പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Posted by

നീ ഇത് എന്തറിഞ്ഞിട്ടാ ?….അവൻറെ മനസ്സും വയറും ഒക്കെ നിറഞ്ഞുകവിഞ്ഞു വീർത്തു മുട്ടി ഇരിക്കുവാ….കൂട്ടുകാരുടെ സ്നേഹവും…പരിപോഷണവും ഒക്കെകൊണ്ട് !. ഒരു വറ്റു, താഴോട്ട് അവനിറങ്ങുമോ ?…നമ്മളുണ്ടാക്കുന്നത് കഴിക്കാൻ . അല്ലെങ്കിലും നമ്മൾ പറയുന്നത് കേൾക്കാൻ എന്തെങ്കിലും ഒരു ബോധം !…അവന് എപ്പോഴെങ്കിലും ഉണ്ടോ ?. കൂട്ടുകാരല്ലേ അവനു സർവ്വസവും !. ”

” അങ്ങനൊന്നുമില്ല…അതൊക്കെ നിങ്ങടെ തോന്നലാ . അഭിമോൻ അവൻറെ മനസ്സിൻറെ വിഷമം കൊണ്ട് കഴിക്കാത്തതാ .എല്ലാം ശരിയാവും !. ” അമ്മിണി അയാളെ തിരുത്താൻ ശ്രമിച്ചു ..

” മനസ്സിൻറെ വിഷമം കൊണ്ട് ആണോടീ ഇങ്ങനെ വെളിവും തെളിവും ഇല്ലാതെ നടക്കുന്നത് ?. അവൻ ഇഷ്‌ടപ്പെട്ട പെണ്ണ് വേറെ ആരുടെയോ കൂടെ പോയി . അതിന് അവനെന്തിനാ ഇങ്ങനെ ലക്കുകെട്ട് നടക്കുന്നെ ?. ” നായരുടെ സംസാരത്തിനു മൂർച്ച കൂടി .

അമ്മിണി അനുനയത്തിൻറെ ഭാഷയിൽ ….”’ മോൻ കുഞ്ഞുന്നാള് മുതലേ സ്നേഹിച്ചു…മനസ്സിൽ കൊണ്ടുനടന്നതാ , അപ്പോൾ ഇങ്ങനൊക്കെ സംഭവിച്ചാൽ ആർക്കായാലും കുറച്ചു വിഷമം ഒക്കെ വരും !. അതിനു പക്ഷെ മോൻ പട്ടിണി കിടക്കുന്നത് എന്തിനാ ?…നേരത്തിനും കാലത്തിനും എന്തേലും കഴിച്ചിട്ട് നടക്കെടാ …..”

” ഉപദേശവും ആശ്വസിപ്പിക്കലും എല്ലാം നല്ലതുതന്നെ !. പക്ഷെ ഇപ്പോഴല്ല , നേരം വെളുക്കട്ടെ . അപ്പോൾ എന്തേലും ”വെളിവ് ” ഉണ്ടെങ്കിൽ പ്രസംഗിച്ചുനോക്ക് . മനസ്സുണ്ടെങ്കിൽ കേൾക്കട്ടെ !. ഇപ്പോൾ ചോറിൽ വെള്ളം ഒഴിച്ചിട്ട് പോയികിടന്നു ഉറങ്ങാൻ നോക്ക് . അസുഖം ഒക്കേ ഉള്ളയാളല്ലേ?…ഉറക്കമൊഴിഞ്ഞു വെറുതെ ആരോഗ്യം കൂടി കളയണ്ടാ. പൊന്നുമോനും പോയി കിടന്ന് ഉറങ്ങിക്കോ …ശല്യപ്പെടുത്തിയതിൽ മാപ്പാക്കുക . എന്തായാലും അപകടം ഒന്നും കൂടാതെ , സത്രത്തിൽ മടങ്ങി എത്തിച്ചേർന്നല്ലോ ….ദൈവത്തിന് സ്‌തുതി !….ഉം പൊക്കോ …”

