“നാളെ പത്ത് മണി കഴിയുമ്പോൾ അരുൺ കോഴിക്കോട് ഉണ്ടാവും. അവന് നീ ഈ ലെറ്റർ കൈമാറണം. ഒരു കാരണവശാലും നിന്റെ മുഖം അവൻ കാണുകയുമരുത്.” പോക്കറ്റിൽ നിന്നും ഒരു ലെറ്ററെടുത്ത് രാകേഷിന് നൽകിക്കൊണ്ട് സൂര്യൻ പറഞ്ഞു.
“അതിന് അരുൺ ഇവിടെയല്ലേ ഉള്ളത് അവിടേക്കെത്തിച്ചാൽ പോരെ.”
“അവനെപ്പോഴേ കോഴിക്കോട് എത്തി. അവന്റെ കൂട്ടുകാരന് നേരത്തെ ബോധം വീണിരുന്നെങ്കിൽ നന്ദൻ മരിക്കുന്നതിന് മുമ്പേ അവനവിടെ എത്തുമായിരുന്നു.” കൊലച്ചിരിയോടെ സൂര്യൻ പറഞ്ഞു.
“ഏട്ടൻ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല. ഒന്ന് തെളിയിച്ചു പറ.”
“നീ ഇത്രയൊക്കെ അറിഞ്ഞാൽ മതി. വേഗം പോവാൻ നോക്ക്.” സൂര്യൻ സ്വരം കടുപ്പിച്ചു കൊണ്ട് പറഞ്ഞു.
“ശരി ഞാൻ കണിച്ച് ഡ്രസ് മാറിയാൽ ഇറങ്ങാം. നേരം കളയുന്നില്ല.” സൂര്യൻ ഗൗരവത്തിൽ പറഞ്ഞതിന്റെ നീരസത്തോടെ രാകേഷ് പറഞ്ഞു.
“ശരി.” സൂര്യൻ വീണ്ടും ബൈക്കിൽ കയറി ഓടിച്ചു പോയി. അവൻ പോയ ശേഷം രാകേഷ് കുളിക്കാനായി കുളിമുറി ലക്ഷ്യമാക്കി നടന്നു.
ടെക്സ്റ്റൈൽസുകളൊന്നും തുറന്നിട്ടില്ലെന്ന് മനസ്സിലായപ്പോൾ അരുൺ ചായ കുടിച്ച ശേഷം ഹോസ്പിറ്റലിലേക്ക് തന്നെ മടങ്ങി. അവിടെ ഐ സി യു വിന് മുൻപിലുണ്ടായിരുന്ന വിപിനിന്റെ ബന്ധുക്കളോട് തനിക്കറിയുന്ന കാര്യങ്ങളെല്ലാം അരുൺ തുറന്ന് പറഞ്ഞു.
തലേന്നത്തെ സംഭവത്തിനെ കുറിച്ച് കുറച്ച് കാര്യങ്ങൾ ചോദിച്ചറിയേണ്ടത് കൊണ്ട് വിപിനിന് ബോധം വരുന്നത് വരെ കാത്തിരിക്കാൻ അരുൺ തീരുമാനിച്ചു.
തുടർന്ന് എട്ടു മണി വരെ അരുൺ ഐ സി യു വിന് മുന്നിൽ ചിലവഴിച്ചെങ്കിലും വിപിനിന് ബോധം വന്നില്ല. അത് കൊണ്ട് തന്നെ അരുൺ ഹോസ്പിറ്റലിന് പുറത്തിറങ്ങി രണ്ട് ബക്കറ്റുകളിൽ വെള്ളം സംഘടിപ്പിച്ച് ബൊലോറോയിലെ കോ- ഡ്രൈവിങ്ങ് സീറ്റിലെ രക്തമെല്ലാം കഴുകി കളഞ്ഞു.
അതിനു ശേഷം അവൻ പോയി നേരത്തെ തുറന്ന ഒരു ടെക്സ്റ്റൈൽസിൽ നിന്നും ഒരു പാന്റും ഷർട്ടും വാങ്ങി ധരിച്ചു. പ്രഭാത ഭക്ഷണവും കഴിച്ചതിന് ശേഷമാണ് അരുൺ ഹോസ്പിറ്റലിലേക്ക് മടങ്ങിയത്.
അരുൺ ആശുപത്രിയിൽ എത്തുമ്പോൾ ഐ സി യു വിനുള്ളിൽ പോലീസ് വിപിനിന്റെ മൊഴിയെടുക്കുന്ന ജോലി തകൃതിയായി തുടരുകയായിരുന്നു. അത് തീരാനായി അരുൺ കാത്തിരിക്കാൻ തുടങ്ങി.
“അത് ശരി. അപ്പോൾ നിങ്ങളുടെ സുഹൃത്ത് അരുണിനെ ഇവിടെ വരുത്താനായാണ് താങ്കളെ തട്ടിക്കൊണ്ട് പോയത് എന്നാണോ നിങ്ങൾ പറയുന്നത്. ” ചോദ്യം എസ് ഐ രവീന്ദ്രന്റെ വകയായിരുന്നു.