്ക് ഒരു ചായ ഒക്കെ ആവാം. അല്ലേ.?”
“ഷുവർ സർ. എന്റെ മനസ്സിൽ നിങ്ങളോട് ഉണ്ടായിരുന്നോ തെറ്റിദ്ധാരണ കാരണമാണ് ഇത്രയും നേരം നിങ്ങളോട് ഞാൻ ആഥിത്യ മര്യാദ പോലും കാണിക്കാതിരുന്നത്. ഞാൻ തന്നെ ചായ കൊണ്ടു വരാം.” അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
“ഭാര്യ ഇവിടെ ഇല്ലേ.?”
“ഇല്ല. അവൾ അവളുടെ വീട്ടിൽ പോയതാണ്.”
“ഒക്കെ എങ്കിൽ മൂന്ന് ക്ലാസ്സ് ചായ ഉണ്ടായിക്കോട്ടെ.”
“നമ്മൾ രണ്ടു പേരല്ലേ ഉള്ളൂ.” സംശയത്തോടെ അയാൾ ചോദിച്ചു.
“ഒരാൾ കൂടി വരാനുണ്ട്.” അരുൺ മറുപടി നൽകി.
പ്രേമചന്ദ്രൻ ഹാളിൽ നിന്നും കിച്ചണിലേക്ക് നടക്കുന്നത് നോക്കി അരുൺ കസേരയിലേക്ക് ചാരിയിരുന്നു.
കോളിംഗ് ബെൽ ശബ്ദിക്കുന്നത് കേട്ടതിനു ശേഷമാണ് അരുൺ ആയിരത്തിൽ നിന്നും പിന്നെ എഴുന്നേറ്റത്. കോളിംഗ് ബെൽ അടിച്ചത് സിഗരറ്റ് വാങ്ങി വരുന്ന അലി ആവാം എന്നൊരു ഊഹം അരുൺ ഉണ്ടായിരുന്നു.