നീതികേടിനും അവളിൽ തോന്നിപ്പിച്ച മനഃസ്താപം!…വളരെ വലുതായിരുന്നു . നാൾക്കുനാൾ അത് അവളുടെ ജീവിതത്തെ ഒന്നായി തകിടം മറിച്ചു .ദിനചര്യകൾ ,കർമ്മജീവിതത്തെ ഒക്കെ അങ്ങോളം ഇങ്ങോളം ആശാപാപം പോലെനിരന്തരം പിന്തുടർന്ന് വേട്ടയാടിക്കൊണ്ടേയിരുന്നു .അതിൽ നിന്നൊരു മുക്തി ,വേർപെടൽ… അസാധ്യമായിരുന്നു . മനസ്സിൽ അത് ഒരിക്കലും മാപ്പു നൽകാതെ അവളെ ഭ്രാന്തു പിടിപ്പിച്ചു ….കൊലവിളിച്ചു . തൻറെ വിധിയെ ,ജന്മത്തെ പോലും അവൾക്ക് ഒരുവേള പഴിചാരി…പ്രാക്കിരക്കേണ്ടി വന്നു എല്ലാ ശാപങ്ങളിൽ നിന്നും ഒന്ന് കരകയറാൻ .
എങ്കിലും ….പതിയെ അവൾക്ക് മാറേണ്ടി വന്നു. കാലം അവളെ മാറ്റി എടുത്തു !. മനുഷ്യജന്മത്തിൻറെ മൂല്യവും…മിന്നുകെട്ടിയ ഭർത്താവിനോടുള്ള കടമ , കർത്തവ്യം എന്നിവയൊക്കെ ഈ ക്ഷണിക ജീവിതത്തിൽ , ഭൂതകാലത്തെ മനഃപൂർവ്വം മറന്ന്…എല്ലാം സഹിച്ചു മുന്നോട്ട് പോകാൻ അവളെ പ്രേരിപ്പിച്ചു . അങ്ങനെ…ക്രമേണ അലീന അവളെത്തന്നെ മറന്ന് , എല്ലാം ത്വജിച്ചു…ആർക്കോ എന്തിനോവേണ്ടി സ്വയം കത്തിയെരിഞ്ഞു പ്രകാശമരുളുന്ന മെഴുകുതിരിയാക്കി മാറ്റി അവളുടെ ശേഷിച്ച ജീവിതം !. ഭൂതകാല പൊരുളുകൾ പലതും …മറവിയുടെ മാറാപ്പിൽ കെട്ടിയൊളിപ്പിച്ചു കർമ്മനിരതയായൊരു ഭാര്യയുടെ വേഷം എടുത്തണിഞ്ഞു ഏതോ പുരാണ നായികയെ പോലെ അവൾ …പുതിയ ”ജീവകാല”ത്തേക്ക് കടന്നുവന്നു .എന്നാൽ ആ ഭാര്യയെയോ , ഭാര്യയിലെ പെണ്ണിനെയോ പെണ്ണിൻറെ മനസ്സിനെയോ?…. തെല്ലും മനസ്സിലാക്കാൻ കഴിഞ്ഞില്ല , താലികെട്ടി കീഴടക്കി കിരീടം ചൂടി….കൂടെ കൂടിയ ആ വലിയ ”കിഴങ്ങൻ”കലാകാരൻ ഭർത്താവിനു .കഴിയുന്ന പോയിട്ട്…. ശ്രമിക്കാൻ പോലും തോന്നിപ്പിച്ചില്ല ,വരകളും വർണ്ണങ്ങളുമായി ഇഴചേർന്ന്…കള്ളനാണയം കളിച്ചു പാഞ്ഞു ഓടി നടക്കുന്ന ഡാനി എന്ന ചിത്രകാരൻ ബുദ്ധിജീവിക്ക് !. താൻ നിറം കൂട്ടിക്കലർത്തി , ബ്രഷിനാൽ തൊട്ടുവരക്കുന്ന ”പാലറ്റ് കള്ളി”യിലെ വിലകൊടുത്തു വാങ്ങിയൊരു മുന്തിയ ഇനം ”ചായം ” മാത്രമായിരുന്നു അലീന അവനു !. സത്‌സ്വഭാവത്താലും ….