“എന്താെരു മണ്ടത്തരമാണ് സാറ് പറയുന്നത്. സാറ് അങ്ങനെ പറഞ്ഞു എന്നിരിക്കട്ടെ. ആദ്യം ബോഡി കണ്ടയാളെ ചോദ്യം ചെയ്യുമ്പോൾ എന്തിനാണ് നിങ്ങളവിടെ പോയതെന്ന് ചോദിക്കില്ലേ.? അങ്ങനെ ചോദിച്ചാൽ അയാൾ തീർച്ചയായും സാറിന്റെ പേര് പറയും. അതോടെ എന്ത് കൊണ്ട് നിങ്ങൾ പോവാതെ മറ്റൊരാളെ പോയി നോക്കാനേൽപ്പിച്ചു എന്നായിരിക്കും പോലിസിന്റെ സംശയം. വെറുതേ ഒരു വയ്യാവേലി തലയിലേക്കെടുത്ത് വെക്കണോ.?”
“അങ്ങനെയൊക്ക സംഭവിക്കുമോ.?” അരുൺ ഞെട്ടലോടെ അലിയോട് ചോദിച്ചു.
“എന്ന് ചോദിച്ചാൽ ഉറപ്പില്ല. എങ്കിലും അങ്ങനെയെല്ലാം സംഭവിക്കാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ അത്തരമൊരു വഴി സ്വീകരിക്കാതിരിക്കുകയാവും ഏറ്റവും ഉചിതം.”
“പിന്നെ ഞാനെന്ത് ചെയ്യണ മെന്നാണ് നീ പറയുന്നത്.” അരുണ് ധർമ്മ സങ്കടത്തിലായി.
“എന്റെ അഭിപ്രായത്തിൽ സാറ് തന്നെ പോകുന്നതാണ് ഉചിതം. അതാവുമ്പോൾ നന്ദനെ വിളിച്ചിട്ട് കിട്ടാതായപ്പോൾ പോയി നോക്കിയതാണെന്ന് പറയുകയും ചെയ്യാം.” അലി തന്റെ മനസ്സിൽ തോന്നിയ ആശയം അരുണിന് മുന്നിൽ അവതരിപ്പിച്ചു.
“നീ പറഞ്ഞതാണ് ശരി. നിന്നെ സെയ്ഫായ ഒരു സ്ഥലത്ത് ഇറക്കിയ ശേഷം ഞാൻ തന്നെ പോയി നോക്കാം.” അരുൺ വണ്ടിയുടെ വേഗം വർദ്ധിപ്പിച്ച് കൊണ്ട് അലിയോട് പറഞ്ഞു. അവനെ തൽകാലം തന്റെ വീട്ടിൽ നിർത്താമെന്നാണ് അവൻ കരുതിയത്.
“സാർ നന്ദൻ മേനോന്റെ ലോഡ്ജിൽ നിന്ന് കിട്ടിയ ലാപ്ടോപ്പ് ഓൺ ചെയ്തിരുന്നോ.?” സംശയത്തോടെ ആയിരുന്നു അലിയുടെ ചോദ്യം.
“ഇല്ല.”
“അതെനിക്കും തോന്നിയിരുന്നു. നന്ദന്റെ ബോഡി ഇവിടെ കണ്ടതിന് ശേഷം പോകുമ്പോൾ തീർച്ചയായും അതിലും വലുതെന്തോ ആയിരുന്നു നിങ്ങളെ അവിടെ കാത്തിരുന്നതെന്ന്. നമുക്ക് നന്ദന്റെ ലാപ് ടോപ്പൊന്ന് ഓപ്പൺ ചെയ്ത് നോക്കിയാലോ”
“അത് വേണോ സമാധാനത്തിലിരിക്കുമ്പോൾ പോരെ അതൊക്കെ.?”
“നല്ലത് എത്രയും പെട്ടന്ന് ചെയ്യുന്നതാണ്. പിന്നെ എല്ലാം സാറിന്റെ ഇഷ്ടം പോലെ.”
“എങ്കിൽ നീ പിൻ സീറ്റിൽ നിന്നും ലാപ് ടോപ്പെടുത്ത് ഒന്ന് ഓൺ ചെയ്യ്.” അരുൺ അലിക്ക് അനുമതി കൊടുത്തു.
അലി പിൻസീറ്റിലേക്ക് എത്തിവലിഞ്ഞ് ലാപ് ടോപ്പിന്റെ ബാഗ് മിടയിലേക്ക് വെച്ചു. ദ്രുതഗതിയിൽ അതിന്റെ സിബ്ബ് അഴിച്ച് ലാപ്ടോപ്പ് പുറത്തെടുത്തു. പവർ ബട്ടണിൽ അവന്റെ വിരലമർന്നു.
അഞ്ച് മിനുട്ട് നേരം കാത്തു നിന്നിട്ടും സ്ക്രീനിൽ ഒരു നീല വെളിച്ചമല്ലാതെ ഒന്നും കണ്ടില്ല.
“സാർ എന്തോ പ്രശ്നമുണ്ട്. ലാപ്ടോപ്പ് ഓൺ ആവുന്നില്ല.” അലി പരിഭ്രാന്തിയോടെ പറഞ്ഞു.