“ഇതിൽ പറയുന്ന ലാപ്ടോപ്പും വോയ്സ് റെക്കോർഡറും നിങ്ങൾക്ക് കിട്ടിയോ.?”
“കിട്ടി സാർ.” തുടർന്ന് രാത്രി വിപിനിന്റെ കാൾ വന്നതും, കോഴിക്കോടെക്ക് മറപ്പെട്ടതും, നന്ദന്റെ മുറിയിൽ നിന്ന് ലാപ് ടോപ്പെടുത്തും, വിപിനിനെ ആശുപത്രിയിലെത്തിച്ചതും, രാവിലെ ഭീഷണിക്കത്ത് ലഭിച്ചതും തുടർന്ന് നന്ദനും മുറിയിൽ നിന്ന് വോയ്സ് റെക്കോർഡർ എടുത്തതുമെല്ലാം ചുരുങ്ങിയ വാക്കുകളിൽ അവൻ വിവരിച്ചു.
“എന്നിട്ട് ആ വോയ്സ് റെക്കോർഡർ എവിടെ.?”
“അത് തിരിച്ച് ആ ലോഡ്ജിൽ തന്നെ എത്തിക്കാൻ വന്നപ്പോഴാണ് സാറിനെ കണ്ടത്.”
“തിരിച്ച് വെച്ചെന്നോ നിങ്ങൾ എന്ത് വിഡ്ഢിത്തമാണ് ചെയ്തത്. അതിലൂടെ ആ പ്രതികളെ കണ്ടെത്താൻ കഴിയുമായിരുന്നല്ലോ.?”
“കഴിയുമായിരുന്നു. പക്ഷേ ലാപ്ടോപ്പ് പരിശോദിച്ചപ്പോഴാണ് അതിൽ ഹാർഡ് ഡിസ്ക് ഇല്ലെന്ന് തിരിച്ചറിഞ്ഞത്. അതിനർത്ഥം നന്ദൻ ശത്രുക്കളെ കണ്ടെതിന് ശേഷം ഞാനവിടെ എത്തുന്നതിന് മുമ്പാണ് ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടത്. അതെടുത്തത് നന്ദന്റെ കൊലയാളികൾ തന്നെയാവും അങ്ങനെയാണെങ്കിൽ ലാപ് ടോപ്പിൽ റെക്കോർഡ് ചെയ്യാൻ കഴിയില്ല എന്നറിയുന്ന അവർ ഇന്ന് രാത്രി തന്നെആ വോയ്സ് റെക്കോർഡർ തിരഞ്ഞ് വരാൻ സാധ്യതയുണ്ട്. “
“അതേ അതവർ അന്വേഷിച്ചിരുന്നു.” കുറച്ച് നേരത്തെ സി ഐ ശേഖരൻ വിളിച്ച് നന്ദന്റെ മുറിയിൽ നിന്ന് കിട്ടിയ തെളിവുകളെ അന്വേഷിച്ചത് സ്മരിച്ചു കൊണ്ട് സ്വാമിനാഥൻ പറഞ്ഞു.
“സാറിനെ അവർ കോണ്ടാക്ട് ചെയ്തിരുന്നു അല്ലേ..”
അവരൊന്നും വിളിച്ചില്ല. സി ഐ ശേഖരൻ വിവരങ്ങൾ അന്വേഷിച്ച് വിളിച്ചിരുന്നു. ഒരു പക്ഷേ അത് നിങ്ങൾ പറഞ്ഞ ആളുകൾക്ക് വേണ്ടിയാവാം. ഞാനേതായാലും നന്ദന്റെ മരണം ഒരു കൊലപാതകമാണെന്ന് കാണിച്ച് ഒരു റിപ്പോർട്ട് കൊടുക്കാൻ പോവുകയാണ്. ഞങ്ങൾ നന്ദന്റെ കൊലപാതകിയെ കണ്ടെത്തിയാൽ നിങ്ങൾക്ക് രശ്മി കേസ് തെളിയിക്കലും എളുപ്പമാവും.
“അത് ശരിയാണ് സാർ. സാറിന്റെ കൂടെ അന്വേഷണത്തിൽ സഹകരിക്കാൻ എനിക്ക് സന്തോഷമേയുള്ളു.”
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
ആ സമയമത്രയും അലി അരുണിന്റെ വീട്ടിൽ ബോറടിച്ച് ഇരിക്കുകയായിരുന്നു. പല വിധ ചിന്തകൾ മനസ്സിലൂടെ കടന്ന് പോയപ്പോഴാണ് തന്റെ കൈ കാലുകൾ ബന്ധിച്ച ആളെ കുറിച്ച് അവന് ഓർമ്മ വന്നത്. വെറുതേയിരിക്കുന്ന ഈ സമയം ആ മുഖമെന്ന് വരക്കാൻ ശ്രമിച്ചാലോ എന്നവന് തോന്നി.
അവൻ മേശ തുറന്ന് പരതിയപ്പോൾ പേനയും കടലാസും കിട്ടി. അവൻ അതുമായി വരക്കാനിരുന്നു. പെൻസിൽ കൊണ്ട് വരച്ച് ശീലിച്ച അവന് പേന അത്ര എളുപ്പമൊന്നും വഴങ്ങിയില്ല.