മണിക്കൂറുകൾ നീണ്ട അധ്വാനത്തിന് ശേഷം അവന് തരക്കേടില്ലാത്തൊരു ചിത്രം വരച്ചെടുക്കാൻ പറ്റി. പേന കൊണ്ട് തന്നെ ഷേയ്ഡ് ചെയ്ത് നിറം പകർന്നപ്പോൾ അതൊന്നുകൂടി മിഴിവുറ്റതായി അവന് അനുഭവപ്പെട്ടു.
ആ ചിത്രത്തിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നപ്പോഴാണ് കോളിങ് ബെൽ അടിച്ച ശബ്ദം കേട്ടത്. കൂടെ വാതിലിന്റെ ലോക്ക് തുറക്കുന്ന ശബ്ദവും കേട്ടു. അരുണാണ് വന്നതെന്ന് അവന് മനസ്സിലായി. അവൻ വരച്ച പേപ്പർ വേഗം തന്നെ മേശവലിപ്പിലേക്ക് വെച്ച് ഡൈനിങ് ഹാളിലേക്കെത്തി.
“കാത്തിരുന്ന് ബോറടിച്ചല്ലേ.?” വാതിൽ തുറന്ന് അകത്തേക്ക് കയറിയ അരുൺ ചെറുചിരിയോടെ അലിയോട് ചോദിച്ചു.
“അങ്ങനെയൊന്നുമില്ല സാർ.”
“ഓകെ. കുറച്ച് കഴിഞ്ഞ് നമുക്ക് ഇന്നത്തെ ഭക്ഷണം പുറത്ത് നിന്ന് വാങ്ങാം. സാധാരണയായി ഉണ്ടാക്കാറാണ് പതിവ്.”
“ശരിസാർ.”
“പിന്നെ നാളെ നമുക്ക് പ്രേമചന്ദ്രനെ ഒന്ന് കാണാൻ പോവണം. അയാളോടൽപം സംസാരിക്കുന്നുണ്ട്.” ആലോചനയോടെ അരുൺ പറഞ്ഞു.
“ആരാണ് സാർ പ്രേമചന്ദ്രൻ.” രശ്മിയുടെ കേസിനെ കുറിച്ച് അറിവില്ലാതിരുന്ന അലി ചോദിച്ചു.
“ഓഹ്. നിന്നോട് പറയാൻ മറന്നു. പ്രേമ ചന്ദ്രന്റെ മകൾ രശ്മിയെ കാണാതായ കേസാണ് ഞങ്ങൾ അന്വേഷിക്കുന്നത്. ആ അന്വേഷണം മുടക്കാനാണ് ഇന്നലെ അവർ നന്ദേട്ടനെ കൊലപ്പെടുത്തിയത്.” അരുൺ വിശദീകരിച്ചു.
“ആ കേസിന്റെ നിങ്ങളുടെ അന്വേഷണ റിപ്പോർട്ട് എനിക്കും ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്. അറിയാനുള്ള ക്യൂരിയോസിറ്റി കൊണ്ടാണ് ട്ടോ.”
“അതിനെന്താ. ഞാൻ തരാം. പൂർണമായ അന്വേഷണ റിപ്പോർട്ട് ലാപ് ടോപ്പിലാണുള്ളത്. വോയ്സ് റെക്കോർടുകളും ഭീഷണി കത്തുകളുടെ ഫോട്ടോകളും രശ്മിയുമായി ബന്ധപ്പെട്ടവരുടെ ഫോട്ടോകളുമെല്ലാം അതിലാണുള്ളത്. ഭക്ഷണം വാങ്ങാൻ പോകുമ്പോൾ ഓഫീസിൽ നിന്ന് ലാപ്ടോപ്പും ഞാനെടുക്കാം.”
“അതിന് ലാപ്ടോപ്പ് സാറിന്റെ മുറിയില്ലേ.? നേരത്തെ വോയ്സ് റെക്കോർഡറിലെ വോയ്സ് കേട്ട ശേഷം ലാപ്ടോപ്പ് റൂമിൽ വെച്ച് പൂട്ടിയിട്ടല്ലേ സാർ പോയത്.”
“ഓഹ് ഞാനത് മറന്നു. ലാപ്ടോപ്പ് ഓഫിസിലാണെന്ന ഓർമ്മയിലായിരുന്നു ഞാനിപ്പോഴും. ഞാൻ അതിപ്പോൾ തന്നെ എടുത്ത് തരാം.”
“താങ്ക്സ്.”
“നന്ദി ഞാൻ നിന്നോടല്ലേ അലി പറയേണ്ടത്.” ചെറു ചിരിയോടെ അരുൺ ചോദിച്ചു.
അലി അതിന് പ്രത്യേഗിച്ച് മറുപടിയൊന്നും കൊടുത്തില്ല.
അരുൺ തന്റെ റൂം തുറന്ന് അകത്ത് കയറി. ഏതാനും നിമിഷങ്ങൾക്ക് ശേഷം അവൻ ലാപ് ടോപ്പുമായാണ് പുറത്തിറങ്ങിയത്. അതവൻ അലിക്ക് കൈമാറി
“അലി… ക്രൈം നമ്പർ വൺ രശ്മി [crime No:1 Rasmi ] എന്ന ഫോൾഡറിൽ ഉണ്ട് നിനക്ക് വേണ്ട വിവരങ്ങൾ. തുറക്കാൻ അറിയില്ലേ.?”