ഈ വീട്ടിലൊരു മരുമകളായി കടന്നുവരാനുള്ള ”യോഗം ”ഉണ്ടാകുമോ ?ഇവൾക്ക്. കാണാൻ അത്ര വെളുപ്പില്ല …കുറച്ചു മെലിഞ്ഞിട്ടുമാണ് . അതൊഴിച്ചാൽ , എന്തുകൊണ്ടും ശാലീനത നിറഞ്ഞ കൊച്ചുസുന്ദരി തന്നെ ഇവൾ . പേര് അന്വർത്ഥമാക്കുന്ന പോലെ, മുഖത്താകെ ” ശ്രീത്വം ” നിറഞ്ഞു തുളുമ്പി നിൽക്കെയാണ് . നല്ല ചുരുണ്ട കഴുത്തറ്റം കൊറുങ്ക തലമുടിയും, തുടുത്ത കവിളിണകളും ,നീണ്ട നാസികയും കരിനീലക്കണ്ണുകളും ഒക്കെച്ചേർന്ന നാടൻ പെൺകൊടി . മുല്ലമൊട്ടിനെ ഓർമ്മിപ്പിക്കുന്ന നല്ല നീണ്ട ദന്തനിരയും കൊച്ചു നുണക്കുഴിയും അവൾ ചിരിക്കുമ്പോൾ .പ്രത്യേക അഴക് എടുത്തുകാണിക്കും . ഏതൊരു സൗന്ദര്യവതിയേയും പിന്നിലാക്കുന്ന…. ശംഖു തോൽക്കുന്ന കഴുത്തിടവും നീണ്ട് ആകൃതിയൊത്ത ഉടലും ശരീരവും….അത് സമതുലീകരിച്ചു അടക്കവും ഒതുക്കവും നിറഞ്ഞ നടത്തയും അരയന്നപ്പിടയുടെ രൂപലാവണ്യത്തെ വിളിച്ചറിയിക്കുന്നു . തന്നെപോലെ മക്കൾടെ അച്ഛനും, മകൾ അഭിരാമിക്കും ഏറ്റവും പ്രിയങ്കരി തന്നെ ഇവൾ !. പുറമെ കാണിച്ചില്ലേലും അഭിമോനും വളരെ പ്രിയപ്പെട്ടവൾ തന്നെ ശ്രീമോൾ .
അഭിടെ അമ്മയുടെ ചിന്ത കാടുകയറുമ്പോൾ ശ്രീക്കുട്ടി ആദ്യം കണ്ട അഭീടെ മുറിവാതിൽ ഹാൻഡിൽ തിരിച്ചുതുറന്ന് ഉള്ളിൽ പ്രവേശിച്ചു .റൂമിനുള്ളിൽ കയറിക്കണ്ട ശ്രീക്ക് അമ്മായി പറഞ്ഞത് മുഴുവൻ പൂർണ്ണസത്യം എന്ന് ബോധ്യപ്പെടുന്നതായിരുന്നു….അകത്തു കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ !. കള്ളിൻറെയും സിഗററ്റിൻറെയും അതിരൂക്ഷമായ ദുർഗന്ധം മുറി ആകെ നിറഞ്ഞുനിൽക്കുന്നു . അതിന് ന്യായീകരണം എന്നമട്ടിൽ മുറിയിലാകെ ചിതറിക്കിടക്കുന്ന ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റുകളും, അതിൻറെ കുറ്റികളും കാലി ബിയർ ബോട്ടിലുകളും കടലാസുകളും. ശ്രീ അസഹ്യതയോടെ മുറിയിലാകെ കണ്ണോടിച്ചു മൂക്കുപൊത്തി . ഇതൊന്നും അറിയാതെ , ഒരുവശം ചരിഞ്ഞുകിടക്കുന്ന അഭിയേട്ടൻ….സുന്ദരമായ നിദ്രയിൽ ആണ് !. ശ്രീ അവൻറെ അടുത്തുചെന്ന് പതിയെ , ” അഭിയേട്ടാ…അഭിയേട്ടാ ” എന്ന് പലതവണ വിളിച്ചു . ഒടുക്കം , അവൻറെ ദേഹത്തുതട്ടി കുലുക്കി വിളിക്കേണ്ടിവന്നു അവൾക്ക് അവൻ ഒന്നുണർന്ന് അവളെ കണി കാണാൻ . മദ്യലഹരിയിൽ നിന്ന് മെല്ലെ തെളിഞ്ഞുണർന്ന് …ബോധത്തിൽ മുന്നിൽകണ്ട ശ്രീമോളെ അവൻ വല്ലാതെ പകച്ചുനോക്കി !. മുഷിഞ്ഞ വെള്ളമുണ്ടും ജുബ്ബയുമാണ് വേഷം . ഇട്ടുവന്ന ഡ്രസ്സ് മാറാതെ കിടത്ത അതേ കോലത്തിൽ. ചുവന്ന് കലങ്ങിയ കണ്ണുകൾ, എണ്ണകാണാതെ , പാറിപ്പറന്നു കിടക്കുന്ന നീണ്ട മുടിയിഴകൾ….വെട്ടിയൊതുക്കാതെ ആകൃതിതെറ്റി തെല്ലും വെടിപ്പില്ലാത്ത കട്ടിദീക്ഷ !. ആകപ്പാടെ കാഴ്ചയിൽ ഒരു ”കൊടുംഭീകര ” ലുക്ക് !
. എല്ലാംകൂടി അറിഞ്ഞും കണ്ടും…ശ്രീക്കുട്ടിക്ക് സഹിക്കാൻ ആവാത്ത ദുഃഖം അനുഭവപ്പെട്ടു . എന്തുപറഞ്ഞു ഏട്ടനെ സമാധാനിപ്പിക്കണം എന്നറിയാൻ കഴിയാതെ കുഴങ്ങി . കിടക്കയിൽ എഴുന്നേറ്റിരുന്ന് ഒരക്ഷരം ഉരിയാടാതെ , തൻറെ നേർക്ക് ദഹിപ്പിക്കുന്ന നോട്ടമെറിയുന്ന ഏട്ടന്റെ നോട്ടത്തിൻറെ രൂക്ഷത , വെറും അഭിനയം മാത്രമാണെന്ന വസ്‌തുത….നോവോടെ ആണെങ്കിലും അവൾ തിരിച്ചറിഞ്ഞു. പിന്നെ ആ കൺപീലിത്തുമ്പിൽ എവിടെയോ പ്രത്യക്ഷപ്പെട്ട രണ്ടുമൂന്ന് തുള്ളി കണ്ണീരിൽ നിന്നും അവൾ വായിച്ചറിഞ്ഞത് മുഴുവൻ …..ആ മിഴിയിണ കോണിൽ നിന്ന് ബഹിർഗമിക്കുന്നതു ദാഹിക്കുന്ന സ്നേഹത്തിൻറെ, ദീനതയുടെ നീർക്കുമിളകൾ മാത്രമാണെന്ന യാഥാർഥ്യം ആയിരുന്നു. സഹാനുഭ്രൂതിയിൽ അറിയാതെ അവളുടെ മിഴിയോരങ്ങളിൽ നിന്നൂറിവന്ന അനുകമ്പയുടെ അശ്രുകണങ്ങൾ….അഭി അറിയാതവൾ പുറംകൈയ്യാൽ മെല്ലെ തുടച്ചു മാറ്റി , ഉത്സാഹവതിയുടെ ”പുറംമേനി ”യോടെ തുടർന്നു …