പരിഹാസ്യത്തിൽ പൊതിഞ്ഞ അച്ഛൻറെ ” ശരമുന ”യാലുള്ള കടുത്ത വാക്കുകൾ മുഴുവൻ അഭി നമ്രശീർഷനായി നിന്ന് ശ്രവിച്ചു.കുറ്റബോധം കുന്നുകൂടിയ മനസ്സിനെ താതൻറെ കാൽക്കീഴിൽ സമർപ്പിച്ചു, ആയിരം നാവിൻറെ മറുപടി ,മൗനത്തിൻറെ വാല്മീകത്തിൽ ഒളിപ്പിച്ചു…നിസ്സഹായതയിൽ തകർന്ന ഹൃദയവുമായി… ഭവ്യനായി അവൻ പടി കയറി. പിന്നെ സമാശ്വാസത്തിൻറെ ഉയരത്തിലേക്ക്…. ചവിട്ടുപടികൾ പിന്നിട്ട് …തൻറെ സ്വകാര്യതയിലേക്ക്….സ്വന്തം മുറിയിലേക്ക് അയാൾ കൂടേറി .

പുതിയ പ്രഭാതം അതിൻറെ എല്ലാ നൈസ്സർഗീയതയോടും ശാന്തതയോടും ”ആരാമം” വീടിൻറെ തിരുമുറ്റത്ത് വെയിൽകോലം കളമെഴുതി .അതികാലത്തെ ഉറക്കമുണർന്ന വീട്ടിലെ എല്ലാവരും സ്വന്തം കർമ്മപഥങ്ങളിൽ വ്യാപൃതരായി . പക്ഷെ മുകൾനിലയിലെ പഞ്ഞിമെത്തയിൽ മതിമറന്ന് ഉറക്കത്തിൽ ആണ്ടുകിടന്ന അഭിക്കുട്ടനെ ഉണർത്താൻ പ്രകൃതി സ്വയം പരിശ്രമിച്ചു ഇറങ്ങേണ്ടി വന്നു . ആദിത്യൻ തൻറെ സ്നേഹകടാക്ഷം വെള്ളിച്ചില്ലുയർത്തി ,മുഖത്തു പതിപ്പിച്ചപ്പോൾ അറിയാതെ അവൻ കണ്ണ് ചിമ്മിത്തുറന്നു . സൂര്യപ്രകാശത്തിന് അസാധാരണ ചൂടും തിളക്കവും !. സമയം ഏറെയായി കാണണം . മേശപ്പുറത്തിരുന്ന ”ഡൈംപീസ്” കയ്യെത്തി എടുത്ത് നേരെവച്ചു നോക്കി . അഭി ഞെട്ടിപ്പോയി !. സമയം പത്തര കഴിഞ്ഞിരിക്കുന്നു . വെറുതെ ചിലവഴിച്ചു പാഴാക്കിക്കളഞ്ഞ കഴിഞ്ഞ ദിവസങ്ങളിലെ ദയനീയമുഹൂർത്തങ്ങൾ ആ എരിവേനലിലും ചുമ്മാതെ വേദന പടർത്തി…ചാട്ടവാറടി തുടർന്നു . കർണ്ണപുടങ്ങളിൽ അസ്തമിക്കാതെ നിറഞ്ഞു നിന്നതു മുഴുവൻ …കഴിഞ്ഞ രാത്രിയിലെ അച്ഛൻറെയും അമ്മയുടെയും വാക്കുകളുടെ ഇടിമുഴക്കം !. കാഴ്ചയിൽ മറയാതെ ജ്വലിച്ചത് നിറയെ ബോംബെയിൽ നിന്ന് തന്നെ കാണാനായി എത്തിയ പ്രിയ സഹോദരിയുടെ ദാരുണ വദനം !.

Leave a Reply

Your email address will not be published. Required fields are marked *