ഹൈവേയിലെത്തിയതോടെ വണ്ടിയുടെ വേഗത അവൻ വീണ്ടും വർധിപ്പിച്ചു. ഇടക്കിടെ വരുന്ന ചില വണ്ടികൾ ഒഴിച്ചാൽ റോഡ് വിജനമായിരുന്നു. അത് അവന് കൂടുതൽ സ്പീഡിൽ വണ്ടിയോടിക്കാൻ അനുകൂല സാഹചര്യമൊരുക്കി. തണുത്ത കാറ്റടിക്കുമ്പോൾ കണ്ണുകളിൽ അനുഭവപ്പെട്ട എരിച്ചിലൊന്നും വണ്ടിയുടെ വേഗതക്കുളള പ്രതികൂല ഘടകങ്ങളായില്ല.
ഏകദേശം രണ്ടര മണിക്കൂർ കൊണ്ട് തന്നെ അവൻ കോഴിക്കോട് എത്തി. ഇനി എങ്ങോട്ടെന്നറിയാനായി അവൻ വിപിനിന്റെ നമ്പർ ഡയൽ ചെയ്തു. അതിനിടയിൽ അവന് ആ നമ്പറിൽ നിന്ന് കോളുകളൊന്നും വന്നിരുന്നില്ല.
“ഹലോ.. ഞാൻ അരുണാണ്.” അപ്പുറത്ത് ഫോണെടുത്തയുടൻ അവൻ പറഞ്ഞു.
“എവിടെ എത്തി.” മുമ്പ് കേട്ട അതേ പരുക്കൻ സ്വരം.
“കോഴിക്കോട്.”
“വടകര എത്തിയിട്ട് വീണ്ടും വിളിക്കുക.” അപ്പുറത്ത് ഫോൺ കട്ട് ചെയ്ത സ്വരവും അരുണിന്റെ കാതുകളിൽ എത്തി.
അവൻ ഫോൺ ചെയ്യാനായി നിർത്തിയ ബൊലേറേ വീണ്ടും സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു.
മുക്കാൽ മണിക്കൂർ സമയമെടുത്തു. അവൻ വടകരയിലെത്താൻ. ഒഴിഞ്ഞ ഒരിടത്ത് നിർത്തിയ ശേഷം അരുൺ വീണ്ടും വിപിനിന്റെ നമ്പർ ഡയൽ ചെയ്ത് ഫോൺ കാതോട് ചേർത്തു.
“വടകരയിൽ എത്തി അല്ലേ.” ഫോൺ എടുത്ത ശബ്ദത്തിനൊപ്പം ആ പരുക്കനായ ശബ്ദവും അരുണിന്റെ കാതുകളിൽ എത്തി.
“അതേ.”
“കണ്ണൂർ റോഡിലൂടെ നാല് കിലോമീറ്റർ മുമ്പോട്ട് വരുക. വലത് സൈഡിലായി പൂട്ടിക്കിടക്കുന്ന ഒരു കയർ ഫാക്ടറി കാണാം. മതിൽ കെട്ടെടുത്ത് ചാടിയാൽ റാന്തലിന്റെ വെളിച്ചവും കാണാം.” അപ്പുറത്ത് കോൾ വീണ്ടും ഡിസ്കണക്ടായി.
അരുൺ ഫോൺ പോക്കറ്റിലിട്ട ശേഷം ബൊലേറോ സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു. എന്താണവിടെ തന്നെ കാത്തിരിക്കുന്നതെന്ന ആലോചനയോടെയാണ് അരുൺ വണ്ടിയോടിച്ചത്.
പത്ത് മിനുട്ട് സമയമെടുത്തു അവൻ ആ പഴയ ഫാക്ടറിക്ക് സമീപമെത്താൻ. ഫാക്ടറി നോക്കി നോക്കി വന്നതാണ് നേരം വൈകാനുണ്ടായ കാരണം.
അവൻ ബൊലേറോ മതിലിനരികിലേക്ക് നിർത്തിയ ശേഷം വണ്ടി ഓഫ് ചെയ്ത് അതിൽ നിന്നും ചാടിയിറങ്ങി. റിവോൾവർ പോക്കറ്റിലുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം അവൻ മതിൽ ചാടി അപ്പുറത്ത് കടന്നു.
പുറത്ത് റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഒരു ഒമ്നി സ്റ്റാർട്ടായ ശബ്ദം അരുൺ കേട്ടു. അതിനു പുറകെ ആ വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഇരുളിനെ കീറി മുറിച്ചു കൊണ്ട് മുമ്പോട്ട് കുതിച്ചു. അരുൺ അത് കാര്യമാക്കാതെ ദൂരെ കാണുന്ന റാന്തൽ വെളിച്ചത്തിനു നേരെ മുന്നോട്ട് കുതിച്ചു. അവന് വെളിച്ചമേകാനെന്ന പോലെ ആകാശത്ത് ചന്ദ്രനുമുണ്ടായിരുന്നു.