പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Posted by

അമ്മയ്ക്കും മകൾക്കും തോന്നിയ ചമ്മലും ,പതർച്ചയും ഒക്കെ ട്ടീച്ചറിലും അതേയളവിൽ പ്രതിഫലിച്ചു…അങ്ങോട്ടുള്ള സംസാരത്തിനു തടയിട്ടു . എങ്കിലും …ക്ലാസ്സിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥി ആയിരുന്ന ” ജിത്തു ”നെ തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല .ഒപ്പം തൻറെകൂടി പങ്കാളിത്തത്തിൽ, സ്വന്തം ”നീസ് ”നാൽ അവന് സംഭവിച്ച ദുര്യോഗങ്ങൾ !….തനിക്ക് ഒരിക്കലും അതിൽനിന്ന് ഒഴിഞ്ഞുമാറാനോ ഒട്ടും കൈകഴുകാനോ കഴിയില്ല . ഇപ്പോഴത്തെ അവൻറെ അവസ്‌ഥ കണ്ടെത്തി , താനാൽ എന്തെങ്കിലും ഒരു ആശ്വാസം അവന് പകർന്ന് നൽകണം എന്ന ഉറച്ച ആഗ്രഹവും മനഃപാഠവും അവരെ മുന്നോട്ട് നയിച്ചു . അത് പുഞ്ചിരിക്ക് പിന്നിലെ കുശലാന്വേഷണങ്ങളിൽ അവരെ എത്തിച്ചു . വർത്തമാനം ഔപചാരികത വിട്ട് അഭീ വിഷയത്തിൽ എത്താൻ അധികസമയം എടുത്തില്ല .

”ജിത്തു ഇപ്പോൾ എങ്ങനെയുണ്ട് ? ” ….സ്മിത ആന്റി നേരിട്ട് പ്രതിപാദ്യത്തിലെക്കെത്തി . അഭിരാമിയാണ് അതിന് ഉത്തരം ഒരു ചോദ്യ രൂപേണ പറഞ്ഞത് .
” ടീച്ചർ ഇടക്ക് എപ്പോൾ എങ്കിലും അവനെ കണ്ടിരുന്നോ ? ”

”ഇല്ല . ക്ലാസ്സ് കഴിഞ്ഞ ശേഷം എനിക്കവനെ തീരെ കാണാൻ കഴിഞ്ഞിരുന്നില്ല . പക്ഷെ അവൻറെ കാര്യങ്ങൾ എല്ലാം കുറേയേറെ ഞാൻ അറിഞ്ഞിരുന്നു . അതിലേറെ ഊഹിച്ചു മനസ്സിലാക്കാനും ആവും . അതാ ഞാൻ അങ്ങനെ ചോദിച്ചത് . ”

” അപ്പോൾ അവൻറെ പ്രണയബന്ധത്തെ കുറിച്ചും ….? ” അഭിരാമി ചോദ്യങ്ങൾ ആവർത്തിച്ചു . ” ഉം …..” വിഷമവും ചമ്മലും അവരെ മൂളലിൽ ഒതുക്കി നിർത്തിച്ചു . പിന്നെ , വേദന അമ്മിണിയമ്മ സ്വയം ഏറ്റെടുത്തു , ശോക വിവശയെപോൽ അറിയിച്ചു . ” അത് അവനെ എല്ലാത്തരത്തിലും …ആകെ തകർത്തു തരിപ്പണമാക്കി ടീച്ചർ . മോൻ ഇപ്പോൾ ഭ്രാന്തു പിടിച്ചപോലെ നടക്കുകയാ . ”

” ചിലതൊക്കെ ഞാനും അറിഞ്ഞിരുന്നു . അവൻ ഇപ്പോൾ ഭയങ്കര കുടിയും തുടങ്ങി അല്ലേ ?.” അസഹ്യതയോടെ ടീച്ചർ….

വീണ്ടും അഭിരാമി ഇടപെട്ടു . ” ആദ്യം കുറേ ദിവസങ്ങളിൽ അമിതമായ കുടി ആയിരുന്നു . ഒരു രക്ഷയും ഇല്ലാത്ത കുടി …ഇരുട്ടെവെളുക്കെ !. രാവിലെ തുടങ്ങിയാ പാതിരാത്രി ആവുമായിരുന്നു വീട്ടിൽ വരാൻ . എല്ലാവരും പറഞ്ഞു അതൊക്കയൊന്നു മാറി . ഇപ്പോൾ കുടിയും കറക്കവും ഒന്നുമില്ല , പക്ഷെ ….”

അമ്മിണിയമ്മ പൂരിപ്പിച്ചു…” മുറിയിൽ തന്നെ എപ്പോഴും . മുഴുവൻ സമയവും അടച്ചുപൂട്ടി ചിന്തിച്ചു ,ബീഡിയും വലിച്ചിരിക്കും . പുറത്തേക്കെങ്ങും ഇറക്കമോ ആരോടും മിണ്ടാട്ടമോ ഇല്ല !. ഭക്ഷണം തോന്നുമ്പൾ എന്തേലും കഴിച്ചാലായി .”

അമ്മയുടേയും മകളുടേയും സങ്കടം കുത്തിനിറച്ച വാക്കുകൾ കേട്ട് , സ്മിതക്കും ജിത്തിനെ ഓർത്തു വലിയ ഉത്കൺഠയും ഭയവും തോന്നി . വ്യസനം മുഴുവൻ ഉള്ളിൽ ഒളിപ്പിച്ചു അവർ തുടർന്നു ….” എനിക്ക് അവൻറെ മുഖത്തു നോക്കാൻ അർഹതയില്ല . പക്ഷെ അവൻറെ ഈ അവസ്‌ഥയിൽ അവനെ ഒന്ന് വന്നുകണ്ട്‌ ആശ്വസിപ്പിക്കണം എന്ന് വല്ലാത്ത ആഗ്രഹമുണ്ട് . എന്നെ അവൻ അവിടുന്ന് അടിച്ചിറക്കിയില്ലേൽ……ഇപ്പോൾത്തന്നെ നിങ്ങൾക്കൊപ്പം ഒന്ന് വന്നുകണ്ട്‌ സംസാരിച്ചു നോക്കാം . ”

അമ്മ വീണ്ടും ….” ഏയ് അങ്ങനൊന്നും ചിന്തിക്കണ്ടാ. ടീച്ചറെ അവനു വലിയ ഇഷ്‌ടമാ ഇപ്പോഴും . ടീച്ചറെ കുറിച്ച് വീട്ടിൽ എപ്പോഴും എത്ര വാ തോരാതാ മോൻ സംസാരിക്കുന്നെ എന്ന് ടീച്ചറിന് അറിയോ ?. ആ ടീച്ചർ അത്രിടം വരെ ഒന്നുവന്നു കണ്ട് ഉപദേശിച്ചാൽ ….തീർച്ചയായും നമ്മുടെ അഭിമോൻറെ മനസ്സ് മാറും …ഉറപ്പാ !.”

Leave a Reply

Your email address will not be published. Required fields are marked *