വിപിനിന്റെ ഓപ്പറേഷന് വേണ്ടിയുള്ള സമ്മതപത്രം അരുൺ തന്നെയാണ് ഒപ്പിട്ട് നൽകിയത്. അയാളെ പെട്ടന്ന് തന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റി.
വിപിനിന്റെ ശരീത്തിൽ നിന്ന് ലഭിച്ച സാധനങ്ങൾ നഴ്സുമാർ അരുണിന് കൈമാറി. അപ്പോഴാണ് അരുൺ അതിൽ വിപിനിന്റെ മൊബൈൽ ഫോൺ കണ്ടത്.
അവൻ വേഗം ഫോൺ കയ്യിലെടുത്ത് വിപിനിന്റെ വീട്ടുകാരെ വിളിച്ച് വിപിൻ ആശുപത്രിയിലാണെന്ന വിവരം അറിയിച്ചു. അവർ വിപിൻ എവിടെയാണെന്ന് അറിയാത്ത ആധിയിലായിരുന്നു. വിവരങ്ങൾ അറിഞ്ഞപ്പോൾ അവർ ഉടനെ എത്താമെന്ന് അരുണിനെ അറിയിച്ചു.
തുടിക്കുന്ന ഹൃദയവുമായി, രക്തക്കറയുള്ള വസ്ത്രങ്ങളോടെ അരുൺ ഓപ്പറേഷൻ തീയറ്ററിനു മുന്നിൽ വിപിനിന്റെ ബന്ധുക്കളെ കാത്ത് നിന്നു. മനസ്സിലപ്പോഴും വിപിനിന് ഒന്നും സംഭവിക്കരുതേ എന്നുള്ള പ്രാർത്ഥനയായിരുന്നു.
വിപിനിന്റേത് മൈനർ ഓപറേഷൻ ആയതിനാലും അവന്റെ ബ്ലഡ് ഗ്രൂപ്പ് ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ ഉണ്ടായിരുന്നതിനാലും ഒരു മണിക്കൂർ കൊണ്ട് തന്നെ അവന്റെ ഓപ്പറേഷൻ കഴിഞ്ഞു. അരുൺ തന്നെയാണ് കൗണ്ടറിൽ ചെക്ക് കൊടുത്ത് പണമടച്ചത്.
ആറു മണി ആയപ്പോഴേക്കും വിപിനിന്റെ അച്ഛനും അമ്മയും കുറച്ച് ബന്ധുക്കളും എത്തി. അപ്പോഴേക്കും അവനെ ഓപ്പറേഷൻ കഴിഞ്ഞ് ഐ സി യു വിലേക്ക് മാറ്റിയിരുന്നു. അത് വരെ അവന്റെ കൂടെ അരുൺ മാത്രമായിരുന്നു.
അനസ്ത്യേഷ്യയുടെ മയക്കം വിടാൻ രണ്ട് മണിക്കൂറെങ്കിലും കഴിയും എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അരുൺ പുറത്തിറങ്ങി ഒരു ചായ കുടിക്കാനായി പോയി. പുറത്ത് ഏതെങ്കിലും ടെക്സ്റ്റൈൽസ് തുറന്നിട്ടുണ്ടോ എന്നറിയുകയായിരുന്നു ആ ചായ കുടിയുടെ പ്രധാന ഉദ്ദേശം.
നാലര ആയപ്പോൾ തന്നെ രാകേഷിന്റെ വീടിനു മുന്നിൽ സൂര്യന്റെ ബൈക്ക് എത്തി. അതിൽ നിന്നിറങ്ങി അവൻ സിറ്റൗട്ടിൽ കയറി പതിയെ വാതിലിൽ തട്ടാൻ തുടങ്ങി.
മൂന്ന് തവണ തട്ടിയപ്പോൾ തന്നെ അകത്ത് ലൈറ്റ് തെളിഞ്ഞു. പിന്നെ അവൻ തട്ടിയില്ല രാകേഷ് തന്നെയായിരുന്നു വാതിൽ തുറന്നത്.
“മറന്നിട്ടില്ലല്ലോ അല്ലേ.?” സൂര്യൻ നേരെ കാര്യത്തിലേക്ക് കടന്നു.
“ഇല്ല. അത് കൊണ്ടല്ലേ ഇത്ര നേരത്തെ ഉണർന്നത്.?” രാകേഷ് സൂര്യന്റെ ചോദ്യത്തിന് മറുചോദ്യമെറിഞ്ഞു.
“ഉം… കോഴിക്കോട് നിനക്കുള്ള പണി എന്താണെന്ന് മനസ്സിലായോ.?”
“ഇല്ല. ഏട്ടൻ പറയാതെ എനിക്കെങ്ങനെ മനസ്സിലാവാനാണ്.?”