രാമൻ സമയം കളയാതെ ജീപ്പ് സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു.
“രാമേട്ടാ. രാവിലെ ഒമ്പതരയ്ക്ക് നന്ദൻ മേനോന്റെ മുറി പൂട്ടി കിടക്കുകയായിരുന്നു. വൈകുന്നേരം മൂന്നരക്ക് മുമ്പ് അതിന്റെ ലോക്ക് തുറക്കുകയും ചെയ്തിരിക്കുന്നു. ആ സമയത്തിനിടയിൽ അവിടെനിന്ന് ആ വാതിൽ തുറന്നു പോയ ആളെ കണ്ടെത്തിയാൽ നമ്മൾ നന്ദൻ മേനോൻ കൊലപാതകിയിലേക്കും എത്തിച്ചേരും. ഒരുപക്ഷേ തെളിവുകൾ നശിപ്പിക്കാൻ ആയിരിക്കാം അവർ അത്രയും സമയം അവിടെ ചിലവഴിച്ചത്.”
“അത് ശരിയായിരിക്കാം സർ.”
“രാമേട്ടാ നമുക്ക് എത്രയും പെട്ടെന്ന് സ്റ്റേഷനിൽ എത്തണം. ഡിറ്റക്റ്റീവ് അരുൺ അവിടെ കാത്തിരിക്കുന്നുണ്ടാവും. അയാളുടെ ഞാൻ അരമണിക്കൂർ കഴിഞ്ഞ് വരാനാണ് ആവശ്യപ്പെട്ടത്. പറഞ്ഞിട്ട് ഇപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു.”
“സർ ഒന്നാം നമ്പർ മുറിയിലെ ശാന്തയെ ഒന്നുകൂടി കണ്ടതിനുശേഷം പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതല്ലേ ഉചിതം. രാവിലെ പത്ത് മണിക്കും മൂന്നു മണിക്കും ഇടയിൽ അവിടെ ആരെങ്കിലും വന്നിരുന്നോ എന്ന് അവർക്ക് അറിയാൻ കഴിയില്ലേ. ഇനി അവർ വാഹനത്തിലാണ് വരുന്നതെങ്കിൽ വാഹനത്തിന്റെ ശബ്ദം എങ്കിലും ശാന്ത കേട്ടിട്ടുണ്ടാവില്ല.”
“നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് രാമേട്ടാ. നമുക്ക് അവിടെ തന്നെയാണ് പോകേണ്ടത്. ഒരുപക്ഷേ മാറ്റിവച്ചാൽ പിന്നീട് സംഭവം മറന്നു പോകാനുള്ള സാധ്യതയുണ്ട്. നിങ്ങൾ വണ്ടി ലോഡ്ജിലേക്ക് തന്നെ വിടൂ.”
സ്വാമിനാഥനും രാമനും ലോഡ്ജിൽ എത്താൻ അധികം സമയം വേണ്ടി വന്നില്ല. സമയം അപ്പോഴേക്കും ആറര കഴിഞ്ഞിരുന്നു.
അവർ നേരെ പോയത് ശാന്ത താമസിക്കുന്ന ഒന്നാം നമ്പർ മുറിയിലേക്ക് തന്നെയായിരുന്നു. സ്വാമിനാഥൻ വാതിൽ കൈകൊണ്ട് മുട്ടി.
“ആരാ അത്.” എന്ന് ചോദിച്ചു കൊണ്ട് വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയത് ഒരു പുരുഷനായിരുന്നു. പുറത്തു നിൽക്കുന്ന പോലീസുകാരനെ കണ്ടു അയാളും ഒന്നു പതറി.
അത് ശാന്തയുടെ ഭർത്താവായിരിക്കും എന്ന് സ്വാമിനാഥൻ ഊഹിച്ചു.
“സുകുമാരൻ അല്ലേ.?” ശാന്ത പറഞ്ഞുകൊടുത്ത അഡ്രസ്സിലെ ഭർത്താവിന്റെ പേര് ഓർത്തുകൊണ്ട് രാമൻ ചോദിച്ചു.
“അതേ. എന്താ സാറേ കാര്യം.”
“ഇന്ന് ഈ ലോഡ്ജിലെ മൂന്നാം നമ്പർ മുറിയിൽ ഒരാൾ മരണപ്പെട്ടത് അറിഞ്ഞിരിക്കുമല്ലോ അല്ലേ.? അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അറിയാനായി വന്നതാണ് ഞങ്ങൾ. അകത്തേക്ക് കയറാമല്ലോ അല്ലേ.?” സ്വാമിനാഥൻ ചോദിച്ചു.