.അധികം വൈകാതെ റൂമിലെത്തിയ ബയറർക്ക് അഭി ഓർഡർ കൊടുത്തു . ” എനിക്ക് മൂന്ന് കെ. എഫ് , ഫുൾ സെറ്റ് സലാഡ് ,അപ്പം ,ചില്ലീചിക്കൻ…പിന്നെ ഇവരുടെ അടുത്ത് എന്താണെന്നു വച്ചാൽ ഓർഡർ എടുത്തോ ”.
എഡ്വേർഡ് ചാടിക്കേറി….” അളിയാ അഭീ നീ ഇതെന്താ ഇപ്പോഴും ഹൈസ്‌കൂളിൽ പഠിക്കുവാണോ ….ഈ കെ .എഫ് ഒക്കെ ഓർഡർ ചെയ്യാൻ ?….ഹോട്ട് തന്നെ ആവട്ട് അളിയാ…നമ്മൾ ഇത് ആദ്യം കൂടുവല്ലേ?…അപ്പോൾ ഇന്നത്തെ ചെലവ് മുഴുവൻ എൻറെ വക !. ആർക്കെങ്കിലും എതിർ അഭിപ്രായമുണ്ടോ ?,ഇല്ലേൽ ഓരോരുത്തരും അവർ അവരുടെ ഓർഡർ പറ . ” അഭിയുടെ അഭിപ്രായം വരുന്നതിനു മുൻപേതന്നെ മറ്റുള്ളവർ അഭിക്കൂടെ ചേർത്ത് , ഹോട്ട് ഡ്രിങ്ക്സിനും ഭക്ഷണത്തിനും എല്ലാം ഇഷ്‌ടാനുസരണം കല്പന നൽകി.
അല്പ സമയത്തിനുള്ളിൽ ഐശ്വര്യമാർന്ന മേശപ്പുറം വിശിഷ്‌ട പാനീയങ്ങളാലും സ്വാദിഷ്‌ട ഭക്ഷണങ്ങളാലും നിറഞ്ഞു . പ്രീമിയം ഹോട്ട് ഡ്രിങ്ക്സിനൊപ്പം സിഗരറ്റ് , സോഡാ ,വെള്ളം , ഐസ് ,ആഹാരം…മറ്റ് അനുസരണികളും വന്നു മറിഞ്ഞു . ഭീമൻ കുപ്പികളിൽ നിന്നും വലിയ ചില്ലു ഗ്ളാസ്സുകളിലേക്ക്…സ്വർണ്ണവർണ്ണ തുള്ളികൾ പുതുമഴപോലെ പെയ്‌തിറങ്ങി . അതിനോട് മാറി മാറി ചേർന്ന സോഡയും വെള്ളവും ഐസ് ക്യൂബുകളും അതിനുള്ളിൽ തുള്ളിച്ചാടി കളിച്ചു .നിറഞ്ഞു പൊന്തിയ ചഷകങ്ങളിൽ വെൺനുരകൾ പതഞ്ഞുപൊങ്ങി . അഞ്ചു കൈകൾ അതിനെ നീട്ടിയുയർത്തി ,ഗ്ളാസ്സുകളിൽ പരസ്പരം മുട്ടിച്ചു ”ചിയേഴ്സ് ”പറഞ്ഞു ….മെല്ലെ ചുണ്ടുകളോടടുപ്പിച്ചു .
ഒരു കവിൾ അകത്താക്കി , ഗ്ളാസ്സ് താഴെവച്ചു ചിറി നീട്ടി തുടച്ചു…എഡ്വേർഡ് സംസാരത്തിന് തുടക്കമിട്ടു . ” അഭി അളിയാ ഞങ്ങളെല്ലാം പരസ്‌പരം പലവട്ടം കൂടിയിട്ടുള്ളവരാ…പക്ഷെ നീയുമായി ഇത് ആദ്യമാ .എന്നിട്ടും അളിയൻ മിണ്ടാതിരിക്കുന്നത് ഞങ്ങൾക്ക് മനസ്സിലാവും . അതിൽ ഞാൻ അളിയനെ ഒരുതരത്തിലും കുറ്റം പറയുന്നുമില്ല . എന്നാൽ ഒരു കാര്യം പറഞ്ഞോട്ടെ…..അവൾ !…ആ ഒരുമ്പെട്ടോൾ ഇന്നവിടെ മിന്നുകെട്ടി , സുഖിച്ചു ഉല്ലസിച്ചു….ആ കിഴങ്ങേശ്വരനുമായി അങ്ങ് പൊറുക്കട്ടളിയാ . നമ്മൾ അതൊന്നും കാര്യമാക്കണ്ടാ .നീ എല്ലാം അങ്ങ് വിട്….അതെല്ലാമങ്ങു മറന്നുകള അളിയാ ….’
‘ ഹരി അവനെ പിന്താങ്ങി ” ജീവിതത്തിൽ നിനക്കിനി സുഖിക്കാനും അനുഭവിക്കാനും എന്തെല്ലാം കിടക്കുന്നു , ഇങ്ങനത്തെ ”ചതിച്ചി അലവലാതി”കളെ ഓർത്തോർത്തു ഇരിക്കാതെ , അളിയൻ ” ചിയർ -അപ്പ് ” ആയി അതങ്ങ് പിടിപ്പിക്കളിയാ ”.
ബിയർ എന്ന ലഘു മദ്യത്തിൻറെ ലഹരി മാത്രം അതുവരെ അനുഭവിച്ചു അറിഞ്ഞിരുന്ന അഭി…അത് മറവിക്ക് നല്ലൊരു ഉപാധി എന്നു കണ്ട് മാത്രം ആയിരുന്നു സേവിച്ചു പോന്നിരുന്നത് . അതൊഴിച്ചു …ഹോട്ട് ഡ്രിങ്ക്സ് കഴിക്കണം എന്ന ഒരു ചിന്ത പോലും അവനിൽ ഒരിക്കലും ഏശിയിരുന്നില്ല . എന്നാൽ ഇവിടെ !….ചിരകാല സുഹൃത്തുക്കളും ആയുള്ള ആദ്യ കൂടിച്ചേരൽ , അതിനെക്കാളിലും ഏറെ മുകളിൽ തലയുയർത്തി നിൽക്കുന്ന- ഒറ്റപ്പെടലും ചതിയും അപമാനവും കൊണ്ട്- തനിക്ക് സംഭവിച്ച ആഴമേറിയ മുറിവിൻറെ നോവുകൾ …..എല്ലാം, എല്ലാംകൂടി സ്നേഹിതന്മാരുടെ പ്രേരണയിൽ കുടുങ്ങി അവർക്കൊപ്പം അവർ പറയുന്നപോലെ കഴിക്കാൻ…കുടിക്കാൻ അവനെ നിർബന്ധിതനാക്കി .