“ഓക്കേ സർ.” ചെറിയൊരു വിഷമത്തോടെ ആയിരുന്നു അലി അത് പറഞ്ഞത്. തൊട്ടടുത്തുള്ള കട തിരഞ്ഞ് റോഡിലേക്കിറങ്ങി.
അലി പോയതിനുശേഷം അരുൺ ബൊലേറോ ഗേറ്റിംഗ് അകത്തേക്ക് കയറ്റി മരത്തിന്റെ ഒരു സൈഡിൽ നിർത്തിയശേഷം അതിൽ നിന്നും ഇറങ്ങി. അവൻ പരിസരം ഒന്ന് വീക്ഷിച്ചു. സിറ്റൗട്ടിൽ ആരുമുണ്ടായിരുന്നില്ല. വാതിൽ ചാരി കിടക്കുകയായിരുന്നു.
അരുൺ കോളിംഗ് ബെല്ലിൽ വിരലമർത്തി.
വാതിൽ തുറന്നത് പ്രേമചന്ദ്രൻ തന്നെയായിരുന്നു.
“ഉം.. എന്താ.” പുറത്ത് അരുണിനെ കണ്ടപ്പോൾ ഗൗരവത്തോടെ അയാൾ ചോദിച്ചു.
“സർ, രശ്മിയുടെ കേസുമായി ബന്ധപ്പെട്ട ചില പ്രധാന വിവരങ്ങൾ നിങ്ങളുമായി ഷെയർ ചെയ്യാൻ ആണ് ഞാൻ ഇന്ന് വന്നത്.” അരുൺ വാക്കുകളിൽ വിനയം കലർത്തികൊണ്ട് പറഞ്ഞു.
“തന്നോട് ഞാൻ പറഞ്ഞതല്ലേ, ഇനി ആ കേസിന് പിന്നാലെ നടക്കണ്ട എന്ന്. അതിനി പോലീസ് അന്വേഷിച്ചോളും. എനിക്ക് നിന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.” നിർവികാരതയോടെ അയാൾ പറഞ്ഞു.
“സോറി സർ, എന്നിൽ നിന്ന് നിങ്ങൾക്ക് നഷ്ടമായ വിശ്വാസം തിരിച്ചുപിടിക്കാൻ അല്ല ഞാൻ വന്നത്.”
“പിന്നെ.?”
“എന്റെ ഇതുവരെയുള്ള അന്വേഷണങ്ങളിൽ നിന്ന് എനിക്ക് മനസ്സിലായ ചില കാര്യങ്ങൾ നിങ്ങളെ അറിയിക്കാനാണ്.”
“എന്നാൽ താൻ പറ.” അത്ര താല്പര്യം ഇല്ലാതെയാണ് അയാൾ അത് പറഞ്ഞത്.
“കഴിഞ്ഞ ഞായറാഴ്ചയാണ് നിങ്ങളുടെ മകൾ രശ്മിയുടെ ബോഡി കണ്ടെത്തിയത്. ശരിയല്ലേ.?”
“അതെ. എനിക്കും അറിവുള്ളതാണല്ലോ. നിങ്ങളല്ല അത് കണ്ടെത്തിയത് പോലീസ് ആയിരുന്നു, അതും ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു.”
“അവളെ കാണാതായ ദിവസം നിങ്ങൾ ഓർക്കുന്നുണ്ടോ.?”
“അതെനിക്ക് മറക്കാൻ കഴിയില്ലല്ലോ.? കഴിഞ്ഞ അതിനുമുമ്പത്തെ ചൊവ്വാഴ്ച അതായത് മുപ്പത്തിയൊന്നാം തീയതിയാണ്.”
”ഓക്കേ. അവളെ കാണാതായി എത്ര ദിവസത്തിനു ശേഷമാണ് അവളുടെ ബോഡി കിട്ടിയത്.?”
“പത്ത് പന്ത്രണ്ട് ദിവസം കഴിഞ്ഞു കാണും.”
“അതും ആത്മഹത്യ ചെയ്തിട്ട്. അല്ലേ.?”
“അതെ.”
“വീട്ടിൽനിന്ന് ഇറങ്ങിയതിനു ശേഷം ആത്മഹത്യ ചെയ്യാൻ രശ്മി എന്തിന് ഇത്രയും ദിവസങ്ങൾ കാത്തിരിക്കണം.?”
“അതെനിക്കറിയില്ല. അതൊക്കെ പോലീസ് അന്വേഷിക്കുന്നുണ്ട്.”
“എങ്കിൽ സാർ ഒന്ന് സ്റ്റേഷനിലേക്ക് വിളിച്ചു നോക്കണം. കേസന്വേഷണം എവിടെ വരെ എത്തി എന്ന് അറിയാമല്ലോ.?”
“അക്കാര്യത്തിൽ കേരള പോലീസ് നിന്നെക്കാളും ഒരുപാട് മുന്നിലാണെന്ന് എനിക്കറിയാം. എങ്കിലും തന്റെ വിശ്വാസത്തിനായി ഞാൻ ഇപ്പോൾ തന്നെ എസ് ഐ സത്യനാഥനെ വിളിച്ച് സംസാരിക്കാം.”