പാര്‍വ്വതി [Master]

Posted by

അങ്ങനെ അന്ന് രാവിലെതന്നെ മഴ തുടങ്ങിയിരുന്നു. നേരം വെളുത്തെങ്കിലും രാത്രിപോലെതന്നെ ഇരുണ്ടു കിടക്കുകയാണ് ഭൂതലം; ചന്നംപിന്നം പെയ്യുന്ന മഴയും. തോരാന്‍ ഭാവമില്ലാത്ത മട്ടില്‍ നിന്ന് പെയ്യുകയാണ് വരുണന്‍. പത്തുമണിയോടെ ഞാന്‍ പഴയ ഒരു കുടയും ബുക്കുമെടുത്ത് വീട്ടില്‍ നിന്നുമിറങ്ങി. പഴയ കവലയിലെത്തി ഞാന്‍ അങ്കിള്‍ വരാനായി കാത്തുനിന്നു. മഴമൂലം അയാള്‍ വരാതിരിക്കുമോ എന്നൊരു ശങ്ക എനിക്കുണ്ടായിരുന്നെങ്കിലും പത്തരയോടെ ഒരു കുടയും ചൂടി അയാളെത്തി. പലചരക്ക് കടയില്‍ നിന്നും സിഗരറ്റ് വാങ്ങിപ്പുകച്ചുകൊണ്ട് അയാള്‍ പതിവുപോലെ ഇടതുഭാഗത്തേക്ക് തിരിഞ്ഞു.

അയാള്‍ കണ്ണില്‍നിന്നും മറഞ്ഞപ്പോള്‍ ഞാന്‍ വേഗം ചേച്ചിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി. ആ ഇടവഴിയിലൂടെ വെള്ളം ഒരു ചെറിയ പുഴപോലെ ഒഴുകുന്നുണ്ടായിരുന്നു. വെള്ളത്തില്‍ ചവിട്ടി ഏറെക്കുറെ നനഞ്ഞായിരുന്നു എന്റെ യാത്ര. വീടുകള്‍ക്ക് പുറത്തെങ്ങും ഒരൊറ്റ മനുഷ്യനില്ല. ഓടുകള്‍ പാകിയ വീടുകളുടെ മേല്‍ക്കൂരകളില്‍ നിന്നും വെള്ളമൊഴുകി വീടുകള്‍ക്ക് ചുറ്റും അരുവികള്‍ തീര്‍ക്കുന്ന കാഴ്ചയും നോക്കി ഞാന്‍ നടന്നു.

ഞാന്‍ ചെല്ലുമ്പോള്‍ പതിവിനു വിപരീതമായി മുന്‍വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. കതകില്‍ മുട്ടിയശേഷം ഞാന്‍ കാത്തുനിന്നു. കുറെ നേരം നിന്നിട്ടും ചേച്ചിയുടെ അനക്കമൊന്നും കേട്ടില്ല. വീണ്ടും ഞാന്‍ മുട്ടി. പക്ഷെ നിരാശയായിരുന്നു ഫലം. ഇനി ചേച്ചി എവിടെങ്കിലും പോയിക്കാണുമോ എന്ന് ഞാന്‍ ശങ്കിച്ചു. ഏയ്‌, അങ്ങനെയാണെങ്കില്‍ ഇന്നലെത്തന്നെ പറയുമായിരുന്നില്ലേ? എന്തോ ചേച്ചിയെ കാണാതെ വന്നതോടെ എന്റെ മനസ്സ് തീവ്രമായി നൊമ്പരപ്പെട്ടു. ഒരു ദിവസം പോലും ചേച്ചിയെ കാണാതെ എനിക്ക് ജീവിക്കാനാവില്ല എന്ന് ഞാന്‍ മനസിലാക്കുകയായിരുന്നു. വീണ്ടും ഞാന്‍ കതകില്‍ മുട്ടി. തുറക്കാതെ വന്നപ്പോള്‍ നിരാശയോടെ തിരികെ വീട്ടിലേക്ക് പോകാന്‍ ഞാനൊരുങ്ങി. രണ്ടുമൂന്നടി തിരികെ നടന്നപ്പോള്‍, പുഴയുടെ ഇറമ്പിലൂടെത്തന്നെ പൊയ്ക്കളയാം എന്ന് ഞാന്‍ തീരുമാനിച്ചു. ഒരുപക്ഷെ അയാളെങ്ങാനും ഉടനെതന്നെ തിരികെ വന്നാലോ? അങ്ങനെ തിരിഞ്ഞ് വീടിനു വലം വച്ച് ഞാന്‍ പിന്നിലെത്തി. എന്നെ പുളകം കൊള്ളിച്ചുകൊണ്ട് അവിടെ ഓലമേഞ്ഞ ചായ്പ്പില്‍ ഏറെക്കുറെ നനഞ്ഞുകുതിര്‍ന്ന് ചേച്ചി ഇരിപ്പുണ്ടായിരുന്നു. ഒരു സ്റ്റൂളില്‍ മുഖം കുനിച്ച്. ഞാനാദ്യം കണ്ടപ്പോള്‍ ധരിച്ചിരുന്ന വയലറ്റ് ബ്ലൌസും സാരിയുമായിരുന്നു ഇന്നത്തെയും വേഷം.

“ചേച്ചി..ഞാനെത്ര നേരം മുട്ടി. കേട്ടില്ലാരുന്നോ?” ചേച്ചിയെ കണ്ട ആഹ്ലാദത്തോടെ ഞാന്‍ ചോദിച്ചു. കുടമടക്കി ഇറയത്ത്‌ വച്ചിട്ട് ഞാന്‍ ചേച്ചിയുടെ അടുത്തേക്ക് ചെന്നു.

ചേച്ചി മെല്ലെ മുഖമുയര്‍ത്തി എന്നെ നോക്കി. ഞെട്ടലോടെയാണ് ഞാനാ മുഖം കണ്ടത്. തിണിര്‍ത്തുകിടക്കുന്ന ഇടതുകവിള്‍! ആ കണ്ണും കലങ്ങിയിട്ടുണ്ട്. ചേച്ചി എന്നെ നോക്കി ചിരിക്കാനൊരു ശ്രമം നടത്തി.

“ചേച്ചി, എന്താണിത്? എന്ത് പറ്റി ചേച്ചീ ങേ?” ആ മുഖം ഉള്ളിലുണ്ടാക്കിയ ഞെട്ടലോടെ ഞാന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *