❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
രാത്രി പന്ത്രണ്ട് മണിയോടെ രാകേഷും കൂട്ടരും ഇരുപതോളം ബൈക്കുകളിലായി നന്ദൻ മേനോന്റെ ലോഡ്ജിന് മുമ്പിലെത്തിയത് എസ് ഐ സ്വാമിനാഥൻ കണ്ടു. എല്ലാ ആളുകളും ഉപയോഗിക്കുന്നത് ഒരു പോലെയുള്ള ബെെക്കുകൾ. അവരുടെ വസ്ത്രങ്ങളുടെ കളറും ഒരുപോലെ തന്നെ. അവർ മങ്കി ക്യാപ് ഉപയോഗിച്ച് മുഖം ഭാഗികമായി മറച്ചിരുന്നു.
അയാൾ നോക്കി നിൽകെ ആ ബൈക്കുകളിൽ നിന്നിറങ്ങിയ കുറച്ച് പേർ വലിയ ബാന്റ് നിലത്തിറക്കിവെച്ച് അതിലടിച്ച് ശബ്ദമുണ്ടാക്കാൻ തുടങ്ങി.
“എന്താ സാർ ഇത്.” പുറത്ത് നടക്കുന്ന സംഭവ വികാസങ്ങൾ കണ്ട് രാമൻ എസ് ഐ സ്വാമിനാഥനോട് ചോദിച്ചു.
“അറിയില്ല. നമുക്ക് നോക്കാം.” അയാൾ പതിഞ്ഞ സ്വരത്തിൽ മറുപടി നൽകി.
അപ്പോഴാണ് ബൈക്കിൽ നിന്നിറങ്ങിയ കുറച്ച് പേർ നന്ദൻ മേനോന്റെ കോട്ടേഴ്സിന് നേരെ പോകുന്നത് സ്വാമിനാഥൻ കണ്ടത്. തങ്ങൾ കാണുന്നതൊന്നും യാദൃശ്ചിക സംഭവമല്ല പ്ലാൻ ചെയ്തതാണെന്ന് അയാൾക്ക് മനസ്സിലായി.
വാതിൽ തകർക്കുന്നതിന്റെ ശബ്ദം കേൾക്കാതിരിക്കാനാണ് ബാന്റ് കൊട്ടുന്നതെന്നും അയാൾക്ക് മനസ്സിലായി. തങ്ങൾ രണ്ട് പേരെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന യാഥാർഥ്യം അയാൾ തിരിച്ചറിഞ്ഞു.
അയാൾ വേഗം പോലിസ് സ്റ്റേഷനിലെ നമ്പർ ഡയൽ ചെയ്തു. അൽപസമയത്തിനകം തന്നെ കോൾ എടുക്കപ്പെട്ടു. “ഹലോ പോലീസ് സ്റ്റേഷൻ.”
“എസ് ഐ സ്വാമിനാഥനാണ്. ഞാൻ ഇപ്പോൾ നന്ദൻ മേനോൻ മരണപ്പെട്ട ലോഡ്ജിലാണുള്ളത്. എത്രയും പെട്ടന്ന് രണ്ട് വണ്ടി പോലീസുകാരെ ഇവിടേക്കയക്കണം.”
“എന്താ സാർ പ്രശ്നം.?”
“ഈ ലോഡ്ജ് ആക്രമിക്കാനായി ഒരു കൂട്ടം ആളുകൾ എത്തിയിട്ടുണ്ട്. അവരിപ്പോൾ നന്ദൻ മേനോൻ താമസിച്ചിരുന്ന ലോഡ്ജിന്റെ വാതിൽ തകർക്കാനുള്ള ശ്രമത്തിലാണ്.” അയാൾ സംഭവങ്ങൾ വീക്ഷിച്ചു കൊണ്ട് പറഞ്ഞു.
“സാർ ഇപ്പോൾ സ്റ്റേഷനിൽ ജീപ്പൊന്നുമില്ല ഒന്ന് സാർ കൊണ്ട് പോയതാണ് മറ്റ് മൂന്നെണ്ണം നൈറ്റ് പട്രോളിങ്ങിനും.”
“എങ്കിൽ നൈറ്റ് പട്രോളിങ്ങിന് പോയവരോട് എത്രയും പെട്ടന്ന് ഇവിടേക്കെത്താൻ പറയൂ.”