“അതത്ര പ്രധാനപ്പെട്ട കാര്യമൊന്നുമല്ല സാർ. ഒരു ലാപ് ടോപ്പ് നന്നാക്കാൻ കൊടുത്തിടത്തു നിന്നാണ്.”
“അത് ശരി അപ്പോൾ നമ്മളെവിടെയാ പറഞ്ഞ് നിർത്തിയത്.”
“ഞാൻ മാറി നിന്നതല്ല. സാറെന്നെ കാണാത്തതാവാം എന്നാണ് ഞാൻ പറഞ്ഞത്.”
“അത് ശരിയാവാം. ഇത്രയും ആളുകളുടെ ഇടയിൽ നിന്ന് നിങ്ങളെ കണ്ടെത്താൻ അതായത് കൊല്ലപ്പെട്ടയാളെ പരിചയമുള്ളയാളെ കണ്ടെത്താൽ ഞാൻ ദിവ്യനൊന്നുമല്ല. എനിവേ ഇയാളുടെ ബന്ധുക്കളെ വിവരമറിയിക്കണം. മൃതദേഹം മരവിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അഞ്ച് മണിക്കൂറിലതികമായിരിക്കുന്നു ഇയാൾ മരണപ്പെട്ടിട്ട്. ഇനിയും വൈകണ്ട.”
“ഞാനവരെ അറിയിച്ചിട്ടുണ്ട് സാർ.”
“ഓകെ. ഗുഡ് നമ്പർ തന്നാൽ ആവശ്യത്തിനനുസരിച്ച് വിളിപ്പിക്കാം.”
“അതിനെന്താ സാർ.” അരുൺ പോക്കറ്റിൽ നിന്നും ഒരു വിസിറ്റിങ് കാർഡെടുത്ത് അയാൾക്ക് നൽകി.
“അത് ശരി ഡിറ്റക്ടീവ് ആണല്ലേ.?” വിസിറ്റിങ് കാർഡിലെ പേരും അഡ്രസും വായിച്ച ശേഷം അയാൾ അരുണിനോട് ചോദിച്ചു.
“അതേ സാർ. ഞാൻ പിന്നീട് സ്റ്റേഷനിലേക്ക് വരാം. ഇപ്പോൾ കുറച്ച് തിരക്കുണ്ട്.”
“ശരി.” സ്വാമിനാഥൻ അരുൺ കൊടുത്ത വിസിറ്റിങ് കാർഡ് പോക്കറ്റിലേക്കിട്ടു കൊണ്ട് പറഞ്ഞു.
അയാൾക്ക് മുന്നിലുടെ തന്നെ അരുൺ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന തന്റെ ബൊലേറോയുടെ നേർക്ക് നടന്നു. അതിനിടയിൽ അവൻ ഫോണെടുത്ത് അലി വിളിച്ച നമ്പറിലേക്ക് തിരിച്ചു വിളിച്ചു.
“ഹലോ. അലി.” ഫോണെടുത്തയുടനെ അരുൺ വിളിച്ചു.
“ഇതിലേക്ക് വിളിക്കാൻ പറ്റുമെന്ന് എനിക്കറിയില്ലായിരുന്നു സാർ.” അതിശയത്തോടെയുള്ള അലിയുടെ ശബ്ദം അയാളുടെ കാതിലെത്തി.
“അലി ഞാനങ്ങോട്ട് വരുന്നുണ്ട്. ബാക്കി അവിടെ എത്തിയിട്ട് സംസാരിക്കാം.”
“ശരി സാർ.” അവൻ കോൾ കട്ട് ചെയ്ത് കമ്പ്യൂട്ടർ ഷോപ്പിലേക്ക് തന്നെ നടന്നു.
അര മണിക്കൂറിനകം തന്നെ അരുൺ അലിയുടെ അടുത്തെത്തി. കാര്യങ്ങൾ അവനെ അറിയിക്കാനായി അലി കടയുടെ പുറത്ത് തന്നെ നിൽകുകയായിരുന്നു.
“കുറേ നേരമായല്ലേ കാത്തിരിക്കാൻ തുടങ്ങിയിട്ട്.” വാൽസല്യത്തോടെ അരുൺ ചോദിച്ചു.
“അതേ.”
“നന്ദന്റെ ലാപ്ടോപ്പ് ഓൺ ആയോ.?”
“സാർ അവിടൊരു പ്രശ്നമുണ്ട് ലാപ്പ് ടോപ്പിന്റെ ഹാർഡ് ഡിസ്ക് അതിലില്ല.”
“വാട്ട്.?” ഞെട്ടലോടെ അരുൺ ചോദിച്ചു.