പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 2

Posted by

’’തിക്ക് ഫാമിലിഫ്രെണ്ട്സ്’’ എന്നൊക്കെ…ചർവ്വിത ചർവ്വണം പോലെ നീട്ടിയും പരത്തിയും പറഞ്ഞു …തേനും പാലും ഒലിപ്പിച്ചു നടന്നിരുന്ന ഒരാൾ ഉണ്ടായിരുന്നല്ലോ?…ഇവിടെ . ”നമ്മുടെ യാങ്കി ഇ0ഗ്ളീഷ് ലെക്ച്ചറർ ”സ്മിതാ ആന്റി കൊച്ചമ്മ !. ഇവനെ കുളിപ്പിച്ച് കിടത്തിയിട്ട്…എവിടെ പോയി അവർ ?. ഈ കൊടുംചതിയിൽ അവർക്ക് എന്തായിരുന്നു റോൾ ?. ഈ കൂട്ടുകച്ചവടത്തിൽ അവർക്ക് എന്ത് കിട്ടി വിഹിതം…?. “.

എഡ്വേർഡ് അത് പറയുമ്പോൾ , അതുവരെ പൂർണ്ണമൗനത്തിൽ എല്ലാംകേട്ട് …കൂട്ടുകാർ നിറക്കുന്ന പാനപാത്രം നുകർന്നു0 കുടിച്ചും പാനീയ സേവയിൽ മുഴുകി , ലഹരിയുടെ വിസ്മയലോകത്തു അഭിരമിക്കാൻ തുടങ്ങിയ അഭി…അപ്രതീക്ഷിതമായി എഡ്വേർഡിൻറെ സ്മിതമാമിനെ കുറ്റപ്പെടുത്തിയുള്ള ”അനാവശ്യ വാക്കുകൾ ” കേട്ട് ഞെട്ടി !. ഒരുപോലെ അസഹനീയവും അവാസ്തവവുമായ ആ പ്രസ്താവനകൾ കേട്ടിരിക്കാൻ കഴിയാതെ , ഇടക്കുകയറി ഇടപെട്ടു . കുഴഞ്ഞ നാവിലെങ്കിലും അതിശക്തമായ ഭാഷയിൽ എതിർപ്പ് പ്രകടമാക്കി അവൻ പറഞ്ഞു . ” ഫ്രണ്ട്സ് !…നോ , അങ്ങനെ പറയരുത് ഒരിക്കലും…ദയവായി . ടീച്ചർക്ക് ഈ കാര്യത്തിലെങ്ങും ഒരു ബന്ധവും പങ്കുമില്ല .നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ പ്ലീസ് അവരെ ഒട്ടും കുറ്റപ്പെടുത്തി സംസാരിക്കരുത് . അവർ പഞ്ചപാവമാണ് .ഞങ്ങളെ രണ്ടുപേരെയും അകമഴിഞ്ഞു സ്നേഹിച്ചു എന്നൊരു തെറ്റ് മാത്രമേ അവർ ചെയ്തിട്ടുള്ളൂ . ”

അഭിയുടെ വാക്കുകൾക്ക് മറുപടി എന്നോണം ഹരി ഇടക്കുകയറി…” നിന്നെ നല്ലപോലെ അറിയുകയും ഇഷ്‌ടപ്പെടുകയും ചെയ്യുന്ന ഒരാൾ…അവരുടെ ”നീസ് ”നെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചാൽ , നിനക്കൊപ്പം നിൽക്കാതെ അവളെ പണക്കാരനായ ”ഒരു അലവലാതി വേസ്റ്റിനു” കല്യാണം കഴിപ്പിക്കാൻ കൂട്ടുനിന്ന് ഒറ്റിയ അവരല്ലേ അളിയാ ശരിക്കും വഞ്ചകി ?.അവരുടെ സ്നേഹത്തിനും വാഴ്ത്തലിനും ഒക്കെ എന്തെങ്കിലും ആത്മാർഥത ഉണ്ടായിരുന്നോ?. നീ അതിനു മറുപടി പറ…. “.

” എന്നിട്ട് പള്ളിയിൽ മിന്നുകെട്ടിനു കാണുമ്പോൾ എന്തായിരുന്നു ഭാവം ?. ഞാൻ എല്ലാവരെയും അങ്ങ് ഉണ്ടാക്കിയല്ലോ എന്നൊരു പുച്ഛിച്ചു തൊലിഞ്ഞ ചിരിയും !. “….ഷമീറും കലിപ്പ് പുറത്തുകാട്ടി .

സഹിക്കാവുന്നതിനും അപ്പുറമായിരുന്നു ആ കണക്കുകൂട്ടലുകളും വാക്കുകളും !. അതുകൂടി കേട്ട് , എല്ലാ നിയന്ത്രണങ്ങളും കൈവിട്ട് അഭി പൊട്ടിത്തെറിച്ചു . ലീനയോട് ചെറുപ്രായം മുതൽ താൻ കരുതി ,രഹസ്യമായി ഒളിപ്പിച്ചുവച്ച വിശുദ്ധപ്രേമം ,ഡിഗ്രിയുടെ അവസാനനാൾ ….കോളേജ്റ്റൂർ പോകുന്നവരെ തുറന്നു പറയാൻ കഴിയാതെ അനുഭവിച്ച വീർപ്പുമുട്ടലുകൾ , സ്മിതട്ടീച്ചർ എത്തിച്ചേരാതെ റ്റൂർ ദിവസങ്ങളിൽ തമ്മിലടുക്കാൻ കഴിഞ്ഞ സ്വപ്നതുല്യ ദിവസങ്ങൾ, അവയിലെ അവസാന ദിവസങ്ങളിൽ ഇഷ്‌ടം പരസ്‌പരം തുറന്നുപറയാൻ…പ്രണയം തമ്മിൽ കൈമാറാൻ കഴിഞ്ഞ അസുലഭ സൗഭാഗ്യങ്ങൾ…അതിൽനിന്നു ലഭിച്ച സ്വർഗ്ഗീയാനന്ദങ്ങൾ !. ടീച്ചറിൻറെ നിരപരാധിത്വം തെളിയിക്കാൻ അഭിക്ക് അവൻറെ” പ്രണയത്തിൻറെ ഉത്തരക്കടലാസുകൾ മുഴുവൻ” പഴയ സതീർഥ്യരുടെ തിരുമുൻപിൽ ഒന്നൊഴിയാതെ നിരയായ്‌ സമർപ്പിക്കേണ്ടി വന്നു . പ്രണയം പൂത്തുവിടർന്ന് പരിലസിച്ച ഏതോ ഹർഷോന്മാദ നിമിഷത്തിൽ മറ്റെല്ലാം മറന്ന് , തങ്ങളൊന്നായി ശാരീരിക ബന്ധത്തിൽ കടന്ന ആ ഊട്ടിഅധ്യായം ഒന്ന് ഒഴിച്ച്…..

Leave a Reply

Your email address will not be published. Required fields are marked *