” ആരാമത്തി”ന്റെ പടിക്കെട്ടുകൾ ചവുട്ടിക്കയറി…പൂട്ടാതെ ചാരക്കിടന്ന വാതിൽപ്പാളികൾ മെല്ലെ തള്ളിയകറ്റി ,വീടിനുള്ളിൽ പ്രവേശിച്ച ശ്രീക്കുട്ടി പൊടുന്നനെ ഒരുനിമിഷം നിന്നു !.പൂട്ടാത്ത നിലയിൽ കണ്ട വാതിലും ,തെല്ലും ആളനക്കമില്ലാത്ത അകവും….അവളെ ശരിക്കൊന്ന് അമ്പരപ്പിച്ചു .നന്നായി തിരിഞ്ഞും മറിഞ്ഞും ….വീടാകെ ഒന്നു ശ്രദ്ധിച്ചു, ഒട്ടൊരു പരിഭ്രമത്തോടെ ആരെയോ അന്വേഷിച്ചെന്നവണ്ണം ഹാളിൽ നിന്നും അടുക്കളയിലേക്ക് കാലെടുത്തുവച്ചു “ശ്രീ ”അല്‌പം ഉറക്കെത്തന്നെ ചോദിച്ചു ….
”അമ്മായി…..ഇതെന്താ ഇവിടാരുമില്ലേ ?….പൂമുഖത്തെ കതക് എല്ലാം തുറന്ന് മലർത്തിയിട്ട് , ഇതെല്ലാവരും എവിടെപ്പോയി?. പെട്ടെന്ന് , അരിയടുപ്പിൽ നിന്ന് തലയുയർത്തി….മുഖത്തെ കരി നേര്യതുമുണ്ടിൻറെ കോന്തലകൊണ്ട് തുടച്ചു ,ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയ അമ്മിണിയമ്മ കാണുന്നത് കാലത്തെ നല്ല തിളങ്ങുന്ന ശുഭ്രവേഷത്തിൽ തൻറെ സമീപത്തേക്ക് നടന്നുവരുന്ന ‘ശ്രീ ‘മോളെയാണ് . ” എത്ര സുന്ദരിയായിരിക്കുന്നു !….നല്ല കസവ് സെറ്റുമുണ്ടിൽ…കാതിൽ തോടയും, കഴുത്തിൽ പവിഴ മുത്തുമാലയും, കൈത്തണ്ടയിൽ ഇരു സ്വർണ്ണവളകളും അണിഞ്ഞു…നെറ്റിയിൽ ചന്ദനവും ,സിന്ദൂരവും കരിപ്പൊട്ടും ഒക്കെ ചാർത്തി ,എന്നും കണികാണാൻ ആഗ്രഹിക്കുന്നൊരു ദിവ്യരൂപം !. ക്ഷേത്രത്തിൽ പോയി തൊഴുത് പ്രാർഥിച്ചു നേരിട്ടുള്ള വരവാണ് !…അവിടുത്തെ ദേവി, പ്രതിഷ്‌ഠ ഇറങ്ങി വന്ന കൂട്ടുണ്ട്…”.!.
അവരുടെ ചിന്തകളെ മടക്കികൊണ്ട്…’ശ്രീ ”യുടെ ശബ്ദമുയർന്നു ” ങാഹാ….അമ്മായി ഇവിടെ ഉണ്ടായിരുന്നോ ?.പുറത്തു ആരെയും കാണാഞ്ഞു ഞാനങ്ങു പേടിച്ചുപോയി!. കാലത്തു ഒരു ഒച്ചയും അനക്കവും ഒന്നുമില്ലാതെ !.സാധാരണ അമ്മാവനെങ്കിലും കാണുന്നതാ ഇവിടൊക്കെ . ഈ രാവിലെ ഈ അമ്മാവൻ ഇതെവിടെപ്പോയി ?”.
” ങാ , ആരിതു ശ്രീമോൾ ആയിരുന്നോ ?….കാലത്തെ അമ്പലത്തിൽ പോയുള്ള വരവാ ? സുന്ദരിക്കുട്ടി ” . ചോദ്യത്തോടൊപ്പം അമ്പേ ക്ഷീണിച്ച മുഖഭാവം !….അന്തർലീനമാർന്ന കൊടിയ ദുഃഖത്തിൽ നിന്ന് പ്രസന്നതയിലേക്ക് വഴുതിമാറാൻ ശ്രമിക്കുന്ന അമ്മായീടെ വൃഥാശ്രമം !. ഒക്കെക്കണ്ട് , വല്ലാതെ വിഷാദം വഴിമുട്ടി…. എന്തുപറയണം എന്നറിയാൻ കഴിയാതെ ,” ശ്രീ ” ഉഴറുമ്പോൾ…” ഓ ഒച്ചയും ബഹളവും !…..എല്ലാം കഴിഞ്ഞില്ലേ മോളെ , ഒരു മരണവീട് പോലെ ആയില്ലേ ഇപ്പോൾ ഇവിടം !. ഇവിടിരുന്നു ഒക്കെ കേൾക്കെയും കാണുകേം ചെയ്യാനാവാതെ , ഗത്യന്തരം കെട്ടു അമ്മാവൻ പുറത്തേക്കെങ്ങാനും ഇറങ്ങിയതാവും . റോഡിലോ കവലയിലോ മറ്റോ ഉണ്ടാവും’’ .