എന്നാലാ കണ്ണുകൾ എന്നെയൊരിക്കലും വിസ്മയിപ്പിക്കാതെയിരുന്നിട്ടില്ല. അവളുടെ വരണ്ട, അങ്ങിങ് അലക്ഷ്യമായി പറന്നു കളിക്കുന്ന ചെമ്പൻ മുടി നാരുകൾ കണ്ടിട്ട് കുളിച്ചിട്ടിയെത്രയായി എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്. നാട്ടിലെ ഏതെങ്കിലും പെണ്ണായിരുന്നെങ്കിൽ ഞാനുറപ്പായും ചോദിച്ചേനെ.
“മേ ഉസ് ദിൻ… ബിനാ പൂച്ച്കേ, ആപകാ ഘർ പേ ആയ ധാ. ഗൽത്തി മേരാ ഹേ. സോറി…”
അവളെന്റെ മുഖത്തു നോക്കി അത് പറയുമ്പോൾ അവളുടെ കണ്ണിലെ ആത്മാവ്ശ്വാസം കണ്ടെനിക്ക് മനസ്സിലായി, അപ്പറഞ്ഞത് അവളെയാരും പറഞ്ഞു പഠിപ്പിച്ച് വിട്ടതല്ലെന്ന്. അവളുടെ പക്വതയില്ലാത്ത ശരീരം പോലെയല്ല അവളുടെ മനസ്സെന്ന തോന്നൽ എന്നെ സന്തോഷിപ്പിച്ചു.
“ഐ ഡോണ്ട് മൈൻഡ്.” ഞാൻ ചിരിച്ചു കൊണ്ട് ഉത്തരമേകി.
“ക്യാ???” അവൾ കണ്ണ് മിഴിച്ചു കൊണ്ട് എന്റെ നേരെ തല നീട്ടിയപ്പോൾ എനിക്ക് ചിരി വന്നു.
“നഹി, നോ പ്രോബ്ലെം. സോറി നഹി… നഹി…”
അവളോട് എന്ത് പറയണമെന്നറിയാതെ തടി തപ്പാൻ നിന്ന എന്റെ മുന്നിൽ നിന്നവൾ കുണുങ്ങിച്ചിരിച്ചു. അല്പനേരം തമ്മിൽ സംസാരിക്കാതെ അവൾക്ക് ചിരിക്കാൻ കമ്പനി കൊടുത്തിട്ട് ഞാൻ യാത്രയായി. അന്ന് മുതൽ ഞാൻ കാജലുമായി കൂട്ടായി. ഞാൻ വീട്ടിലുള്ള സമയത്തൊക്കെ അവൾ പായലിനെയും കൊണ്ട് വീട്ടിൽ വരുമായിരുന്നു. എന്നാൽ ഉമ്മറത്ത് ഗ്രിൽ വെച്ച എന്റെ വീടിന്റെ അകത്തേക്ക് വരാനവൾ മടിച്ചു. എന്റെയമ്മ പറഞ്ഞാൽ പോലും കയറില്ല. പാതി തുറന്ന ഗ്രില്ലിൽ ചാരി പായലിനെയും പിടിച്ചവൾ അങ്ങിനെ നിൽക്കുമായിരുന്നു. പായൽ ഒരു തക്കുടുമുണ്ടൻ കുട്ടിയാണ്. കവിളൊക്കെ ചാടി, ഉരുണ്ട കൈകാലുകൾ ഉള്ള ഒരു ഉരുണ്ട കുട്ടി. കുറച്ചു ദിവസം കൊണ്ട് തന്നെ അവൾ ഞാൻ വിളിച്ചാൽ എന്റെ ഒക്കത്തു കയറാൻ തുടങ്ങി. കാജലുമായി സംസാരിക്കാൻ ഭാഷ ഒരു പ്രശ്നമായി തോന്നിയില്ല എനിക്ക്. എന്നാൽ അതേ കാരണത്താൽ ഞങ്ങൾ തമ്മിൽ സംസാരം കുറവായിരുന്നു. സംസാരത്തിനടക്ക് അറിയാത്ത വാക്കുകൾ ഞാൻ നിന്ന നിൽപ്പിൽ വിഴുങ്ങുന്നത് കണ്ട് അവൾ കുടുകുടാ ചിരിക്കുമായിരുന്നു. ആ ചിരിക്ക് പിന്നിലെ നിഷ്കളങ്കത കണ്ടിട്ട് അവളെ മടിയിൽ പിടിച്ചിരുത്തി കൊഞ്ചിക്കാൻ എനിക്കാശ തോന്നിയിട്ടുണ്ട്. പക്ഷെ, എല്ലാം മാറി മറിയാൻ അധികം നാൾ വേണ്ടി വന്നില്ല.
ഒരു നാൾ, ഒരു തിങ്കളാഴ്ച്ച, തിങ്കളാഴ്ച്ച എന്നെടുത്തു പറയാൻ കാരണം, എല്ലാ തിങ്കളാഴ്ചയും എന്റെ വീട്ടിൽ ചിട്ടിക്കാശ് പിരിക്കാൻ ആള് വരും. അന്നുച്ചക്ക് പോസ്റ്റാപ്പീസിൽ ചെന്ന് എന്റെ പേരിൽ വന്ന ഒരു റെജിസ്റ്റഡ് കത്തും വാങ്ങി തിരികെ വീട്ടിൽ വന്ന സമയത്താണ് ചിട്ടിക്കാരൻ കാശും പിരിച്ചു വീട് വിട്ടിറങ്ങുന്നത്. എന്നോട് കതകടച്ചു കുറ്റിയിട്ടോളാൻ പറഞ്ഞ് അമ്മയകത്തു പോയി കിടന്നു. ഗ്രിൽ അടച്ചിട്ട് അകത്തേക്ക് കയറാൻ ഒരുങ്ങിയ ഞാൻ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. കാജൽ പായലിനെയും കൊണ്ട് അകത്തേക്ക് വരുന്നത് കണ്ട് ഞാൻ ഗ്രിൽ തുറക്കാനൊരുങ്ങി. അത് കണ്ട് കാജൽ ‘നഹി നഹി’ എന്നും പറഞ്ഞ്, ഓടിയടുത്തു വന്ന് ഗ്രില്ലിൽ ചാരി നിന്നു. അറിയാവുന്ന ഭാഷയിൽ ഞങ്ങളോരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഗ്രില്ലിൽ പിടിച്ചിരുന്ന എന്റെ കയ്യിൽ മൃദുവായ എന്തോ വന്നമരുന്നത് ഞാനറിഞ്ഞു. അവളുടെ ഒക്കത്തിരിക്കുന്ന കൊച്ചിന്റെ കയ്യോ കാലോ വല്ലതുമായിരിക്കും എന്ന് കരുതി ഞാൻ കാര്യമാക്കിയില്ല. എന്നാൽ എന്റെ വിരലുകൾക്ക് പുറമേക്കൂടി തുണി കൂട്ടി എന്തോ ഉരയുന്നത് പോലെ തോന്നിയപ്പോൾ എന്റെയുള്ളിൽ എന്തോ പെട്ടെന്നൊരാധി പോലെ. ഞാൻ മനസ്സിൽ വിചാരിക്കുന്നത് തന്നെയാണോ എന്നറിയാൻ ഇടക്ക് ഞാൻ കണ്ണൊന്ന് പാളിച്ചു നോക്കി.