“ഞാനവനെ ഒന്ന് വിളിച്ച് നോക്കട്ടെ എന്നിട്ട് പറയാം. ഇവിടെ അടുത്തെവിടെയാ കോയിൻ ബോക്സ് ഉള്ളത്.”
“പുറത്തൊരു രണ്ടു കടകൾകപ്പുറമുണ്ട്.”
“ശരി. ഞാനൊന്ന് പോയി നോക്കട്ടെ.” അലി പുറത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു.
കുറച്ച് സമയം കൂടി അരുൺ ആലോഡ്ജിന്റെ മുറ്റത്ത് ചിലവഴിച്ചു. അപ്പോഴാണ് ഒരു പോലീസ് ജീപ്പ് എത്തിയത്. അതിൽ നിന്നും എസ് ഐ യോടൊപ്പം കുറച്ച് പോലീസുകാരും കൂടി ഇറങ്ങി. അവരിൽ കുറച്ച് പേർ ലോഡ്ജിനുള്ളിൽ കയറിയിരുന്ന ആളുകളെയും തടിച്ചുകൂടിയ ആളുകളെയും നീക്കി എസ് ഐ സ്വാമിനാഥന് ഉള്ളിലേക്ക് കയറാനുള്ള വഴിയൊരുക്കി.
എസ് ഐ യോടൊപ്പം മൂന്ന് പേർ കൂടി അകത്ത് കയറി. സ്വാമിനാഥൻ തൂങ്ങിക്കിടക്കുന്ന നന്ദന്റെ ശരീരത്തിന് ചുറ്റും നടന്നു. അസ്വാഭാവികമായി അയാൾക്കൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
“കെട്ടഴിച്ച് താഴെയിറക്ക്.” എസ് ഐ സ്വാമിനാഥൻ കൂടെയുണ്ടായിരുന്ന പോലീസുകാർക്ക് നിർദ്ദേശം നൽകി.
പോലിസുകാരിൽ രണ്ട് പേർ മേശ പുറത്ത് കയറി നിന്ന് കഴുത്തിലെ കെട്ട് അഴിക്കാനായി നിലത്ത് കിടന്നിരുന്ന സ്റ്റൂൾ മേശപ്പുറത്തേക്കെടുത്ത് വെച്ചു. അതിൽ ഒരാൾ കയറി നിന്ന്നന്ദന്റെ കഴുത്തിലെ കുരുക്ക് വേർപ്പെടുത്തി. നന്ദന്റെ മരവിച്ച ശരീരം അവർ അയാസപ്പെട്ട് നിലത്തിറക്കി.
അപ്പോഴാണ് എസ് ഐ സ്വാമിനാഥന്റെ കണ്ണിൽ മരത്തിന്റെ സ്റ്റൂളിൽ പതിഞ്ഞ ചെരുപ്പിന്റെ അടയാളം കണ്ടത്.
“രമേട്ടാ സംതിങ്ങ് സ്പെഷൽ. ഐ തിങ്ക് ദിസ് ഈസ് എ മർഡർ. അസ്വഭാവികമായി കാണുന്ന എന്തും നോട്ട് ചെയ്യണം. അതൊരു തീപ്പെട്ടിക്കൊള്ളിയാണെങ്കിൽ പോലും.” സ്വാമിനാഥൻ കൂട്ടത്തിലെ തല മുതിർന്ന കോൺസ്റ്റബിളിനോട് പറഞ്ഞു.
“ശരി സാർ.” അയാൾ മറുപടി നൽകി.
ആ മുറി മുഴുവൻ അരിച്ച് പെറുക്കിയെങ്കിലും അവർക്ക് കൂടുതലൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അയാൾ നിരാശയോടെ പുറത്തിറങ്ങി.
“സാറെ ഇത് ആത്മഹത്യ തന്നെയാണ്.” നന്ദന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് കിട്ടിയ ലെറ്ററുമായി പുറത്തേക്ക് വന്ന രാമേട്ടൻ പറഞ്ഞു.
“രാമേട്ടാ ആ മേശപ്പുറത്തിരിക്കുന്ന സ്റ്റൂളിന്റെ കാലിലേക്കൊന്ന് നോക്ക് ആരോ ചവിട്ടിയത് പോലെയുള്ള ഒരു ഫൂട്ട് പ്രിന്റ് കാണാം.”
അതൊരു പക്ഷേ മരണപ്പെട്ടയാളുടെ ഫൂട്ട് പ്രിന്റ് തന്നെയാണെങ്കിലോ.?”
“സ്റ്റൂളിന്റെ മുകൾഭാഗത്ത് ചവിട്ടാൻ മാത്രമേ മരണപ്പെട്ട ആൾക്ക് കഴിയൂ.?”
“അതിനി മറ്റൊരവസരത്തിൽ ചെരുപ്പ് അറിയാതെ സ്റ്റൂളിന്റെ കാലിൽ തട്ടിയതാണെങ്കിലോ.”
“രാമേട്ടാ തട്ടുന്നതിന്റെ ഫോഴ്സും ചവിട്ടുന്നതിന്റെ ഫോഴ്സും വ്യത്യാസമുണ്ടാവും രാമേട്ടൻ ആദ്യം അതൊന്ന് നോക്ക്.”
“ശരി സാർ.” അയാൾ അകത്തേക്ക് തന്നെ മടങ്ങി.