“രാകേഷ് എല്ലാം റെഡിയല്ലേ.?” ചോദ്യം സൂര്യന്റെ വകയായിരുന്നു. ഏൽപ്പിച്ച കാര്യങ്ങളെല്ലാം ചെയ്ത ശേഷം സൂര്യനെ കാണാൻ വന്നതായിരുന്നു രാകേഷ്.
“ഏറെക്കുറേ നമുക്ക് ഇരുപത്തിയെട്ട് ബൈക്കുകൾ ആണ് കിട്ടിയിട്ടുളളത്.”
“മതി തൽകാലം അത് മതി. ഓരോ വണ്ടിയിലും രണ്ട് പേർ വീതം കയറണം. എന്നാലേ എണ്ണം കൊണ്ട് അവനെ ഭയപ്പെടുത്താൻ സാധിക്കൂ.”
“ഓക്കെ ഏട്ടാ. ഞങ്ങൾ ഇപ്പോൾ തന്നെ ഇറങ്ങുകയാണ്. അവരെല്ലാം വഴിയിൽവെച്ച് ജോയിൻ ചെയ്യാം എന്നാണ് പറഞ്ഞത്.”
“അത് നന്നായി. മടങ്ങി പോരുന്ന വഴി അവരോട് അങ്ങനെ തന്നെ തിരിച്ച് വീട്ടിലേക്ക് പോകാൻ പറഞ്ഞോളൂ.”
“അത് ഞാൻ പറയാമേട്ടാ. അല്ല ഏട്ടൻ വരുന്നില്ലേ.?”
“ഇല്ലെടാ അവിടേക്ക് എന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നിങ്ങൾ പോയി അതെടുത്തിട്ട് വാ. അഥവാ അതവിടെ ഇല്ലെങ്കിൽ നേരെ അരുണിന്റെ വീട്ടിലേക്ക്. അവിടേക്ക് ഞാനും വരാം. വിളിച്ചാൽ മതി.”
“ശരി ഏട്ടാ. എന്നാൽ ഞാനിറങ്ങുന്നു.” ബൈക്ക് സ്റ്റാർട്ട് ചെയ്ത് കൊണ്ട് രാകേഷ് പറഞ്ഞു.
“സാധനം കയ്യിൽ കിട്ടിയില്ലെങ്കിൽ വിളിക്ക്.”
“ഓകെ. ഞാൻ വിളിക്കാം.” അവൻ ബൈക്ക് മുമ്പോട്ടെടുത്ത് കൊണ്ട് പറഞ്ഞു.
സൂര്യന്റെ വീടിന്റെ മുറ്റത്ത് നിന്നും രാകേഷിന്റെ ബൈക്ക് റോഡിലേക്കിറങ്ങി. അവിടെ നിർത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകൾ കൂടി സ്റ്റാർട്ടായി. ഒരു റാലി പോലെ അവ നന്ദൻ മേനോൻ താമസിച്ചിരുന്ന ലോഡ്ജ് ലക്ഷ്യം വെച്ച് കുതിച്ചു.
ഓരോ വഴി പിന്നിടുമ്പോഴും കൂടെയുള്ള ബൈക്കുകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരുന്നു. ഒരു ആഘോഷ തിമർപ്പിലെന്ന പോലെ ചൂളം വിളിച്ചും മറ്റ് ശബ്ദങ്ങളുണ്ടാക്കിയും അവ മുന്നിലേക്ക് കുതിച്ചു.
രാകേഷ് നന്ദൻ മേനോൻ താമസിച്ചിരുന്ന ലോഡ്ജിനു സമീപം എത്തിയപ്പോൾ അയാളോടൊപ്പം ഇരുപത്തിയെട്ട് ബൈക്കുകളും ഉണ്ടായിരുന്നു. അതിൽ കുറച്ച് പേർ റോഡിൽ ഇറങ്ങി ബാന്റ് അടിക്കാനും ഉച്ചത്തിൽ ശബ്ദമുണ്ടാക്കി തുള്ളിക്കളിക്കാനും തുടങ്ങി.
രാകേഷും നാലഞ്ച് പേരും ബൈക്കിൽ നിന്നിറങ്ങി നന്ദൻ മേനോന്റെ മുറി ലക്ഷ്യമാക്കി നടന്നു. വാതിൽ ചവിട്ടിത്തുറന്ന് അവർ അകത്ത് കയറി. അവർ തങ്ങളുടെ കയ്യിൽ കരുതിയിരുന്ന ടോർച്ചുകൾ പ്രകാശിപ്പിച്ച് തിരച്ചിലാരംഭിച്ചു.
ഹാളിനുള്ളിലെ തറയിൽ കിടന്നിരുന്ന ആ വോയ്സ് റെക്കോർഡർ കണ്ടെത്താൻ വലിയ തിരച്ചിലിന്റെ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല.
“ടാ സാധനം കിട്ടി ഇനി എത്രയും പെട്ടന്ന് മടങ്ങണം.” രാകേഷ് കൂടെ വന്നവരോടായി പറഞ്ഞു. രാകേഷ് ആ വോയ്സ് റെക്കോർഡർ കീശയിലിട്ടു.
അവർ ആറുപേരും കൂടി പുറത്തേക്കിറങ്ങി. അവർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിൽ കയറിയപ്പോൾ അവിടെ ബാന്റ് മുഴക്കിക്കൊണ്ടിരുന്നവരും അത് നിർത്തി ബൈക്കുകളിൽ കയറി. അവരത് സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു.