“എന്ത്.? നമ്മുടെ ഇന്നലെത്ത സംഭാഷണം നന്ദൻ മേനോൻ റെക്കോർഡ് ചെയ്തെന്നോ.? എങ്ങനെ.?” ഞെട്ടലോടെ ആയിരുന്നു ഭഗീരഥന്റെ ചോദ്യങ്ങൾ.
“അതേ. അവന്റെ ലാപ് ടോപ്പിൽ നിന്ന് തന്നെയാണ് ഞങ്ങളത് കേൾക്കാനിടയായത്. അത് കൊണ്ട് തന്നെ അതിന്റെ ഹാർഡ് ഡിസ്ക് അഴിച്ചെടുക്കുകയും ചെയ്തു.” സന്തോഷത്തോടെ ബിയർ വീണ്ടും വായിലേക്ക് കമിഴ്ത്തി ക്കൊണ്ട് രാകേഷ് പറഞ്ഞു.
“രാകേഷ്. നന്ദൻ മേനോൻ നമ്മളിരുന്നതിന്റെ അടുത്തെവിടെയും ലാപ്ടോപ്പ് ഒളിപ്പിച്ച് വെച്ചല്ല സംഭാഷണം റെക്കോർഡ് ചെയ്തത്. അതിനവൻ മറ്റൊരു ഉപകരണമാവും ഉപയോഗിച്ചത്. അത് നിങ്ങൾക്ക് കിട്ടിയോ.?”
“ഇല്ല സാർ. അങ്ങനെയൊന്നിന്റെ സാധ്യതയെ കുറിച്ച് ഞങ്ങളപ്പോൾ ചിന്തിച്ചിട്ട് പോലുമില്ല. അതിപ്പോൾ മറ്റാരുടെയെങ്കിലും കയ്യിൽ കിട്ടിയിട്ടുണ്ടാവുമോ.?” ഞെട്ടലോടെ ആയിരുന്നു രാകേഷിന്റെ ചോദ്യം. കുടിച്ച ബിയറിന്റെ ലഹരി ആവിയാവാൻ തുടങ്ങിയത് അവനറിഞ്ഞു.
“എടാ വിവരം കെട്ടവനേ. നീ പോ.. ഇനി അതുമായി മടങ്ങി വന്നാൽ മതി. അത് പോലീസിന്റെയോ അരുണിന്റെയോ കയ്യിൽ കിട്ടിയാലുള്ള അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല.” ഭഗീരഥൻ കോപത്തോടെ അലറുകയായിരുന്നു.
കുടിച്ച മദ്യത്തിന്റെ ലഹരി ആവിയായി തീർന്നത് രാകേഷ് അറിഞ്ഞു. എവിടെ ആയിരിക്കും ആ ഉപകരണം. നന്ദന്റെ മുറിയിൽ തന്നെയുണ്ടോ അതോ പോലിസിനോ മറ്റാർക്കെങ്കിലുമോ കിട്ടിക്കാണുമോ.? അയാൾ ഇരുന്നയിരുപ്പിൽ വിയർക്കാൻ തുടങ്ങി.
ഏതാനും മിനുട്ടുകൾക്കുള്ളിൽ തന്നെ അവനതിൽ നിന്ന് മോചിതനായി. ഇനിയെന്താണ് ചെയ്യേണ്ടത് എന്നാലോചിച്ചപ്പോൾ അവന്റെ മനസ്സിൽ തെളിഞ്ഞത് സൂര്യന്റെ മുഖമായിരുന്നു. അവൻ വേഗം ഫോണെടുത്ത് സൂര്യന്റെ നമ്പർ ഡയൽ ചെയതു.
“ഹലോ. ഏട്ടാ ചെറിയൊരു പ്രശ്നമുണ്ട്.”
“എന്താ രാകേഷ്.”
“ലാപ് ടോപ്പിലുണ്ടായിരുന്ന ആ വോയ്സ് റെക്കോർഡ് ചെയ്ത ഉപകരണമുണ്ടാവില്ലേ.? അത് നമുക്ക് കിട്ടിയിട്ടില്ലല്ലോ.?”
“അത് പോലീസിന്റെയോ അരുണിന്റെയോ കയ്യിൽ കിട്ടിയാൽ പ്രശ്നമാവും. അത് കൊണ്ട് എത്രയും പെട്ടന്ന് തന്നെ നമുക്കത് കണ്ടെത്തണം.”
“നിനക്കിപ്പോഴാണോ രാകേഷ് ഇത് ഓർമ്മ വരുന്നത്.” നീരസത്തോടെ ആയിരുന്നു സൂര്യന്റെ ചോദ്യം.
“എനിക്കോർമ്മയുണ്ടായതല്ല ഏട്ടാ. ഭഗീരഥനാണ് എന്നോടീ കാര്യം പറഞ്ഞത്. എത്രയും പെട്ടന്ന് അത് കണ്ടെത്താനാണ് അയാൾ എന്നോട് പറഞ്ഞത്. “
” ശരി ശരി. ഞാനൊന്ന് ആലോചിക്കട്ടെ അതിനു ശേഷം ഞാനങ്ങോട്ട് വിളിക്കാം.” സൂര്യൻ ഫോൺ കട്ട് ചെയ്യുന്നതിന് മുമ്പായി രാകേഷിനോട് പറഞ്ഞു.
സൂര്യനെയും നെടുക്കാൻ പ്രാപ്തമായ ഒരു വാർത്ത ആയിരുന്നു അത്. അവനെന്ത് ചെയ്യണം എന്നതിനെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി.ഒരു ഏകദേശ ധാരണ വന്നപ്പോൾ അവൻ ഫോണെടുത്ത് രാകേഷിന്റെ നമ്പർ തന്നെ ഡയൽ ചെയ്തു.