ഏതാനും മിനുട്ടുകൾക്കകം അരുൺ ആ റാന്തൽ വെളിച്ചത്തിനരികിലെത്തി. കൈ കാലുകൾ ബന്ധിപ്പിക്കപ്പെട്ട്, വയറിൽ കുത്തിയിറങ്ങിയ കത്തിയുമായി പിടയുന്ന വിപിനിനെയാണ് അവൻ കണ്ടത്. ആ പരിസരത്ത് മറ്റാരും ഉണ്ടായിരുന്നില്ല. ഇവിടെയുണ്ടായിരുന്നവരാകാം ഒമ്നിയിൽ രക്ഷപ്പെട്ടതെന്ന് അരുണിന് തോന്നി.
പിന്നെ അരുണിന്റെ ശ്രദ്ധ തിരിഞ്ഞത് വിപിനിന്റെ വയറിൽ കുത്തിയിറങ്ങി നിൽക്കുന്ന കത്തിയിലേക്കാണ്. കത്തി അവിടെ തന്നെ നിർത്തിയത് കൊണ്ടാവാം കൂടുതൽ രക്തം നഷ്ട്രപ്പെടാത്തതെന്ന് അവന് മനസ്സിലായി.
“ടാ അവരെവിടെ.” വേദന കൊണ്ട് പുളയുന്ന വിപിനിന്റെ അടുത്തേക്ക് മുട്ടുകുത്തിയിരുന്ന്, കൈ കാലുകളിലെ കെട്ടുകൾ അഴിച്ച ശേഷം അവനെ ഇരുകൈകളിലായി കോരിയെടുത്ത് കൊണ്ട് അരുൺ ചോദിച്ചു.
“പോയി.” വേദനയോടെ ആയിരുന്നു വിപിനിന്റെ മറുപടി.
അരുൺ അവനെ ഇരുകൈകളിലായി എടുത്ത് ആയാസപ്പെട്ട് എഴുന്നേറ്റ് കൊണ്ട് ബൊലേറോയുടെ നേരെ നടക്കാൻ തുടങ്ങി. മതിലിനടുത്തെത്തിയപ്പോൾ വിപിനിനെ അരുൺ മതിലിനു മുകളിൽ ഇരുത്തിയ ശേഷം മതിൽ ചാടിക്കടന്നു.
ശേഷം വീണ്ടും അവനെ കൈകളാൽ കോരിയെടുത്ത് ബൊലേറോയുടെ കോ- ഡ്രൈവിങ്ങ് സിറ്റിലിരുത്തി. ശേഷം അവൻ ചെരിഞ്ഞു വീഴാതിരിക്കാനായി അവൻ സീറ്റ് ബെൽറ്റും ഇട്ടു കൊടുത്തു.
“ഈ സമയത്ത് ക്യാഷ്വാലിറ്റിയുള്ള ഹോസ്പിറ്റലേതാടാ അടുത്തുള്ളത്.” അരുൺ ഡ്രൈവിങ്ങ് സീറ്റിലേക്കിരുന്നു കൊണ്ട് വിപിനോട് ചോദിച്ചു.
“ശ്രീ ചിത്രാ മെഡിക്കൽ കോളേജ് കോഴിക്കോട്.” വേദനയോടെ തന്നെയായിരുന്നു അവന്റെ മറുപടി.
അരുൺ വേഗം ബൊലേറോ സ്റ്റാർട്ട് ചെയ്ത് തിരിച്ച് വന്ന വഴിയെ തന്നെ വിട്ടു. ഡ്രൈവിങ്ങിന്റെ ഇടയിലത്രയും അരുണിന്റെ ശ്രദ്ധ വിപിനിലായിരുന്നു.
മുക്കാൽ മണിക്കൂറിന് ശേഷമാണ് അവർ ഹോസ്പിറ്റലിൽ എത്തിയത്. അപ്പോഴേക്കും വിപിനിന്റെ ബോധം മറഞ്ഞിരുന്നു. ബൊലേറോ ക്യാഷ്വാലിറ്റിക്ക് മുന്നിൽ നിന്നപ്പോൾ തന്നെ സഹായ സന്നദ്ധരായ ആളുകൾ സ്ട്രെച്ചറുമായി ഓടിയെത്തി. അവരുടെ സഹായത്തോടെ വിപിനിനെ സ്ട്രെച്ചറിലേക്ക് കടത്തിയ ശേഷം അരുൺ ബൊലേറോ പാർക്ക് ചെയ്യാനായി പോയി.
സഹായ സന്നദ്ധരായ ആ വളണ്ടിയർമാർ സ്ട്രെച്ചറുമായി ക്യാഷ്വാലിറ്റിയിലേക്കും.
വണ്ടി പാർക്ക് ചെയ്ത് അരുൺ എത്തിയപ്പോഴേക്കും ഡോക്ടർമാർ പരിശോദന തുടങ്ങിയിരുന്നു. കത്തി ഊരാതിരുന്നത് കൊണ്ട് വളരെ കുറച്ച് രക്തം മാത്രമേ നഷ്ടപ്പെട്ടിട്ടുണ്ടാവൂ എന്ന് ഡോക്ടർമാരിൽ നിന്നും അറിയാൻ കഴിഞ്ഞു.