വളരെ രോഷത്തിൽ സംസാരിച്ചു തുടങ്ങി എങ്കിലും ഇഷ്‌ടം , സ്നേഹം , വിശ്വാസം ,വാത്സല്യം ഉല്ലാസഭരിതമായ പ്രേമം , വർണ്ണങ്ങൾ കൂടിയ പ്രണയം തുടങ്ങിയവയിലൂടെ കടന്നുപോയപ്പോൾ അവൻറെ മനസ്സ് ആർദ്രവും പുളകിതവുമായി . ഒടുവിൽ ഉപസംഹരിക്കുമ്പോൾ വേദനയിലും ശാന്തമായി …” എന്താണ് ലീന ആരോടും ഒന്നും തുറന്നു പറയാതെ വീട്ടുകാരുടെ ഭീഷണിക്കുമുന്പിൽ കീഴടങ്ങി, കഴുത്തുനീട്ടി കൊടുത്തത്ത് ? . എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യം ഇത് മാത്രമാണ് . ഉറപ്പുള്ളത് സ്മിതാമാം ഒന്നും അറിഞ്ഞിട്ടില്ലെന്നും , ഒരു തെറ്റിനും കൂട്ടുനിൽക്കയില്ല എന്നുള്ളതിലും ആണ് .
ടീച്ചർ വിഷയത്തിൽ തിരശീല വീണെങ്കിലും….സദസ്സ് പിന്നെയും പടിപടിയായി കൊഴുത്തു മുന്നേറി . നിറഞ്ഞൊഴിയുന്ന ചഷകങ്ങൾക്ക് വേഗതയേറി….സംസാരിക്കുന്ന വിഷയങ്ങൾക്ക് വീര്യവും. പുതിയ പുതിയ വിഭവങ്ങൾക്കൊത്തു ക്ഷോഭവും അനുതാപവും ഇടകലർന്ന് ഒരുപോലെ സൽക്കാരം തീർത്തു വന്നുപോയി . മൗനത്തിൽ നിന്നുണർന്ന അഭിയുടെ പ്രതിരോധം ചടുലവും തീവ്രവും ആയിരുന്നെങ്കിലും അടുത്ത നിമിഷം അവൻ ഐസുപോൽ തണുത്തുറഞ്ഞു പോയി .മുഖത്തെ ശാന്തത , ദയനീയ….വിഷാരാർദ്ര ഭാവം അവൻറെ സ്‌ഥായീ തളർച്ചയെ ഒന്നുകൂടി വിളിച്ചോതി . അത് കണ്ടറിഞ്ഞാവണം അനുരഞ്ജന ഭാഷയിൽ എഡ്വേർഡ് സാന്ത്വനവുമായി വീണ്ടും കടന്നുവന്നു…..” അളിയാ അഭീ കുറേശ്ശെ കഴി അളിയാ….കാതു കുത്തിയവൾ പോയാൽ….കടുക്കനിട്ടവൾ വരും !….അളിയൻ സമാധാനിക്ക് . പോയവൾ പോട്ടേ …നമുക്കെല്ലാം ശരിയാക്കാമളിയാ.” .
ആ പരിശ്രമങ്ങൾ ഒന്നും പക്ഷെ ലഹരിയുടെ കനൽകട്ടയിൽ നിന്ന് കത്തിത്തുടങ്ങിയ പ്രതികാരാഗ്നികളെ തല്ലിക്കെടുത്താൻ തക്ക ശക്തിയുള്ളത് ആയിരുന്നില്ല . സിരകളിൽ ലഹരി ഉന്മാദം നിറച്ചു ….ആമോദം അണപൊട്ടി ഒഴുകുമ്പോൾ സദസ്സിൽ പ്രതിഷേധങ്ങളും പ്രകമ്പനങ്ങളും തുടർന്നു . കാലത്തു തുടങ്ങിയ കമ്പനി സായാഹ്നത്തിലേക്ക് നീണ്ടപ്പോഴും …ആസക്തി ആരിലും അത്രവലിയ മങ്ങലൊന്നും ഏൽപ്പിച്ചിരുന്നില്ല . പിന്നെ , മെല്ലെ കടന്നുവന്ന സന്ധ്യ പടിഞ്ഞാറ് കുങ്കുമംതൊട്ടു മുറിക്കുള്ളിലേക്ക് ഇരുൾ പരത്താൻ തുടങ്ങുമ്പോൾ മദോന്മതയിൽ നിമഗ്നർ ആയിരുന്ന അഭി ഒഴിച്ചുള്ളവർ കമ്പനി തീർത്തു പിൻവാങ്ങാൻ സന്നദ്ധത അറിയിച്ചു . ഉന്മാദം വിട്ടൊഴിഞ്ഞു….പിരിയാൻ തയാറാകാതെ നിന്ന അഭിയേയും സഹായത്തിനു സുജനെയും ഒരു മുറി എടുത്തു താമസിപ്പിച്ചു . നിറവയർ ഒഴിഞ്ഞ മദ്യക്കുപ്പികളും ,ചിന്നിച്ചിതറിയ എച്ചിൽപാത്രങ്ങളും, സിഗരറ്റു കുട്ടികളും ബാക്കിയാക്കി…മൂവർസംഘം മുറിവിട്ടു യാത്രയായി .