“പ്രത്യേഗിച്ചൊന്നും കണ്ടില്ല. എങ്കിലും നന്ദൻ എനിക്കയച്ച മെസേജും അതിലുണ്ടായിരുന്നില്ല.”
“സാർ ഒരു പക്ഷേ നന്ദൻ മെസേജ് അയച്ച സമയത്ത് ശത്രുക്കൾ വീടിന് പുറത്തുണ്ടാവാം. അവർ ഫോൺ ചെയ്യുന്നതിന്റെ ശബ്ദം കേൾക്കാതിരിക്കാനാവാം മെസേജ് അയച്ചത്. അതിനർത്ഥം ആ സമയം വരെ ലാപ് ടോപ്പിൽ ഹാർഡ് ഡിസ്ക് ഉണ്ടായിരുന്നു എന്നാണ്. അതിന് ശേഷം സാറ് ലാപ് ടോപ്പ് എടുക്കുന്നതിനും മുമ്പാണ് ലാപ് ടോപ്പിന്റെ ഹാർഡ് ഡിസ്ക് കാണാതായത്. ഒരു പക്ഷേ വോയ്സ് റെക്കോർഡിറലെ ശബ്ദം കമ്പ്യൂട്ടറിൽ പ്ലേ ചെയ്യുന്നത് അവർ കേട്ടിട്ടുണ്ടാവും. അത് കൊണ്ടവർ ലാപ് ടോപ്പിന്റെ ഹാർഡ് ഡിസ്ക് അഴി ച്ചെടുക്കുകയും ചെയ്തു. നന്ദൻ അയച്ച മെസേജവർ കണ്ടിട്ടുണ്ടോ എന്നറിയണമെങ്കിൽ ഇനി വോയ്സ് റെക്കോർഡറിന് കേടുണ്ടോ എന്നറിയണം. കേടുണ്ടെങ്കിൽ ആ മെസേജും അവർ കണ്ടിട്ടുണ്ടാവും.” അലി പറഞ്ഞു.
അരുൺ മറുപടിയൊന്നും പറയാതെ നിശ്ചലമായി ഇരിക്കുകയായിരുന്നു.
“എന്താ സാർ ഒന്നും പറയാത്തത്.?” അലി ചോദിച്ചു.
“നീ പറഞ്ഞതിന്റെ സാധ്യതകളെ കുറിച്ച് ഞാനൊന്ന് ചിന്തിച്ച് പോയതാണ്.” അരുൺ മറുപടി നൽകി.
“സാർ ഞാൻ പറഞ്ഞത് മുഴുവൻ ശരിയാകണമെന്നില്ല. ഒരു സാധ്യത മാത്രമാണത്. മറ്റ് സാധ്യതകൾ വേറെയുമുണ്ടാവാം.”
“അതൊക്കെ എനിക്കുമറിയാം. നീ എങ്ങനെ ഇത്ര ചെറുപ്പത്തിലേ ഇങ്ങനെയൊക്കെ ചിന്തിക്കുന്നു എന്നതാണെന്നെ അൽഭുതപ്പെടുത്തുന്നത്.”
“സോറി സാർ. അതെനിക്കറിയില്ല. ഏതായാലും സാറിന്റെ അഭിനന്ദനങ്ങൾക്ക് നന്ദി. സാറ് വേഗം വോയ്സ് റെക്കോർഡർ കമ്പ്യൂട്ടറുമായി കണക്ട് ചെയ്യൂ..” അലി വീണ്ടും അരുണിനോട് അഭ്യർത്ഥിച്ചു.
“ഹ ഹ ഹ. അപ്പോൾ നിങ്ങൾ പറഞ്ഞത് പോലെ തന്നെ ഒരു തെളിവുമില്ലാതെ അവനെ അങ്ങ് തീർത്തു. അല്ലേ? അതേതായാലും നന്നായി.” ഭഗീരഥൻ സന്തോഷത്തോടെ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു.
തലേന്നത്തെ തീരുമാനപ്രകാരം മറീനാ ഹോട്ടലിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു രാകേഷും ഭഗീരഥനും. നന്ദൻ മേനോന്റെ മരണമറിഞ്ഞ് വലിയ സന്തോഷത്തിലായിരുന്നു അവർ. നന്ദൻ മേനോനെ എങ്ങനെയാണ് കൊലപ്പെടുത്തിയതായിരുന്നു രാകേഷ് വിവരിച്ചു കാെണ്ടിരുന്നത്.
“അതേ.” രാകേഷ് മറുപടി നൽകി.
“നിങ്ങൾ അവനെക്കൊണ്ട് ആത്മഹത്യ കുറിപ്പെഴുതിച്ച് അവനെക്കൊണ്ട് തന്നെ അവന്റെ കഴുത്തിൽ കയർ കുരുക്കി. ശേഷം സൂര്യൻ സ്റ്റൂൾ ചവിട്ടി മറിച്ചു. ബാക്കി പറഞ്ഞില്ലല്ലോ.
“ആ… ഒരു കാര്യം വിട്ട് പോയി. ഇന്നലെ നമ്മൾ ഇവിടെ നിന്ന് സംസാരിച്ചതെല്ലാം ആ ചെറ്റ റെക്കോർഡ് ചെയ്തിരുന്നു.അത് ലാപ് ടോപ്പിലൂടെ അയാൾ കേൾക്കുകയും ചെയ്തിരുന്നു. ആ ലാപ്ടോപിന്റെ ഹാർഡ് ഡിസ്കും ഞങ്ങൾ അഴിച്ചെടുത്തു.” മുന്നിലുണ്ടായിരുന്ന ബിയർ കുപ്പി വായയിലേക്ക് കമിഴ്ത്തിക്കൊണ്ട് രാകേഷ് പറഞ്ഞു.