“കുറച്ചൊക്കെ അറിയാം സാർ.”
“ഓകെ. എങ്കിൽ ഞാൻ പോയി ഭക്ഷണം വാങ്ങിയിട്ട് വരാം. വോയ്സ് റെക്കോർടുകൾ കേൾക്കുമ്പോൾ ഹെഡ് ഫോൺ ഉപയോഗിച്ചാൽ ഒന്നുകൂടി ക്ലിയർ ഉണ്ടാവും.”
“ശരിസാർ ഒരു സംശയം ചോദിക്കട്ടെ. സാറെന്തിനാ ഇപ്പോൾ തന്നെ ഭക്ഷണം കഴിക്കാൻ പോകുന്നത്.
“ഇപ്പോൾ തന്നെ എട്ട് മണി കഴിഞ്ഞില്ലേ പോയി വരുമ്പോഴേക്കും ഒമ്പത് മണിയൊക്കെ ആവും.”
അലി അതേ എന്ന അർത്ഥത്തിൽ ശിരസ് ചലിപ്പിച്ചു.
“എന്നാൽ ഞാൻ പോയിട്ടു വരാം.” അരുൺ സിറ്റൗട്ടിനു നേരെ നടന്നു കൊണ്ട് അലിയോട് യാത്ര പറഞ്ഞു.
അരുൺ വാതിൽ തുറന്ന് പുറത്തിറങ്ങി എന്നിട്ട് വാതിൽ പഴയത് പോലെ തന്നെ പുറത്ത് നിന്ന് പൂട്ടി.
സിറ്റൗട്ടിൽ നിന്നിറങ്ങിയ അരുൺ നേരെ പോർച്ചിലേക്കാണ് നടന്നത്. അവിടെ നിർത്തിയിട്ടിരുന്ന ബൊലേറോയിൽ കയറി, അത് സ്റ്റാർട്ട് ചെയ്തവൻ മുമ്പോട്ടെടുത്തു.
പ്രശസ്തമായ ഒരു ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിനു മുന്നിലാണ് ആ യാത്ര അവസാനിച്ചത്. അവൻ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം തന്നെ ഓർഡർ ചെയ്തു. പിന്നീട് കാത്തിരിപ്പിന്റെ നിമിഷങ്ങളായിരുന്നു.
അര മണിക്കൂർ സമയത്തെ കാത്തിരിപ്പിനൊടുവിൽ ഭക്ഷണം എത്തി. അവൻ അതുമായി വീട്ടിലേക്ക് മടങ്ങി.
ഹോട്ടലിൽ നിന്ന് പാർസലായി വാങ്ങിയ ഭക്ഷണവുമായി അരുൺ വീട്ടിലെത്തി. അവൻ വാതിൽ തുറന്ന് അകത്ത് കയറി. അപ്പോഴും അലി ലാപ് ടോപ്പിനു മുന്നിൽ തന്നെ ആയിരുന്നു.
ഹെഡ് ഫോൺ വെച്ച് വോയ്സുകൾ കേട്ട് കൊണ്ടിരിക്കുകയായിരുന്ന അലി അരുൺ വന്നതറിഞ്ഞില്ല. ഓരോ ദിവസത്തെയും അന്വേഷണ റിപ്പോർട്ടുകൾ ക്രമമായി വേറെ വേറെ ഫോൾഡറുകളായിട്ടായിരുന്നു അരുൺ സേവ് ചെയ്തത്.
തൊട്ട് പിന്നിൽ അരുൺ എത്തിയത് അറിഞ്ഞപ്പോൾ അലി ഹെഡ്സെറ്റ് ഊരിവെച്ച് അരുണിന് നേരെ തിരിഞ്ഞു. അരുൺ ലാപ് ടോപ്പിന്റെ സ്ക്രീനിലേക്ക് നോക്കിയപ്പോൾ തനിക്ക് ലഭിച്ച ഭീഷണിക്കത്തുകളിലൊന്നിന്റെ ചിത്രമായിരുന്നു കണ്ടത്.
“കഴിഞ്ഞോ.?” ഭക്ഷണപ്പൊതി മേശപ്പുറത്ത് വെച്ച് കൊണ്ട് അരുൺ അലിയോടായി ചോദിച്ചു.
“ഇല്ല സാർ. നാല് ദിവസത്തെ റിപ്പോർട്ടുകൾ ഒന്ന് നോക്കി ഇനി നാല് ദിവസത്തേത് കൂടിയുണ്ട്.”
“എങ്കിൽ നീ അത് കണ്ടിന്യൂ ചെയ്തോളൂ.”
“ഇല്ല ഇനി കുറച്ച് കഴിഞ്ഞ് നോക്കാം.”
“ഞാൻ വന്നത് കൊണ്ടാണോ.?”