പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Posted by

സംഭാഷണം അതുവരെ എത്തിയപ്പോഴേക്കും….അഭീടെ അമ്മയ്ക്കും പെങ്ങൾക്കും ബസ്സിറങ്ങാനുള്ള ” സ്റ്റോപ്പ് ” എത്തിയിരുന്നു . വർത്തമാനം അവസാനിപ്പിച്ചു അവർ ഇറങ്ങുമ്പോൾ ടീച്ചറും കൂടെ ഇറങ്ങി . ” സ്റ്റോപ്പ് ”ൽ നിന്നും വീട്ടിലേക്കുള്ള നടത്തയിൽ …എല്ലാവരും നിശ്ശബ്ദരായിരുന്നു . ടീച്ചർ മെല്ലെ അവരെ അനുഗമിച്ചു. പടിക്കെട്ടുകൾ താണ്ടി ” അവർ ” പ്രവേശന കവാടത്തിൽ എത്തുമ്പോൾ സിറ്റൗട്ടിൽ പ്രഭാകരൻ നായർ പത്രം വായിച്ചു ഇരിക്കയായിരുന്നു . പുതിയ അതിഥിയെ കണ്ട് പ്രസന്ന വദനനായി എഴുന്നേറ്റുനിന്ന്, പുഞ്ചിരിച്ചു കൈകൂപ്പി !. പരിചയം പുതുക്കി..പിന്നെ ആതിഥേയയെ അവർ ഉള്ളിലേക്ക് ആനയിച്ചു . ഡൈനിങ് ടേബിളിനു ചുറ്റുമുള്ള കുഷ്യൻകസാലകിൽ എല്ലാവരും വട്ടം കൂടിയിരുന്നു , മറ്റു വിശേഷങ്ങൾ പങ്കുവച്ചു . അൽപ സമയത്തെ ഇടവേളയ്ക്കു ശേഷം ….ട്രേയിൽ ചായക്കപ്പുകളും പലഹാരവുമായി ശ്രീക്കുട്ടി പ്രത്യക്ഷപ്പെട്ടു . ടീച്ചറും ശ്രീക്കുട്ടിയും കണ്ണോട് കണ്ണിടഞ്ഞു ഒരു നിമിഷം !…പിന്നെ കൗതുകപൂർവ്വം മന്ദസ്‌മിതം കൈമാറി .ശ്രീ നീട്ടിയ ചൂട് ചായ കൈനീട്ടി വാങ്ങി ….ലേശം സംശയഭാവത്തോടെ , അമ്മിണിയമ്മയോട് …….
” ചേച്ചിക്ക് ഒരു മകളല്ലെയെ ഉളളൂ . ഇത് പിന്നെ…..?”

സ്മിതടീച്ചറിൻറെ ചൂണ്ട് വിരലിനു മറുപടിയായി അവർ. …” അതെ . മകൾ അല്ലെങ്കിലും മകളെപ്പോലെ തന്നെ , ഞങ്ങൾക്ക് ഇവൾ !. ആങ്ങളയുടെ ഒരേ ഒരു മകൾ ആണ് . ശ്രീക്കുട്ടി . മകൾ അഭിരാമി ബോംബേക്ക് പോയിക്കഴിഞ്ഞാൽ ഞങ്ങൾക്ക് ആകെ ആശ്രയവും രക്ഷയും ഒക്കെ ഇവൾ മാത്രമാ .” ശ്രീക്കുട്ടിയെ ചേർത്തണച്ചു, വാത്സല്യത്തോടെ …കേശഭാരം തഴുകി തലോടി അവർ അറിയിച്ചപ്പോൾ …ശ്രീയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു .

തികഞ്ഞ ഔൽസുക്യത്തോടെ, എല്ലാവരെയും മാറി മാറി നോക്കി , ഊറിക്കുടിച്ച ചായക്കപ്പ് മേശപ്പുറത്തു വച്ച് എണീറ്റ് തിരിഞ്ഞ ടീച്ചർ…..” ജിത്തു ? ”…..

” മുകളിലെ മുറിയിലാ…ടീച്ചർ വന്നിട്ടുണ്ട് എന്നറിഞ്ഞാലും താഴേക്ക് ഇറങ്ങിവരാൻ വഴിയില്ല . മോളേ ശ്രീ ,മോൾ ചെന്ന് ടീച്ചർ വന്നിട്ടുണ്ട് …ഒന്ന് താഴേക്ക് ഇറങ്ങിവരാൻ പറഞ്ഞുനോക്കു .വരുന്നേൽ വരട്ടെ . ”

അമ്മിണിയമ്മേടെ വാക്കുകൾ ഖണ്ഡിച്ചു , ”വേണ്ട ,സാരമില്ല .ഞാൻ അങ്ങോട്ടുപോയി അവനെ കണ്ടോളാ0 . മോള് വന്ന് ആ റൂം ഒന്ന് കാണിച്ചു തന്നേ ….” ശ്രീയെ കൂട്ടി ടീച്ചർ മുകളിലേക്ക് പടി കയറാൻ ഒരുങ്ങി . ശ്രീക്കുട്ടി അവർക്കുമുന്നെ ഗോവണി ഓടിക്കയറി , ആദ്യം കണ്ട ഏട്ടൻറെ റൂം ചൂണ്ടിക്കാട്ടി ,അടഞ്ഞുകിടന്ന ഡോറിൽ തുടരെ തട്ടി വിളിക്കാൻ തുടങ്ങി ….” അഭിയേട്ടാ . . ..അഭിയേട്ടാ….വാതിൽ തുറക്കൂ ,ഏട്ടനെ കാണാൻ ടീച്ചർ വന്നിരിക്കുന്നു ” .

ടീച്ചർ ” എന്ന വാക്ക് ആദ്യം കേട്ട നിമിഷം അഭി ഞെട്ടിത്തരിച്ചു . പിന്നെ പേരറിയാത്ത എന്തൊക്കെയോ വികാരങ്ങൾ…അവനെ വിറകൊള്ളിച്ചു . തുടരാലോചനകൾക്ക് അവസരം കൊടുക്കാതെ , മുട്ട് തുടർന്നപ്പോൾ …അവൻ പിന്നെ നേരെ പോയി വാതിൽ തുറന്നു . കതക് വലിച്ചുതുറന്ന് മുന്നിലേക്കെത്തിയ അഭിയെ കണ്ട് ടീച്ചർ അക്ഷരാർഥത്തിൽ പകച്ചു നിന്നുപോയി !. ഒരു നിമിഷം , ആ കോലം കണ്ട് അവനെ തിരിച്ചറിയാൻ കഴിയാതെ അവർ .സ്‌തംഭിച്ചു പോയി. സന്യാസിയെ ഓർമ്മിപ്പിക്കുന്ന വളർന്നുനീണ്ട ദീക്ഷയും മുടിയും….മുഷിഞ്ഞ വേഷവും , രക്തമയമില്ലാത്ത മുഖത്തെ വിഷാദ ഛായകളും എല്ലാം സ്മിതാമാമിൻറെ ഹൃദയം തകർക്കുന്ന കാഴ്ചകൾ ആയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *