ആ അറുപതുകാരിയിൽ ഇടമുറിഞ്ഞ വ്യസനം നെടുവീർപ്പുകളായി പുറത്തുവന്നു . ” ശ്രീ ” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ശ്രീക്കുട്ടി ,” അഭി ” എന്ന അഭിജിത്തിൻറെ നേർ മുറപ്പെണ്ണ് !…കോളേജിൽ ഡിഗ്രിക്ക് ഇപ്പോൾ ചേർന്നിട്ടേയുള്ളു . സ്വന്തം അമ്മാവൻ പ്രഭാകരൻനായരെയും ഭാര്യ അമ്മിണിയമ്മയെയും ജീവനാണ് !….തിരിച്ചു അവർക്കും . എന്നാൽ അതിലും ഇഷ്‌ടമാണ് അവളുടെ കളിക്കൂട്ടുകാരൻ മുറച്ചെറുക്കൻ അഭിച്ചേട്ടനെ അവൾക്ക് . ജീവൻറെ ജീവൻ എന്നപോൽ പ്രിയം , സ്നേഹം , അഭിനിവേശം….പിന്നെ ഉള്ളിൻറെ ഉളിൽ അതിരഹസ്യമായ പ്രേമം !. എന്നാൽ ….ഒരു കുഞ്ഞുപെങ്ങൾ ഇല്ലാത്ത അഭിക്ക് മുറപ്പെണ്ണിനും ബാല്യകാല സ്നേഹിതക്കും അപ്പുറം ” ശ്രീ ” താനെപ്പോഴും കൊഞ്ചിക്കുകയും ലാളിക്കുകയും എടുത്തുനടക്കയും തല്ലുകൂടുകയും ഒക്കെ ചെയ്യുന്ന കൊച്ചു അനുജത്തി ആയിരുന്നു. ശ്രീക്കുട്ടിയിൽ നിന്നും തിരിച്ചു ഒരു ” പ്രണയിനിയുടെ പാരവശ്യം” പലപ്പോഴും അവന് ദർശിക്കാൻ സാധിച്ചിരുന്നു. എങ്കിലും അനിയത്തി വിട്ട് , മറ്റൊരു സ്‌ഥാനത്തു അഭിക്കവളെ പ്രതിഷ്‌ഠിക്കുന്ന കാര്യം ഓർക്കാനേ കഴിയുമായിരുന്നില്ല . ശ്രീക്കുട്ടി ആവട്ടെ , എന്നെങ്കിലും ഒരുനാൾ ഏട്ടൻ തന്റെ ” മനസ്സും പ്രണയവും ” തിരിച്ചറിയും എന്നുള്ള ശുഭപ്രതീക്ഷയിൽ അയാൾക്ക് വേണ്ടിയുള്ള പ്രാർഥനകളുമായി ജീവിക്കുക ആയിരുന്നു . എന്നാൽ ഒരുനാൾ അലീനച്ചേച്ചിയും ഏട്ടനും ആയുള്ള ‘ ഗാഢപ്രണയം ‘ മനസ്സിലാക്കിയ ശ്രീ പിന്നീട് അവരുടെ നന്മയ്ക്കും ഒരുമിക്കലിനു0 ആത്മാർഥമായി ആഗ്രഹിച്ചു …പൂജകളും വഴിപാടുമായി മനസ്സുനൊന്തു പ്രാർഥിച്ചു ഒപ്പം നിന്നു .
ദുഃഖം ചിറകെട്ടിയ അമ്മായീടെ ഇരുളാർന്ന മുഖത്തു കൂടുതൽ നോക്കിനിൽക്കാനോ… അധികം സംസാരിക്കാനോ ‘ശ്രീ’ തീർത്തും അശക്തയായിരുന്നു . അത് ഒരുപക്ഷെ തന്നെയുംകൂടി തകർത്തു കളഞ്ഞേക്കുമോ എന്നുള്ള സംഭ്രമത്താൽ…പെട്ടെന്ന് ഇവിടുന്ന് എങ്ങോട്ടെങ്കിലും ഓടിയൊളിച്ചാലോ എന്നുപോലും അവൾക്ക് ഒരുനിമിഷം തോന്നിപ്പോയി . അമ്മായിയുടെ ആ വലിയ ദുഃഖത്തിൻറെ കാരണം , അത് വരുത്തിവച്ച ഇന്നത്തെ ദിവസത്തിൻറെ പ്രത്യേകത….ഒക്കെ അവൾക്ക് നല്ല ബോധ്യം ഉള്ളതായിരുന്നു . എങ്കിലും , അഭിയെക്കുറിച്ചു അധികം ചോദിക്കാൻ ആവാതെ….”’അഭിയേട്ടൻ? ”’….എന്ന ചെറുചോദ്യ മുഖവുരയിൽ ‘ശ്രീ ‘എല്ലാം അവസാനിപ്പിച്ചു .
ശോകം ഘനീഭവിച്ച മുഖത്ത് വീണ്ടും അർത്ഥരഹിതമായൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് അമ്മായി…..” അവൻ അവൻറെ മുറിയിൽ കാണും മോളേ ….” നിസ്സഹായത തുടരാനാവാതെ വീർപ്പുമുട്ടിച്ചപ്പോൾ….അവരോട് ” ങ്ഹേ , എണീറ്റില്ലേ തമ്പുരാൻകുട്ടി ഇതുവരെ !….ശരി ഞാനൊന്ന് പോയി നോക്കീട്ടുവരട്ടെ….”
മേലേക്ക് പടി കയറാൻ തുടങ്ങിയ ശ്രീമോൾ കയ്യിൽ മടക്കി ചുരുട്ടിപിടിച്ചിരുന്ന ഇലക്കീറു തുറന്ന് , അല്പം കളഭം എടുത്തവരുടെ നെറ്റിയിൽ ഒരു കുറി ചാർത്തികൊടുത്തു പറഞ്ഞു . ” ഇത് ഏട്ടന്റെ നാളും പേരും പറഞ്ഞു കഴിപ്പിച്ച രക്തപുഷ്പ്പാഞ്ജലി. ഏട്ടന് ഈയിടെയായി ശത്രുദോഷത്തിൻറെ അപഹാരം കലശലായുണ്ട് .അതുകൊണ്ട് ഒരു ശത്രുസംഹാരപൂജ കൂടി കഴിപ്പിച്ചു . ഈ പ്രസാദമൊക്കെ ഒന്നിട്ടുകൊടുത്തു ആളിനേയും കൊണ്ട് ഞാൻ ദേ വരാം…..അത്ര കൊള്ളില്ലല്ലോ ഈ പള്ളിയുറക്കം !. ”.