എസ് ഐ സ്വാമിനാഥന്റെ മിഴികൾ പുറത്താകമാനം കറങ്ങി നടന്നു. അയാൾ ആരെയോ തിരയുകയായിരുന്നു.
“ആരാടോ ഈ ബോഡി ആദ്യം കണ്ടത്.?” പുറത്ത് കൂടി നിന്നവരോടയി അയാൾ ചോദിച്ചു. അയാളുടെ നോട്ടം കൂടി നിന്ന ഓരോരുത്തരുടെയും നേർക്ക് നീണ്ടു.
“തുടക്കാനും അലക്കാനും വരുന്ന ആ സ്ത്രീയാണ് സാർ.” കൂട്ടത്തിൽ നിന്നൊരാൾ വരാന്തയുടെ ഒരറ്റത്തിരിക്കുന്ന സ്ത്രീയുടെ നേർക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.
പറഞ്ഞയാളെ ഒന്ന് ശ്രദ്ധിച്ച ശേഷം സ്വാമിനാഥന്റെയും നോട്ടം വരാത്തയിലേക്ക് നീണ്ടു. മധ്യവയസ്കയായ ആ സ്ത്രീയുടെ കണ്ണുകളിൽ ഭയം ഓളം വെട്ടുന്നത് അയാൾ കണ്ടു. അയാൾ അവരുടെ നേരെ നടന്നു.
“നിങ്ങളാണോ ഈ ബോഡി ആദ്യം കണ്ടത്.?” ആ സ്ത്രീയുടെ പേടി കണ്ട് ശബ്ദം പരമാവധി മയപ്പെടുത്തിക്കൊണ്ട് സ്വാമിനാഥൻ ചേദിച്ചു.
“അതേ സാറെ.” വിനയപൂർവ്വം അവൾ മറുപടി നൽകി.
“എന്താണ് നിങ്ങളുടെ പേര്.?”
“സാവിത്രി.”
“നിങ്ങളെന്തിനാണ് ആ സമയത്ത് ഇവിടെ വന്നത്.?”
“നിലം അടിച്ചുവാരി തുടക്കാനും ഈ മുറിയിലെ സാറിന്റെ വസ്ത്രങ്ങൾ അലക്കാനുമാണ് സാറേ.”
“ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ എന്തെങ്കിലും അറിയുമോ.? ഇയാളുടെ ബന്ധുക്കളെ വിവരമറിയിക്കണമല്ലോ.?”
നന്ദൻ മേനോൻ എന്നാണ് സാറേ പേര്. ഇവിടെ വന്നിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളു. ബന്ധുക്കളെ കുറിച്ച് പറഞ്ഞിട്ടുമില്ല. ഞാനൊട്ട് ചോദിക്കാൻ പോയതുമില്ല.”
“നിങ്ങളിവിടെ എത്തിയ സമയം ഓർക്കുന്നുണ്ടോ.?”
“ഏകദേശം മൂന്നേ മുക്കാലായിക്കാണും സാറേ.”
“അങ്ങനെ ആ സമയം ഓർക്കാൻ കാരണം.?” സംശയത്തോടെ സ്വാമിനാഥൻ സാവിത്രിയെ നോക്കി. അവരുടെ കയ്യിൽ വച്ച് ഇല്ല എന്ന കാര്യം അയാൾ ശ്രദ്ധിച്ചിരുന്നു.
“ഞാനിവിടെ എത്തിയപ്പോഴാണ് ബാങ്ക് കൊടുക്കുന്നത് കേട്ടത്. അതിന്റെ ഏകദേശ സമയം മുന്നേ മുക്കാൽ ആണ്.”
“അങ്ങനെയാണെങ്കിൽ അഡ്രസും ഫോൺ നമ്പറും പറഞ്ഞ് കൊടുത്തിട്ട് സാവിത്രി പൊയ്കോളൂ. കൂടുതൽ എന്തെങ്കിലും അറിയേണ്ടതുണ്ടെങ്കിൽ ഞാൻ സ്റ്റേഷനിലേക്ക് വിളിപ്പിക്കാം.”