എന്റെ നിലാപക്ഷി 7
Ente Nilapakshi Part 7 | Author : Ne-Na | Previous part
അനുപമ ജോലി നിർത്തി പോയതിനു ശേഷം ഇപ്പോൾ മുഴുവൻ ചുമതലകളും ജീനക്കാണ്. അവൾ അത് ഭംഗിയായി നിർവഹിക്കുന്നതും ഉണ്ട്.
ശ്രീഹരി കൊടുത്ത സബ്‌ജക്‌ട് തിരക്ക് പിടിച്ച് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തന്റെ മുന്നിൽ ഒരു നിഴലനക്കം അവൾ അറിഞ്ഞത്. ജീന തല ഉയർത്തി നോക്കി.
തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവൾ അത്ഭുതപ്പെട്ടു. അവളുടെ ചുണ്ടുകൾ പതുക്കെ മന്ത്രിച്ചു.
“‘അമ്മ..”
ശ്രീഹരിയുടെ ‘അമ്മ ആയിരുന്നു അവളുടെ നിന്നിൽ നിന്നിരുന്നത്.
അവൾ മുന്നിലിരുന്ന പേപ്പർ മാറ്റി വച്ച് അത്ഭുതം നിറഞ്ഞ മുഖത്ത് ഒരു ചിരിയോടെ എഴുന്നേറ്റു.
അവളുടെ മുഖഭാവം കണ്ടു അമ്മയുടെ മുഖത്തും ഒരു ചിരി പടർന്നു.
“‘അമ്മ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന്?”
അംബികാമ്മ അവളുടെ കൈയിൽ പിടിച്ച് തന്റെ മുന്നിലേക്ക് നിർത്തിക്കൊണ്ട് പറഞ്ഞു.
“മോളിവിടെ വന്നു എന്നറിഞ്ഞപ്പോൾ തൊട്ട് വിചാരിക്കുന്നത് വന്നോന്നു കാണണമെന്ന്. പക്ഷെ ദൂരെ യാത്രക്കൊന്നും വയ്യാത്തോണ്ട് വരൻ പറ്റില്ല.. ഇന്നിവിടെ അടുത്ത് ഒഴുവാക്കാൻ പറ്റാത്തൊരു കല്യാണം ഉണ്ടായിരുന്നു.. അവിടെ വന്നപ്പോൾ മോളെയും കൊണ്ടൊന്നു പോയേക്കാം എന്ന് വിചാരിച്ചു.”
തന്നെ കാണാനാണ് ഇവിടെ വന്നതെന്ന് അംബികാമ്മ പറഞ്ഞപ്പോൾ ജീനയുടെ മനസിന് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. തന്നോടൊരു സ്നേഹം ഉണ്ടായിട്ടാണല്ലോ അങ്ങനെ.
സന്തോഷം കൊണ്ട് ജീനയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു. അവൾ അമ്മയെ കെട്ടിപിടിച്ചു.
അപ്പോഴാണ് അവൾ അവിടുണ്ടായിരുന്ന സ്റ്റാഫുകൾ എല്ലാം എഴുന്നേറ്റു നിൽക്കുന്നത് കണ്ടത്. എല്ലാപേരുടെയും ശ്രദ്ധ അവരിലാണ്. എല്ലാപേരുടെയും നില്പിലും മുഖ ഭാവത്തിലും അമ്മയോടുള്ള ബഹുമാനം ഉണ്ട്. അതെ സമയം തങ്ങളെല്ലാം ഒരു ചെറു പേടിയോടും ബഹുമാനത്തോടെ മാത്രം കാണുന്ന അംബികാമ്മയെ അടുത്ത ആരോടെന്നപോലെ കെട്ടിപിടിച്ച് നിൽക്കുന്ന ജീനയെ കണ്ടിട്ടുള്ള ഒരു ചെറു അത്ഭുതവും അവരുടെ മുഖത്ത് ഉണ്ടായിരുന്നു.
എല്ലാപേരും ശ്രദ്ധിക്കുന്നത് കണ്ട് ജീന അമ്മയിൽ നിന്നും അകന്നു മാറി.
അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട് ‘അമ്മ ചോദിച്ചു.
“എന്താ മോളെ കണ്ണ് നിറഞ്ഞെ?”
അവൾ പെട്ടെന്ന് കണ്ണുകൾ തുടച്ചു മുഖത്ത് ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു.
“ഒന്നും ഇല്ലമ്മ..”
അംബികാമ്മ ഒരു ചെറു ചിരിയോടെ അവളുടെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു.
“അന്ന് വീട്ടിൽ വന്ന നിൽക്കുമ്പോഴാണ് മോളെ അവസാനമായി കാണുന്നത്.. അന്ന് കണ്ടതിൽ നിന്നും തടിച്ച് നല്ല മാറ്റമുണ്ട് മോൾക്ക്.”