ആ സമയം സ്വാമിനാഥനും രാമനും സാവിത്രിയുടെ വീടിനുമുമ്പിൽ എത്തിയിരുന്നു. സാവിത്രി അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നില്ല.
കോൺസ്റ്റബിൾ രാമൻ സാവിത്രിയിൽ നിന്ന് അഡ്രസ്സിനോടൊപ്പം വാങ്ങിയിരുന്ന നമ്പറിൽ വിളിച്ച് എത്രയും പെട്ടെന്ന് തന്നെ വീട്ടിലേക്ക് എത്തിച്ചേരാൻ ആവശ്യപ്പെട്ടു.
ഏകദേശം അരമണിക്കൂറോളം സമയം തന്നെ അവർക്കവിടെ കാത്തിരിക്കേണ്ടിവന്നു. അതുകഴിഞ്ഞാണ് സാവിത്രി അവിടെയെത്തിയത്.
“സോറി സർ. കുറച്ചു വൈകിപ്പോയി. ചെയ്യുന്ന ജോലി കഴിയാതെ വരാൻ കഴിയില്ലല്ലോ.?” അതുകൊണ്ടാണ് സർ. വാതിൽ തുറക്കുന്ന അതിനിടയിൽ ക്ഷമാപണത്തോടെ സാവിത്രി പറഞ്ഞു.
“സാരമില്ല. കാര്യങ്ങളെല്ലാം എനിക്കും മനസ്സിലാകും.” അയാൾ മറുപടി നൽകി.
“സാർ അകത്തേക്ക് ഇരിക്കാം. സാറിന് കുടിക്കാൻ എന്താ വേണ്ടത്.?” ആതിഥ്യ മര്യാദയോടെ സാവിത്രി ചോദിച്ചു.
“തൽക്കാലം കുടിക്കാൻ ഒന്നും വേണ്ട സാവിത്രി. കുറച്ചുമുമ്പ് ഞാൻ ചോദിക്കാൻ വിട്ട ചില കാര്യങ്ങളിൽ എനിക്ക് ചില സംശയങ്ങൾ ഉണ്ട്. അതിന്റെ ദൂരീകരണത്തിനാണ് ഇപ്പോൾ ഞാൻ വന്നിരിക്കുന്നത്.” സ്വാമിനാഥൻ ആഗമനോദ്ദേശം വെളിപ്പെടുത്തി.
സ്വാമിനാഥനും കോൺസ്റ്റബിൾ രാമനും ഹാളിലേക്ക് കയറി അവിടെയുണ്ടായിരുന്ന കസേരകളിൽ ഇരുന്നു. കോൺസ്റ്റബിൾ രാമൻ റൈറ്റിംഗ് പാഡ് എടുത്തു എഴുതാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
“സർ ചോദിച്ചോളൂ. എനിക്കറിയാവുന്നത് എല്ലാം ഞാൻ പറയാം.”
“സാവിത്രി ഇന്ന് രാവിലെ ലോഡ്ജിൽ പോയിരുന്നോ.?” സ്വാമിനാഥൻ നേരെ കാര്യത്തിലേക്ക് കടന്നു.
“ഉവ്വ് സാർ. രാവിലെ സുന്ദരൻ സാറിന്റെയും രമ ടീച്ചറുടെയും മുറി വൃത്തിയാക്കാൻ വേണ്ടി ഞാനവിടെ പോയിരുന്നു.”
“നിങ്ങൾ നന്ദൻ മേനോന്റെ മുറി വൃത്തിയാക്കാൻ സാധാരണയായി എപ്പോഴാണ് പോകാറുള്ളത്.”
“അങ്ങനെ പ്രത്യേക സമയം ഒന്നും ഇല്ല സർ. ചിലപ്പോൾ സുന്ദരൻ സാറിന്റെ മുറി വൃത്തിയാക്കിയതിനു ശേഷം അവിടെ വൃത്തിയാക്കും. അല്ലെങ്കിൽ വൈകുന്നേരം വീണ്ടും പോകും.” സാവിത്രി വിശദീകരിച്ചു.
“ഇന്ന് രാവിലെ നിങ്ങൾ നന്ദൻ മേനോന്റെ മുറി വൃത്തിയാക്കാൻ നോക്കിയിരുന്നോ.?”