ശാലീനതയാലും ആരും മോഹിച്ചു പോകുന്ന സൗന്ദര്യത്തിൻറെ ആൾ രൂപമായ അലീനയെ വലിയ വില കൊടുക്കാതെ , ചുളുവിൽ അടിച്ചെടുക്കാൻ കഴിഞ്ഞതിൽ ആത്മാഭിമാനവും അഹങ്കാരവും പൂണ്ടവൻ….അഭിരമിച്ചു ജീവിച്ചു . ആഗ്രഹിച്ചു കീഴടക്കി സ്വന്തമാക്കിയ അലീന എന്ന സ്വകാര്യസ്വത്തിനെ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിച്ചു ,അടിയറവ് പറയിച്ചു …മൃഗയാവിനോദത്തിൽ അയാൾ ആത്മഹർഷം കൊണ്ടു . അതിനപ്പുറം …ലീനയെ അറിയാനോ, ഹൃദയം കൊണ്ട് സ്നേഹിച്ചു അടിമപ്പെടുത്താനോ ….അവൻ മിനക്കെട്ടില്ല . ചിത്രകാരൻ എന്ന മേൽവിലാസവും , അതിന് അടിവര ഇടുന്ന അവൻറെ ” ഫ്രീക്ക് -ഔട്ട് ” ലൈഫും അയാടെ ജീവിതത്തിൻറെ തന്നെ മുഖമുദ്ര ആയതിനാൽ…ഒന്ന് ഉപദേശിച്ചു മാറ്റാനോ ?….അയാളുടെ സ്വകാര്യ ഇഷ്‌ടാനിഷ്‌ടങ്ങൾക്കും ദുർനടപ്പുകൾക്കും ” തട ”ഇടാനുമോ ?…. അയാൾടെ ”മാതാപിതാക്കൾ ”ക്കു പോലും കഴിഞ്ഞില്ല . അതിൻറെ ഒക്കെ പേരിൽ ….അളവില്ലാത്ത കണക്കിൽ പലതരം മദ്യം ,അതിൻറെ എത്രയോ ഇരട്ടി …ചരസ്സ് ,ഗഞ്ചാവ് തുടങ്ങിയ ” പുക”കൾ . പിന്നെ , ഗുളിക , കുത്തിവെയ്പ്പ് രൂപത്തിലുള്ള മറ്റു മയക്കുമരുന്ന് സ്രേണിയിൽ വരുന്ന നിരവധി ലഹരി വസ്തുക്കൾ . എല്ലാം ചിത്രകാരൻ ഡാനിയുടെ ചായങ്ങളുടെ നിത്യസന്ദർശകരായി ഇടകലർന്നു .ഒപ്പം , പല തരത്തിലും രീതിയിലും…. ഭാവത്തിലും ഉള്ള ”ആൺ -പെൺ” സൗഹൃദകൂട്ടാളികളും !. ഒറ്റക്കും തെറ്റക്കും , മാറിയും മറിഞ്ഞും തിരിഞ്ഞും ഒക്കെ ഇവകളെല്ലാം …ചിത്രരചനാസംഘം ആയും സുഹൃത്ത് കൂട്ടായ്‌മ ആയും ആ വീടിൻറെ ഉള്ളറകളിൽ ആകെ കൂത്താടി മറിഞ്ഞു . കോലംതുള്ളലുകൾ മുഴുവൻ കണ്ടും കേട്ടും …ഒന്നിലും ഒരു കരടാവാതെ , വിലങ്ങാകാൻ പരിശ്രമിക്കാതെ….അലീന ആ വലിയ വീടിൻറെ അകത്തളങ്ങളിൽ മൗനസമ്മതങ്ങളാൽ ജീവിതം തള്ളിനീക്കി .