പ്രേമചന്ദ്രൻ പോക്കറ്റിൽ നിന്നും ഫോണെടുത്തു എസ് ഐ സത്യനാഥന്റെ നമ്പർ ഡയൽ ചെയ്തു.
“ഹലോ സർ, പ്രേമചന്ദ്രനാണ്.” അപ്പുറത്ത് ഫോണെടുത്ത ഉടൻ ആവേശത്തോടെ ഫോണിലെ ലൗഡ്സ്പീക്കർ ഓൺ ആക്കി കൊണ്ട് അയാൾ പരിചയപ്പെടുത്തി.
“ഏത് പ്രേമചന്ദ്രൻ.?” അജ്ഞതയോടെ സത്യനാഥൻ ചോദിച്ചു.
“സർ കഴിഞ്ഞ ഞായറാഴ്ച കത്തിക്കരിഞ്ഞ രീതിയിൽ ഒരു ബോഡി കണ്ടെത്തിയിരുന്നില്ലേ.? രശ്മി ചന്ദ്രന്റെ.? ആ കുട്ടിയുടെ അച്ഛനാണ് ഞാൻ.” തെല്ല് വിഷമത്തോടെയാണെങ്കിലും അയാൾ പരിചയപ്പെടുത്തി.
“ഓഹോ.. നിങ്ങളോ.? എന്താ കാര്യം.?” അത്ര താല്പര്യം ഇല്ലാത്ത പോലെ അയാൾ ചോദിച്ചു.
“അന്വേഷണം എന്തായി എന്നറിയാൻ വിളിച്ചതാണ് സാറേ.” പ്രേമചന്ദ്രൻ അല്പംകൂടി വിനയാന്വിതനായി.
“ഏത് അന്വേഷണം.?” പ്രേമചന്ദ്രൻ പറഞ്ഞത് മനസ്സിലാകാത്ത പോലെ അയാൾ ചോദിച്ചു.
“രശ്മിയുടെ ആത്മഹത്യയുടെ കാരണം അന്വേഷിച്ച് കണ്ടെത്തി തരാമെന്ന് അന്ന് സാർ പറഞ്ഞിരുന്നു. അന്വേഷണം എന്തായി സാറേ.?”
“അത് കുറച്ച് പതിയെ അന്വേഷിച്ചാൽ മതി എന്നാണ് സി ഐ സാർ പറഞ്ഞത്. മറ്റു ചില കേസുകളുടെ ചുമതലകൾ ഏൽപ്പിക്കുകയും ചെയ്തു.”
“സാർ അത് എത്രയും പെട്ടെന്ന് അന്വേഷിക്കാമെന്ന് പറഞ്ഞിരുന്നതല്ലേ.” പ്രേമചന്ദ്രനെ വാക്കുകളിൽ സങ്കടം നിഴലിച്ചിരുന്നു.
“അതെ ഞാൻ അന്വേഷിക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷേ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതിനുമുമ്പല്ലേ. അന്ന് രശ്മിയുടെ മരണം ഒരു കൊലപാതകം ആവാനുള്ള സാധ്യത ഉണ്ടായിരുന്നു. പക്ഷേ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ആത്മഹത്യ ആണെന്ന് മനസ്സിലായി.”
“ശരി സാർ.” പ്രേമചന്ദ്രൻ വിഷമത്തോടെ ആ കോൾ കട്ട് ചെയ്തു അരുണിനെ മുഖത്തേക്ക് നോക്കി.
“അയാൾ എന്തു പറഞ്ഞു.” ഫോൺ കട്ടാക്കി അതിനുശേഷം തന്റെ മുഖത്തേക്ക് നോക്കിയ പ്രേമചന്ദ്രൻ ഓട് അരുൺ ചോദിച്ചു.
“പറഞ്ഞതൊക്കെ നിങ്ങളും കേട്ടില്ലേ.?”
“ഇല്ല. ഞാൻ അത് ശ്രദ്ധിക്കാൻ നിന്നില്ല.”
“കേസന്വേഷണം എവിടെയും എത്തിയില്ല. അവർക്ക് ഇതിലും പെട്ടെന്ന് അന്വേഷിക്കേണ്ട മറ്റ് കേസുകൾ ഉണ്ട് പോലും.”
“അപ്പോൾ നിങ്ങൾക്ക് അറിയേണ്ടേ കഴിഞ്ഞ പത്ത് പന്ത്രണ്ട് ദിവസങ്ങൾ രശ്മി എവിടെയായിരുന്നു എന്ന്.?”
“അറിയണം. നിങ്ങൾക്കറിയാമോ അവൾ എവിടെയായിരുന്നു എന്ന്.”ആവേശത്തോടെ ആയിരുന്നു അയാളുടെ ചോദ്യം.
“അവൾ എവിടെയായിരുന്നു എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. പക്ഷേ അതിലും പ്രധാനപ്പെട്ട ഒരു കാര്യം എനിക്ക് മനസ്സിലായിട്ടുണ്ട്.”
“എന്താണ് സാർ ആ കാര്യം.” അയാൾ അത്യാകാംഷയോടെ ചോദിച്ചു.
“നമ്മളൊന്നും കരുതിയത് പോലെ രശ്മി മരണപ്പെട്ടിട്ടില്ല. അവളിപ്പോഴും നമ്മൾ പാർക്കുന്ന ഈ സിറ്റിയിൽ എവിടെയോ ജീവിച്ചിരിപ്പുണ്ട്.”