അമ്മയതും പറഞ്ഞ് അകത്തേക്ക് കയറിപ്പോയി. ഞാനാകെ അന്തം വിട്ടു പോയി. ഇതെന്ത് ലോകം? ഇപ്പൊ വാദി പ്രതിയായോ? എന്നാൽ അമ്മ പറഞ്ഞു ഞാനറിഞ്ഞു, അതൊരു ചെറിയ പെണ്ണൊന്നുമല്ല. അവൾ കാജൽ. അയൽവക്കത്തെ വീട്ടിൽ പുതുതായി വാടകക്ക് താമസിക്കാൻ വന്ന ഒരു നോർത്ത് ഇന്ത്യൻ കുടുംബത്തിലെ പെണ്ണാണ്. അവൾക്ക് പത്തൊമ്പത് വയസ്സ് പ്രായമുണ്ടത്രേ. അമ്മയവളെപ്പറ്റി പറഞ്ഞ കാര്യങ്ങളിൽ എനിക്കവിശ്വസിനീയമായി തോന്നിയത് ആ ഒരൊറ്റക്കാര്യം മാത്രമാണ്. ചിലപ്പോൾ ശെരിയായിരിക്കും. ചർമ്മം കണ്ടാൽ പ്രായം തോന്നിക്കാത്തതാണെങ്കിലോ? അന്ന് ഞാൻ അവളുടെ കയ്യിൽ കണ്ട കുട്ടി അവളുടെ രണ്ടു വയസ്സുള്ള അനിയത്തിയാണ്. പായൽ. അവളുടെ ബാപ്പു കുടുംബം പണയം വച്ചു തുടങ്ങിയ ബിസിനസ്സ് പൊളിഞ്ഞ് കടം കയറി കുത്തുപാളയെടുത്തപ്പോൾ കുടുംബത്തെയും കൂട്ടി നാട് വിട്ട് ഓടിപ്പോന്നതാണ്. ഭാര്യയെ ഇവിടടുത്തുള്ള ഒരു കമ്പനിയിൽ പാക്കിങ് ജോലിക്കയച്ച്, അയാളിപ്പോൾ ഇവിടെ നാട്ടിൽ കൂലിപ്പണിയെടുക്കുന്നു. എട്ടിൽ മൂന്ന് കൊല്ലം തോറ്റ കാജൽ പിന്നെ പഠിക്കാൻ പോയില്ല. ബാപ്പു വരുത്തി വച്ച സാമ്പത്തിക നഷ്ടം മൂലം പതിനേഴാം വയസ്സിൽ കാജലിന് ഉറപ്പിച്ചു വച്ചിരുന്ന കല്യാണം മുടങ്ങി. അങ്ങനെ മൊത്തത്തിൽ ഒരു ട്രാജഡി കുടുംബം.
പാവങ്ങൾ. എനിക്കവരുടെ കഥയെല്ലാം കേട്ട് ആകെ വിഷമം തോന്നി. അക്കൂട്ടരെ ഒന്ന് ചെന്ന് കണ്ട് സംസാരിക്കണം എന്ന് തോന്നിയെനിക്ക്. പറ്റുമെങ്കിൽ അറിയാതെ ചെയ്ത കാര്യത്തിന് ആ കുട്ടിയോട് മാപ്പും പറയാം. അന്ന് പുറത്തേക്കൊന്നും പോയില്ല. വൈകീട്ട് അപ്പുറത്തെ വീട്ടിൽ ലൈറ്റ് തെളിഞ്ഞപ്പോൾ അമ്മയോട് പറഞ്ഞിട്ട് ഞാനവരുടെ വീട്ടിൽ ചെന്നു. കോളിംഗ് ബില്ലിന് മറുപടിയായി വാതിൽ തുറന്നത് കാജലിന്റെ ബാപ്പുവാണ്. ഞാൻ മനസ്സിൽ കണ്ടത് മെലിഞ്ഞു നര കയറിയ കണ്ണു കുഴിഞ്ഞ ഒരു മനുഷ്യനെയായിരുന്നു. എന്നാൽ കാജലിന്റെ ബാപ്പു ചെറുതായി തടിച്ച, കുറച്ചു വയറുള്ള വെളുത്ത മനുഷ്യനായിരുന്നു. എന്റെ ഭാവനയുമായി ആകെ സാമ്യം തോന്നിച്ചത് അങ്ങേരുടെ തലയിലും കുറ്റിത്താടിയിലും പടർന്ന നരയാണ്. ഞാനെന്നെത്തന്നെ പരിചയപ്പെടുത്തിയപ്പോൾ അയാളെന്നെ അകത്തേക്ക് ക്ഷണിച്ചു. ബിലാസിനി, അതായത് കാജലിന്റെ മാ, എനിക്ക് കുടിക്കാൻ ചായയുമായി വന്നു. ചായയൂതി കുടിക്കുമ്പോൾ കാജൽ അവളുടെ അമ്മ നിന്നിരുന്നതിന് പുറകെ ഒരു മുറിയുടെ കർട്ടന് പിന്നിൽ നിന്നെന്നെ ഒളിഞ്ഞു നോക്കുന്നത് എനിക്ക് കാണാമായിരുന്നു. ഞാനവരോട് വിശേഷങ്ങൾ ആരാഞ്ഞു. അവർക്ക് അറിയാവുന്ന മലയാളവും കലർത്തി അവരെന്നോട് സംസാരിച്ചു. ഹിന്ദി എനിക്കത്ര വശമില്ലെങ്കിലും അവർ പറയുന്നതെനിക്കും ഞാൻ പറഞ്ഞത് അവർക്കും മനസ്സിലാവുന്നുണ്ടെന്നു എനിക്ക് തോന്നി. ഞാനവരോട് വന്ന കാര്യം പറഞ്ഞു. പകൽ നടന്ന കാര്യങ്ങളും, തെറ്റ് ചെയ്തതിന് മാപ്പ് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. അയാൾ ചിരിച്ചു കൊണ്ട് കാജലിനെ വിളിച്ചു. വിളി കേട്ട് കർട്ടന് പിന്നിൽ നിന്നവൾ അകത്തേക്കോടിപ്പോയി. അയാൾ വിളി തുടർന്നപ്പോൾ ബിലാസിനി അകത്തു ചെന്ന് കാജലിനെ എന്റെ മുന്നിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ഒരു പച്ച ടീ ഷർട്ടും മുട്ടറ്റമുള്ള കറുത്ത പാവടയുമിട്ട് ആ മെലിഞ്ഞ പെണ്ണ് എന്റെ മുന്നിൽ തല കുനിച്ചു നിന്നു.
“ബേട്ട, യെ ഉത്‌നി ശരാറത്തി വാലി നഹി ഹേ. ബഡി ഹോ ഗയി. ഫിർ ഭി ചോട്ടി ബച്ചി കി തരഹ് വ്യവഹാർ കർ രഹി ഹേ.”