“എടാ മോശം ആള്‍ക്കാരോട് സഹകരിച്ചാ നമ്മളും മോശക്കരാകും. മലത്തില്‍ വീണ പൂവിനു പിന്നെ വല്ല വെലേം ഒണ്ടോ? പഠിത്തത്തേക്കാളും ഡിഗ്രിയേക്കാളും ഒക്കെ വലുത് സ്വഭാവവാ” അച്ഛന്‍ ഉപദേശിച്ചു. ഇതൊക്കെ എനിക്കും അറിയാവുന്നതാണ്. പക്ഷെ അപ്പോള്‍ എന്റെ ഭാഷാദാഹം?
“എന്റെ ക്ലാസ്സീ മൊത്തം പിള്ളാരും ഇംഗ്ലീഷ് മീഡിയം സ്കൂളീ പഠിച്ചിട്ടു വന്നവരാ. അവരൊക്കെ ഇംഗ്ലീഷ് പറേന്നെ കേള്‍ക്കുമ്പം എനിക്ക് കൊതിയാ. അത് പഠിക്കാന്‍ ഇത്രേം നല്ല സൗകര്യം കിട്ടുമ്പം നമ്മളെന്തിനാ അച്ഛാ അവരടെ സ്വഭാവം നോക്കുന്നെ? അവരുടെ അറിവ് മാത്രമല്ലെ നമ്മള് നോക്കേണ്ടതുള്ളൂ? അങ്ങനാണേല്‍ എന്നെ പഠിപ്പിച്ച ഒരു സാറ് ഒരു പെണ്ണിന്റെ കൂടെ ഒളിച്ചോടിപ്പോയതോ?”
അച്ഛനെ നിരായുധീകരിക്കാന്‍ ഞാന്‍ പാശുപതാസ്ത്രം തന്നെ തൊടുത്തു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ പഠിക്കുന്ന കോളജില്‍ ആ സംഭവം അരങ്ങേറിയത്. ഡിഗ്രിക്ക് പഠിക്കുന്ന ഒരു ചരക്കിനെ വളച്ച് ഒരു ലെക്ച്ചറര്‍ നാടുവിട്ടു. അന്ന് പെണ്ണുമായി മുങ്ങിയ സാറിനെ വിമര്‍ശിച്ച കൂട്ടത്തില്‍ മുന്‍പന്തിയില്‍ ഞാനുണ്ടയിരുന്നെങ്കിലും ഇപ്പോള്‍, ആ ഒളിച്ചോട്ടം എനിക്ക് ഗുണകരമായി മാറുന്നത് ഞാന്‍ അറിയുകയായിരുന്നു.
അകലെയെവിടെയോ ആരംഭിച്ചിരുന്ന ഇടിമുഴക്കങ്ങളുടെ ശ്രേണി മെല്ലെ ഞങ്ങളെ സമീപിക്കുന്നുണ്ടായിരുന്നു. ഒപ്പം കാറ്റും വീശിയടിക്കാന്‍ തുടങ്ങിയിരിക്കുന്നു.
“ലോകം മോത്തമേ നശിച്ചു. അല്ലാതെന്താ. ഒരുകണക്കിന് നീ പറേന്നതും ശരിയാ. മോശക്കാരെ നോക്കി ജീവിക്കാന്‍ തൊടങ്ങിയാ നമ്മള്‍ എങ്ങോട്ട് പോം. നേരെചൊവ്വേ ജീവിക്കുന്ന ഒരുത്തനുമില്ല ഇന്ന്; ഒരുത്തനും” അച്ഛന്‍ തോര്‍ത്തെടുത്ത് കുടഞ്ഞിട്ട് പടിഞ്ഞാറോട്ട് നോക്കി.
“ഞാമ്പോവാനോ?” ഞാന്‍ ചോദിച്ചു.
അല്‍പനേരത്തേക്ക് അച്ഛന്‍ ഒന്നും പറഞ്ഞില്ല. മെല്ലെ മഴ പൊടിഞ്ഞു തുടങ്ങിയതോടെ അദ്ദേഹം വരാന്തയിലേക്ക് കയറി; ഒപ്പം ഞാനും.
“എടീ എവനെ ആ സുകുമാരന്റെ വീട്ടി പഠിക്കാന്‍ വിടണോ?” സ്റ്റീല്‍ മഗ്ഗിലും ടംബ്ലറിലുമായി ആവിപറക്കുന്ന ചായ കൊണ്ടുവന്ന അമ്മയോട് അച്ഛന്‍ ചോദിച്ചു.
“ആ എനിക്കറിയാവോ? നിങ്ങടിഷ്ടം പോലെ ചെയ്യ്”
അമ്മ ചായ നല്‍കിയശേഷം അഭിപ്രായപ്പെടാനുള്ള തന്റെ വൈമനസ്യം അറിയിച്ചിട്ട് ഉള്ളിലേക്ക് തിരികെ പോയി. അല്ലെങ്കിലും അമ്മയ്ക്ക് ഞങ്ങളുടെ പഠന കാര്യങ്ങളില്‍ ഒരിക്കലും അഭിപ്രായപ്രകടനമില്ല. വിദ്യാഭ്യാസം കുറവുള്ള താന്‍ അതിനുള്ള കഴിവില്ലത്തയാളാണ് എന്നതാണ് അതിന്റെ കാരണമായി അമ്മ പറയുന്നത്.
“ഒരു മാസത്തെ കാര്യവല്ലേ ഉള്ളൂ അച്ഛാ” അച്ഛന്റെ ഞാന്‍ വീണ്ടും പ്രേരിപ്പിച്ചു.
ചായയുമായി വരാന്തയിലേക്ക് ഇരുന്ന്‍ അച്ഛന്‍ അത് മെല്ലെ ഊതിക്കുടിക്കാന്‍ തുടങ്ങി. പുറത്ത് മഴ പെയ്യാന്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഞാന്‍ ചായ കുടിക്കാന്‍ സാധിക്കാതെ അച്ഛന്റെ മറുപടിക്കായി അക്ഷമയോടെ കാത്തുനില്‍ക്കുകയായിരുന്നു.