ഡിറ്റക്ടീവ് അരുൺ 11 [Yaser]

Posted by

അവൻ വാതിലിനടുത്തേയ്ക്ക് നടക്കാൻ തുടങ്ങുന്നത് തന്നെ അടുക്കളയിൽ നിന്ന് ധൃതിയിൽ പ്രേമചന്ദ്രനും വരുന്നുണ്ടായിരുന്നു. കോളിംഗ് ബെൽ ശബ്ദം കേട്ട് വാതിൽ തുറക്കാൻ ആയിരുന്നു അയാൾ ധൃതിയിൽ വന്നത്.

“നിങ്ങൾ അവിടെ ഇരുന്നോളൂ. വാതിൽ ഞാൻ തുറന്നു വിടാം.” വാതിൽ തുറക്കാനായി പോകുന്ന അരുണിനോടായി അയാൾ പറഞ്ഞു.

“എന്റെ കൂടെ ഒരാൾ കൂടി വരാനുണ്ട്. അവൻ ആണോ എന്ന് നോക്കാനാണ് ഞാൻ വന്നത്.” അരുൺ തിരിഞ്ഞു നിന്നുകൊണ്ട് പ്രേമചന്ദ്രന് മറുപടി നൽകി.

“ഓക്കേ.” പ്രേമചന്ദ്രൻ വാതിലിന് സമീപിച്ചു കൊണ്ട് പറഞ്ഞു ശേഷം അയാൾ വാതിലിൻ ടവർ ബോൾട്ട് നീക്കി വാതിൽ തുറന്നു. നോക്കിയപ്പോൾ പുറത്ത് ഒരു പയ്യൻ നിൽക്കുന്നുണ്ട്.

“നീ ഏതാടാ.” ആ പയ്യനെ മനസ്സിലാവാത്തത് കൊണ്ട് പ്രേമചന്ദ്രൻ അവനോടായി ചോദിച്ചു.

“ഇതാണ് സർ ഞാൻ വരാൻ ഉണ്ടെന്നു പറഞ്ഞയാൾ.” അരുൺ പ്രേമചന്ദ്രന്റെ പിറകിൽ നിന്നു കൊണ്ട് അയാൾക്ക് മറുപടി നൽകി.

“നീ ഒരാൾ വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഇത്രയും ചെറിയ ഒരു പയ്യനെ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.” അയാൾ പുഞ്ചിരിയോടെ മറുപടി നൽകി.

“സോറി സാർ. ഇവൻ എന്റെ ഒരു ബന്ധുവാണ്. ഞാനവനെ ഒരു പാക്കറ്റ് ഫിൽറ്റർ വാങ്ങാൻ പറഞ്ഞയച്ചതായിരുന്നു.”

“ഓക്കെ എങ്കിൽ ഞാൻ അടുക്കളയിലേക്ക് പോകട്ടെ. ചായക്കായി പാൽ അടുപ്പത്ത് വെച്ചിരിക്കുകയാണ്.” പ്രേമചന്ദ്രൻ അടുക്കളയുടെ നേർക്ക് നടന്നു കൊണ്ട് പറഞ്ഞു.

“അലി കയറി വാ.” പ്രേമചന്ദ്രൻ പോയതിനുശേഷം അരുൺ അലിയെ അകത്തേക്ക് ക്ഷണിച്ചു.

“സർ എനിക്കൊരു കാര്യം പറയാനുണ്ട്.” സിറ്റൗട്ടിലേക്ക് കയറി കൊണ്ട് അലി പറഞ്ഞു.

“അത് പോകുമ്പോൾ പറഞ്ഞാൽ പോരേ.” അരുണിന്റെ ചോദ്യത്തിൽ സംശയത്തിന്റെ മുന ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.

“അതു പോര സാർ. അർജന്റാണ്.”

“എങ്കിൽ നീ കാര്യം പറ.” അരുൺ സിറ്റൗട്ടിലെ കസേരയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

“സർ എന്നെ കടയിലേക്ക് പറഞ്ഞയക്കുമ്പോൾ സാർ എന്താ പറഞ്ഞിരുന്നത് എന്ന് ഓർമ്മയുണ്ടോ.”

“ഉവ്വ്. ഒരു പാക്കറ്റ് ഫിൽറ്റർ വാങ്ങാൻ പറഞ്ഞു.” അരുൺ ആ സംഭവങ്ങൾ ഓർത്തുകൊണ്ട് പറഞ്ഞു.

“അതല്ല സാർ. എന്താ ഇപ്പോ സിഗരറ്റ് വലിക്കാൻ ഒരു തോന്നൽ എന്ന എന്റെ ചോദ്യത്തിന് സാർ എന്താണ് മറുപടി പറഞ്ഞത് എന്ന് ഓർമ്മയുണ്ടോ.”

“ഉണ്ട്. നീ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി. കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട. എന്നല്ലേ ഞാൻ പറഞ്ഞത്.” അരുൺ സംശയത്തോടെ ചോദിച്ചു.

“അതെ. അതുകേട്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടം വന്നു.”

“സോറി അലി. ഞാൻ ആ സമയത്ത് നിന്റെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിക്കാൻ മറന്നുപോയി.”

“പക്ഷേ ആ സങ്കടം കുറച്ചുനേരത്തേക്ക് ഉണ്ടായിരുന്നുള്ളൂ സാർ.”

“അതെന്താ.?”

Leave a Reply

Your email address will not be published. Required fields are marked *