“ഹലോ. ഏട്ടാ.” രാകേഷ് ഫോൺ എടുത്തയുടൻ അധിയോടെ വിളിച്ചു.
“രാകേഷ് ഇനി ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേക്കണം. നന്ദന്റെ താമസസ്ഥലം നമുക്കൊന്ന് അരിച്ചു പെറുക്കണം. നമ്മൾ തിരയുന്ന സാധനം അവിടെ ഇല്ലെങ്കിൽ തീർച്ചയായും അത് അരുണിന്റെയോ പോലിസിന്റെയോ കയ്യിലായിരിക്കും.”
“പോലീസിന്റെ കയ്യിലാണെങ്കിൽ നമ്മൾ കുടുങ്ങില്ലേ.?”
“പോലീസിന്റെ കയ്യിലാണെങ്കിൽ പേടിക്കേണ്ട കാര്യമില്ല കുറച്ച് പണമെറിഞ്ഞാൽ സാധനം കയ്യിലെത്തും. ഞാൻ സ്റ്റേഷനിലേക്കൊന്ന് വിളിച്ച് നോക്കട്ടെ.”
“സ്റ്റേഷനിലേക്കോ.?”
“അതേ സി ഐ ശേഖരൻ നമ്മുടെ ആളാണ്. സാധനം അവർക്ക് കിട്ടിയിട്ടുണ്ടെങ്കിൽ അയാൾ അത് നമുക്കെത്തിച്ച് തരും.”
“എങ്കിൽ ഏട്ടനൊന്ന് വിളിച്ച് നോക്കൂ. എന്നെ അത് കഴിഞ്ഞ് വിളിച്ചാൽ മതി.”
“ശരി.”സൂര്യൻ ഫോൺ കട്ട് ചെയ്തു. ശേഷം സി ഐ ശേഖരന്റെ നമ്പർ തിരഞ്ഞെടുത്ത് ഡയൽ ചെയ്തു. നമ്പർ തിരക്കിലാണെന്ന അറിയിപ്പാണ് അവൻ കേട്ടത്.
ആസമയത്ത് എസ് ഐ സ്വാമിനാഥൻ മെഡികൽ കോളേജിലായിരുന്നു. നന്ദന്റെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടറുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അയാൾ.
“ഡോക്ടർ ഇതൊരു കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന എന്തെങ്കിലും സൂചന ഡോക്ടർക്ക് കിട്ടിയോ.?”
“പ്രത്യക്ഷത്തിൽ ഡെഡ് ബോഡിയിൽ കയറ് കഴുത്തിൽ മുറുകിയ പാട് മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളു. മറ്റ് മുറിവുകളോ ക്ഷതങ്ങളോ ഒന്നും തന്നെയില്ല.”
“മറ്റെന്തെങ്കിലും സൂചനയുണ്ടോ.?”
“പിന്നെ ഒരു കാര്യമുണ്ട്. ആൾ മരണപ്പെട്ടിട്ട് പന്ത്രണ്ട് മണിക്കൂറിൽ കൂടുതൽ ആയിട്ടുണ്ട്. കൃത്യമായ സമയം പോസ്റ്റ്മോർട്ടം കഴിഞ്ഞതിന് ശേഷമേ പറയാൻ കഴിയൂ.”
“മരണപ്പെട്ടിട്ട് പന്ത്രണ്ട് മണിക്കൂറോ.?” ഞെട്ടലോടെ ആയിരുന്നു അയാളുടെ ചോദ്യം.
“അതേ അതിലും കൂടുതലാവാനേ വഴിയള്ളു.”
“ഓകെ ഡോക്ടർ പോസ്റ്റ് മോർട്ടം നടക്കട്ടെ എനിക്ക് ഈ വിവരങ്ങൾ തന്നെ ധാരാളം.” അയാൾ ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു.