“അത് നിനക്ക് ഓൺ ചെയ്യാൻ അറിയാത്തത് കൊണ്ടാണ്. ഇങ്ങ് താ. ഞാൻ ഓൺ ചെയ്യാം.” വണ്ടി റോഡ് സൈഡിലേക്ക് പാർക്ക് ചെയ്ത് ലാപ് ടോപ്പിനു നേരെ കൈ നീട്ടിക്കൊണ്ട് അരുൺ പറഞ്ഞു.
അലി ലാപ്ടോപ്പ് അരുണിന് കെെ മാറി. അഞ്ച് മിനുട്ട് അരുണും പരിശ്രമിച്ചെങ്കിലും അത് ഓൺ ആയില്ല. “കേട് വന്നതാണെന്ന് തോന്നുന്നു.” അരുൺ ഒരു വളിച്ച ചിരിയോടെ പറഞ്ഞു.
“എനിക്ക് ചില സംശയങ്ങൾ ഉണ്ട് സാർ. നമുക്ക് എത്രയും പെട്ടന്ന് ഒരു കബ്യൂട്ടർ നന്നാക്കുന്ന ആളെ കാണണം. എന്നെ അവിടെ ഇറക്കിയ ശേഷം സാറ് നന്ദന്റെ ലോഡ്ജിലേക്ക് തന്നെ പൊയ്ക്കോളൂ.”
“നീയെന്താണീ പറയുന്നത്. എനിക്കൊന്നും മനസ്സിലാവുന്നില്ല.”
“സാർ സാറിന്റെ ശത്രുക്കൾ ലാപ് ടോപ്പിന്റെ കാര്യം അറിഞ്ഞിട്ടുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു. അതൊന്ന് ഉറപ്പിക്കണമെങ്കിൽ ഒരു കബ്യൂട്ടർ മെക്കാനിക്കിനെ ആവശ്യമാണ്.”
“ശരി എങ്കിൽ ഞാൻ നിന്നെ MAX COMPUTOR sales and servies എന്ന കമ്പ്യൂട്ടർ ഷോപ്പിന് മുന്നിൽ ഇറക്കാം. നീ കാര്യങ്ങൾ തിരക്കിയറിഞ്ഞതിന് ശേഷം വിളിക്ക്.”
“വിളിക്കാം സാർ പക്ഷേ എന്റെ കയ്യിൽ സാറിന്റെ നമ്പറൊന്നും ഇല്ല അതൊന്ന് എഴുതി തരുകയാണെങ്കിൽ നന്നായിരുന്നു.”
“അപ്പോൾ നിന്റെ കയ്യിൽ ഫോണൊന്നുമില്ലേ.?”
“ഇല്ല സാർ.”
അരുൺ അതിന് മറുപടിയൊന്നും പറഞ്ഞില്ല. കുറച്ച് സമയം കൊണ്ട് തന്നെ അവർ അരുൺ പറഞ്ഞ കമ്പ്യൂട്ടർ ഷോപ്പിനു മുന്നിലെത്തി. അരുൺ പോക്കറ്റിൽ നിന്നും ഒരു വിസിറ്റിങ്ങ് കാർഡും കുറച്ച് രൂപയുമെടുത്ത് അലിക്ക് നൽകി.
അലി അത് വാങ്ങി പോക്കറ്റിലിട്ട ശേഷം ഷോപ്പിനകത്തേക്ക് കയറിപ്പോയി.
അരുൺ നന്ദൻ മേനോന്റെ ലോഡ്‌ജിലെത്തുമ്പോൾ അവിടെ ചെറിയൊരാൾക്കൂട്ടം രൂപപ്പെട്ടിരുന്നു. നന്ദന്റെ മരണം പൊതു ജനത്തിന് മുന്നിലെത്തിക്കാൻ തന്റെ ആവശ്യം വരാത്തതിന് അവൻ ദൈവത്തോട് നന്ദി പറഞ്ഞു.
“എന്താ ചേട്ടാ സംഭവം. കുറേയതികം ആളുകൾ കൂടിയിട്ടുണ്ടല്ലോ.?” അരുൺ ഒന്നുമറിഞ്ഞിട്ടില്ലാത്തവനെ പോലെ അവിടെ കൂടി നിന്ന ആളുകളിൽ ഒരാളോട് ചോദിച്ചു.
“ഒരാള് കെട്ടിത്തൂങ്ങി ചത്തിരിക്കുന്നു. അവനൊക്കെ എന്തിന്റെ കേടാണാവോ.” അൽപം അരിശത്തോടെയാണയാൾ മറുപടി പറഞ്ഞത്.
“ആരാ ചേട്ടാ സംഗതി ആദ്യം കണ്ടത്.” അരുൺ വീണ്ടും ചോദിച്ചു.