“ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വിടാവോ അച്ഛാ. മലയാളം മീഡിയത്തീ പഠിച്ചോണ്ട് എന്റെ ഇംഗ്ലീഷ് മോശവാ. കോളജ് തൊറക്കുന്ന സമയം വരെ മതി”
“ഒരു മാസം കൊണ്ട് നിന്നെ ആരാ ഇംഗ്ലീഷ് പഠിപ്പിക്കുന്നെ?” ഓട് ഉറപ്പിച്ച ശേഷം ദേഹത്ത് പറ്റിയ പൊടിതട്ടിക്കളയുന്നതിനിടെ അച്ഛന്‍ ചോദിച്ചു.
“പാര്‍വ്വതിയാന്റി പഠിപ്പിക്കുന്നുണ്ട്”
അച്ഛന്റെ പുരികങ്ങള്‍ ചുളിഞ്ഞു.
“ഏതു പാര്‍വ്വതി?”
“കാവിന്റെ തെക്കേലെ…”
“അവിടെ ഏതു പാര്‍വതി?”
“അച്ഛാ സുകുമാരനങ്കിള് രണ്ടാമത് കെട്ടിയ…” ഞാന്‍ തല ചൊറിഞ്ഞു.
അച്ഛന്റെ മുഖത്തേക്ക് വെറുപ്പ് പടര്‍ന്നുപിടിക്കുന്നത് ഞാന്‍ കണ്ടു.
“ആ ഒരുമ്പെട്ടവന്റെ കൂടെ ഒളിച്ചോടി വന്ന ഒരുമ്പെട്ടവളോ? വേണ്ടവേണ്ട..” അച്ഛന്‍ കല്‍പ്പിച്ചു.
സാത്വികനായ അച്ഛന് സുകുമാരനങ്കിളിനെപ്പോലെ ഉള്ളവരെ കണ്ണെടുത്താല്‍ കണ്ടുകൂടാ. ഞാന്‍ വിഷണ്ണനായി അച്ഛനെ നോക്കി. ഇംഗ്ലീഷില്‍ പ്രാവീണ്യം നേടണം എന്ന എന്റെ മോഹത്തിന്റെ കടയ്ക്കലാണ് അച്ഛന്റെ നീതിബോധം കത്തിയായി പതിച്ചിരിക്കുന്നത്.
“പക്ഷെ അച്ഛാ അവര്‍ക്ക് നല്ലപോലെ ഇംഗ്ലീഷ് അറിയാം. പിള്ളേര്‍ക്ക് ട്യൂഷനെടുത്താ അവരിപ്പോ ജീവിക്കുന്നെ. അങ്ങേരു കള്ളുംകുടിച്ചു തലേംകുത്തി നടക്കുവല്ലേ” ഞാന്‍ അച്ഛന്റെ മനസ്സുമാറ്റാന്‍ ശ്രമിച്ചുനോക്കി.
“ആണോ? അവക്കൊക്കെ അങ്ങനെതന്നെ വരണം. ആദ്യത്തെ ഭാര്യേം മക്കളേം അവന്‍ ഉപേക്ഷിച്ചത് ഇവക്കു വേണ്ടിയല്ലേ? അനുഭവിക്കട്ടെ. നീ വേറെ വല്ലോടത്തും പോയി പഠിക്ക്; എന്തായാലും അവിടെ വേണ്ട” കൂടുതല്‍ പറയാന്‍ നില്‍ക്കാതെ അച്ഛന്‍ നടന്നുനീങ്ങിയപ്പോള്‍ ഞാന്‍ ഓടി അടുത്തെത്തി.
“അച്ഛാ അവരെങ്ങനെയോ ആയിക്കോട്ടെ. വല്യ ഫീസൊന്നും ആകത്തില്ല. എന്തെങ്കിലും കൊടുത്താ മതി. തന്നേമല്ല, അവരുടെയത്ര ഇംഗ്ലീഷ് അറിയാവുന്ന ആരും ഇവിടെങ്ങുമില്ല. ഇംഗ്ലീഷില്‍ എം എയാ ആന്റി”
അച്ഛന്‍ അനിഷ്ടത്തോടെ എന്നെ നോക്കി.