അമിത മദ്യപാനത്തിൻറെ ആഖാതത്തിനും മനസ്സിൻറെ തകർച്ചക്കും ഒപ്പം കുറ്റബോധത്തിൻറെ ആഴമേറിയ ”നീറ്റലുകൾ”….നെഞ്ഞിൽ നെരിപ്പോടായ് കത്തിയെരിയാൻ തുടങ്ങിയപ്പോൾ കട്ടിൽവിട്ട് എഴുന്നേൽക്കാൻ കഴിഞ്ഞില്ല ,അഭിക്ക് . വീടും കുടുബവും സ്വന്തം അസ്തിത്വത്തിൻറെ ഭാഗമായ് കരുതി അഭിമാനം പൂണ്ട് അഹങ്കരിച്ചിരുന്ന താനിപ്പോൾ എവിടെ ?…. ഇനി എങ്ങനെ മുന്നോട്ട് ?….തൻറെ ഭാവി….അടുത്ത ജീവിതം…എല്ലാം ചോദ്യചിഹ്നങ്ങലായി മുന്നിൽ തലയുയർത്തി നിന്നപ്പോൾ …മുന്നോട്ടു നീങ്ങാൻ വഴിയറിയാതെ അവൻ ഇടറി . കുമിഞ്ഞുകൂടിയ സന്ദേഹങ്ങളും കൂടിക്കുഴഞ്ഞ ചിന്താ ഭാരവും കെട്ടിപ്പിണഞ്ഞു കുരുക്കഴിക്കാൻ ആകാതെ , ആകുലതകിൽ ഉഴറുമ്പോൾ ….മുന്നിൽ ചാരിക്കിടന്ന വാതിൽ തുറന്ന് ആരോ വരുന്ന നിഴൽ കണ്ടു .
മറ്റാരും അല്ല !…പതിവുപോലെ പുലർച്ചയിൽ എപ്പോഴോ അമ്പലത്തിൽ പോയി തൊഴുത് മടങ്ങിവരുന്ന തൻറെ പ്രിയപ്പെട്ട ശ്രീമോളുടെ പൂർണ്ണേന്തുരൂപം !. അഭി അവളെ അഭിമുഖീകരിക്കാൻ ആവാതെ അകലേക്ക് എങ്ങോ കള്ള നോട്ടമെറിഞ്ഞു . തന്നോടുള്ള മനോഭാവത്തിൽ , അവളിലെ പകിട്ട് നന്നേ കുറയുന്നത് അവൻ വിലയിരുത്തി. പഴയ പുഞ്ചിരിയും ചുറുചുറുക്കും കുസൃതീഭാവവും തീരെയില്ല . വേഷഭൂഷാദിയും പ്രസാദാത്മകതയും ഒന്നും ഒട്ടുമില്ല . ആകെ ഒരു അലസ വിരസ വിഷാദാത്മക ഭാവം !. താൻ ഒരാൾ കാരണം എല്ലാവരും തന്നെപ്പോലായി , തകർച്ച നേരിട്ട് …കാലിടറുകയാണോ ?. അരുത് !…പാടില്ല !. ഇനി അങ്ങോട്ട് ഒരു മടക്കം വേണ്ടാ .ഇവിടം വിട്ട്…മറ്റ് എങ്ങോട്ടെങ്കിലും സ്‌ഥലംവിട്ട് എന്നെന്നേക്കുമായി പോകുക . ആരുടേയും ഒരു ദുഖത്തിനും സാക്ഷിയാവാൻ തനിക്കിനി വയ്യ !. തൻറെ ദുഃഖം ദർശിക്കാൻ മറ്റാർക്കും ഇനി അവസരവും നൽകില്ല . ഒന്നിനും പരിഹാരവും അവസാനവും ആകാത്ത മദ്യപാന കുറുക്കുവഴിയും ഇനി വേണ്ട !. എല്ലാം ഇവിടം കൊണ്ട് തീരട്ടെ . സകലതും ഇവിടെ നിർത്തി ..ഇട്ടെറിഞ്ഞു പോവുകതന്നെ ഇത്രേയുള്ളൂ തനിക്കിനി ഇവർക്കായി ചെയ്യാൻ കഴിയുന്ന നീതി .കൂട്ടക്കുരുക്കുകളിൽ നിന്ന് അഭിയുടെ ചിന്ത ദൃഡനിശ്ചയത്തിലേക്ക് തീരുമാനം ഉറപ്പിക്കുമ്പോൾ …അഭിയുടെ വേഷവും രൂപവും കണ്ട് , സഹികെട്ട് മൗനം ഭജിച്ചു ശ്രീ ,
” കഴിഞ്ഞൊരു ദിവസം ഞാൻ ഏട്ടനോട് എന്തോ പറയുന്ന കേട്ടിട്ട് …ഏട്ടൻ പിന്നെ ആ ദിവസം ഇങ്ങോട്ട് മടങ്ങി വന്നതു കൂടിയില്ല . ഞാനിനി ഏട്ടനോട് അതുകൊണ്ട് ഒന്നും പറയണ്ടാ എന്നു വച്ചിരുന്നതാണ് .ഏട്ടന് ഇഷ്‌ടമുള്ളതൊക്കെ ചെയ്തോളൂ .പക്ഷെ ഈ വേഷം !…ഈ താടിയും മുടിയും ഇങ്ങനെ നീട്ടിവളർത്തി , ഒരു ദേവദാസൻ ആവാനാണോ?…ഏട്ടൻറെ പരിപാടി. അമ്മായിക്കും ചേച്ചിക്കും ഏട്ടനെ ഓർത്തിനി കരയാൻ കണ്ണുനീരില്ല .അമ്മാവൻറെ കാര്യമാണേൽ അതിലും കഷ്‌ടമാ . ”…..
അവൾ പിന്നെയും എന്തെല്ലാമോ പറഞ്ഞു. അതിൽ എന്തൊക്കെയോ അവൻ കേട്ടു . എന്തിലേക്കെയോ ചിന്ത അവനെ കുരുക്കിലിട്ടു .അവളുടെ പറച്ചിലിൽ അവളും ഈ അവസ്‌ഥയെ നേരിട്ട് പോകൂന്നതിൽ അവനെ അസ്വസ്‌ഥത ഉണ്ടാക്കി . ഒപ്പം ..ഒക്കെ പറയുമ്പോഴും അവളുടെ കാതരമിഴികൾ നിറഞ്ഞു തുളുമ്പുന്നതും ..അവനെ കാണിക്കാതെ എങ്ങനെയോ സ്വയം അവളത് തുടച്ചു നീക്കുന്നതും അവൻ മനസ്സിലാക്കി . ആ കാഴ്ചയും അറിവും അവനെ സ്തബ്ധനാക്കുന്നതായിരുന്നു . അമ്മയെയും ചേച്ചിയെയും പോലെ ഇനി , ശ്രീക്കുട്ടിയുടെ മിഴികളും നിറയുക !. സഹിക്കാവുന്നതിലും അപ്പുറമാണ് തനിക്ക് അത് . മുറപ്പെണ്ണ് എന്നതിനപ്പുറം അവൾ …തനിക്ക് കുഞ്ഞനിയത്തിയും ബാല്യകാല കൂട്ടുകാരിയും എല്ലാം എല്ലാമാണ് !.