ഇതിങ്ങനെ വിട്ടാൽ പറ്റില്ലെന്ന് വെച്ച് പിറ്റേന്ന് ഞാൻ രാവിലെ നേരത്തെ തന്നെ വീട്ടിൽ നിന്നിറങ്ങി. കോളേജിലോട്ട് പോകാതെ നേരെ മഞ്ജുവിന്റെ വീട്ടിലേക്കാണ് പോയത് . ഞാൻ എത്തുന്ന സമയത്തു അവൾ കോളേജിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു..ഷാൾ നേരെയിട്ടു ചുമരിൽ വലതുകൈ അള്ളിപിടിച്ചുകൊണ്ട് ചെരുപ്പ് ഇടുക ആയിരുന്നു ഞാൻ ചെല്ലുമ്പോൾ…
എന്റെ ബൈക്ക് വരുന്ന കാഴ്ച കണ്ടപ്പോൾ തന്നെ അവളുടെ മുഖ് ഭാവം മാറുന്നത് ഞാൻ സ്വല്പം അകലെ നിന്നെ ശ്രദ്ധിച്ചു. ചെരിപ്പിട്ടു അവൾ ഉമ്മറത്തെ കസേരയിൽ നിന്നും ബാഗ് ഇട്ട് വലതു തോളിലേക്കിട്ടു ചുറ്റും കണ്ണോടിച്ചു .
ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എണ്ണ ഭാവത്തിൽ..ഞാൻ ബൈക്കിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് നടന്നു…ഒരു മഞ്ഞയും കറുപ്പും മിക്സ് ആയിട്ടുള്ള ഫുൾ സ്ലീവ് ചുരിദാർ ആണ് വേഷം. ചുരിദാറിന്റെ കൈകൾ കറുപ്പാണ്..കൈമുട്ടിനു മീതെ ആയി മഞ്ഞ പൂക്കൾ തുന്നിപിടിപ്പിച്ചിട്ടുണ്ട്. കഴുത്തു മുതൽ ബോട്ടം വരെ ഷർട്ടിന്റെ ബട്ടൻസ് പോലെ വലിയ കുടുക്കുകൾ നിര നിരയായി നിശ്ചിത ഗ്യാപ്പിൽ ഉണ്ട്. കറുത്ത സ്കിൻ ഫിറ്റ് പാന്റ് . കറുപ്പും മഞ്ഞയും മിക്സ് ആയിട്ടുള്ള ഷോൾ . ! ഡ്രെസ്സിനു മാച്ചിങ് ആയിട്ടുള്ള മഞ്ഞ വാച് ഇടം കയ്യിൽ കെട്ടിയിട്ടുണ്ട്..നെറ്റിയിലൊരു കറുത്ത കുഞ്ഞു പൊട്ട് ഉണ്ട് . മുടി ഒകെ പുറകിലേക്ക് പനങ്കുല പോലെ വിടർത്തിയിട്ടു ക്ലിപ്പ് ഇട്ടു നിർത്തിയിട്ടുണ്ട് .ബാക്കി മെക്കെപ്പെല്ലാം പാകത്തിന് !
ഇവള് കിട്ടുന്ന കാശിനു മൊത്തം ഡ്രസ്സ് എടുക്കുവാനോ എന്നെനിക് തോന്നി. കാരണം ഓരോ ദിവസവും ഓരോ തരം ചുരിദാർ ആണ് .
മഞ്ജു വീടിന്റെ ഉമ്മറത്തുള്ള ചവിട്ടു പടിയിൽ തന്നെ നിന്നു എന്നെ ശാന്ത ഭാവത്തിൽ നോക്കി .
“താനെന്താ ഇവിടെ ?”
പിന്നെ ഒന്നുമറിയാത്ത ഭാവത്തിൽ പതിയെ തിരക്കി.
ഞാൻ ഒന്നും മിണ്ടിയില്ല..
“ചോദിച്ചത് കേട്ടില്ലേ..”
അവൾ വീണ്ടും ശബ്ദം ഉയർത്തി..
“അല്ല..ഞാനെന്താ ചെയ്തെ..എനിക്കിപ്പോ അറിയണം…”
ഞാൻ പെട്ടെന്ന് ഒച്ചവെച്ചുകൊണ്ട് ഉറക്കെ ചോദിച്ചപ്പോൾ മഞ്ജു ഒരു പേടിയോടെ ചുറ്റിനും നോക്കി.