“അതാണ് നിനക്കും ഇവനും നല്ലത്. എനിക്ക് കളയാനൊട്ടും സമയമില്ല.” വിപിനിന്റെ ശബ്ദം പ്രതിക്ഷിച്ച അരുണിന്റെ കാതിൽ മറ്റൊരാളുടെ പരുപരുത്ത ശബ്ദമാണ് മുഴങ്ങിയത്. അയാൾ ഫോൺ വിപിനിന്റെ കയ്യിൽ നിന്ന് വാങ്ങിയതാകാമെന്നവൻ ഊഹിച്ചു.
“ശരി ഞാനിപ്പോൾ തന്നെ പുറപ്പെടാം.” അരുൺ പരുഷമായ ശബ്ദത്തോടെ മറുപടി നൽകിയ ശേഷം ആ കോൾ കട്ട് ചെയ്തു.
അതിനു ശേഷമവൻ തണുത്ത വെള്ളത്തിൽ മുഖം കഴുകി. കണ്ണിൽ നിന്ന് ഉറക്കം പെട്ടന്ന് വിട്ട് പോകാനായിരുന്നു അത്. കയ്യും കാലുമെല്ലാം തണുത്ത വെള്ളത്തിൽ നന്നായി കഴുകിയ ശേഷം അവൻ വേഗം ഡ്രസ് മാറി ബൊലേറോയുടെ താക്കോലുമായി ഇറങ്ങി.
വിപിനിന് ഒന്നും സംഭവിക്കരുതേയെന്നുള്ള പ്രാർത്ഥനയായിരുന്നു ആ സമയമത്രയും അവന്റെ മനസ്സിൽ.
ബൊലേറോയിൽ കയറിയ അരുൺ സമയം കളയാതെ വണ്ടി സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു. എത്രയും പെട്ടന്ന് ഹൈവേയിലെത്തണമെന്ന ചിന്തയോടെ അവൻ ആക്സിലേറ്ററിൽ കാലമർന്നു. ഒരു മുരൾച്ചയോടെ ബൊലേറോ കൂടുതൽ സ്പീഡിൽ മുമ്പോട്ട് കുതിച്ചു.
ഹൈവേയിൽ എത്തിയപ്പോഴാണ്, എവിടെ വെച്ചാണ് കാണേണ്ടത് എന്നവരോട് ചോദിച്ചിട്ടില്ലല്ലോ എന്ന കാര്യം അരുണിന് ഓർമ്മ വന്നത്. ഒന്ന് വിപിനിന്റെ നമ്പറിലേക്ക് വിളിച്ച് നോക്കാമെന്ന ചിന്തയോടെയാണ് അരുൺ പോക്കറ്റിൽ ഫോണിനായി തപ്പിയത്.
പോക്കറ്റിൽ തപ്പിയ അരുൺ വിയർത്ത് പോയി. ഫോൺ കാണാനുണ്ടായിരുന്നില്ല. ഫോണെടുക്കാൻ മറന്നതാണെന്ന് അരുണിന് മനസ്സിലായി. ഇങ്ങനൊരു സമയത്ത് ഫോൺ മറന്നതിന് തന്നെ തന്നെ പ്രാകിക്കൊണ്ട് അരുൺ വീട്ടിലേക്ക് വണ്ടി തിരിച്ചു.
നന്ദൻ മേനോന്റെ ലാപ് ടോപ്പിന്റെ ഹാർഡ് ഡിസ്ക്കും അഴിച്ചെടുത്ത് മടങ്ങുന്നതിനിടയിലാണ് രാകേഷിന്റെ ഫോൺ ശബ്ദിച്ചത്. നമ്പർ നോക്കിയപ്പോൾ സൂര്യനാണ് വിളിക്കുന്നത്. അവൻ വേഗം തന്നെ ആ കോൾ അറ്റന്റ് ചെയ്തു. “ഹലോ.”
“എന്തായി രാകേഷ് കാര്യങ്ങൾ അവൻ ചത്തോ.”
“ചത്തതല്ല. കൊന്നു.” ചിരിയോടെ രാകേഷ് പറഞ്ഞു. “എന്താ ഏട്ടാ പിന്നെയും വിളിച്ചത്.” രാകേഷ് വീണ്ടും ചോദിച്ചു.
“ഒരു പ്രധാന കാര്യമുണ്ട് അത് പറയാൻ വിളിച്ചതാണ് രാവിലെ എന്തെങ്കിലും പണിയുണ്ടോ.?”