അരുണിന് ആദ്യം നന്ദന്റെ മൊബൈൽ ഫോണാണ് കിട്ടിയത്. അതവൻ ഓപ്പൺ ചെയ്ത് പരിശോദിച്ചെങ്കിലും സംശയാസ്പദമായ ഒന്നും തന്നെ അതിലുണ്ടായിരുന്നില്ല. അതിൽ നിന്ന് അരുണിനയച്ച മെസേജും അതിലുണ്ടായിരുന്നില്ല. അവൻ വീണ്ടും തിരച്ചിലാരംഭിച്ചു.
കുറച്ച് സമയത്തെ തിരച്ചിലിനകം തന്നെ അവരിരുവർക്കും അത് കണ്ടെത്താൻ കഴിഞ്ഞു. അലമാരയിലെ വസ്ത്രത്തിനടിയിൽ നിന്നാണ് അരുണിന് അത് കിട്ടിയത്.
“അലി, സാധനം കിട്ടി. മാറ്റിയ സാധനങ്ങൾ യഥാസ്ഥാനത്ത് വെച്ചാൽ നമുക്ക് മടങ്ങാം.” അരുൺ വോയ്സ് റെക്കോർഡർ അലിക്ക് കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു.
തിരച്ചിലിനായി മാറ്റിയ സാധനങ്ങൾ അവരിരുവരും കൂടി പെട്ടന്ന് തന്നെ തിരച്ചിലിനായി നിരത്തിയ സാധനങ്ങൾ യഥാസ്ഥാനത്ത് തിരികെ വെച്ചു.
അനന്തരം അരുൺ പുറത്തിറങ്ങി പരിസരത്തെങ്ങും ആരുമില്ലെന്ന് ഉറപ്പ് വരുത്തി. “അലി. നീ വന്ന് വണ്ടിയിൽ കയറ്. എത്രയും പെട്ടന്ന് തന്നെ നമുക്ക് ഇവിടെ നിന്ന് മടങ്ങണം.”
“എന്തിനാണ് സാർ പെട്ടന്ന് മടങ്ങുന്നത്.? നമുക്ക് തന്നെ വിവരം മറ്റുള്ളവരെ അറിയിച്ചാൽ പോരെ.”
“പറ്റില്ല. കാരണം നിന്നെ ഇപ്പോൾ മറ്റുള്ളവർ കാണാൻ പാടില്ല. അത് നിനക്കപകടം ഉണ്ടാക്കുമെന്ന് ഞാൻ കരുതുന്നു.” അരുൺ ബൊലേറോയുടെ നേർക്ക് നടന്ന് കൊണ്ട് പറഞ്ഞു.
“എന്താ സാർ അങ്ങനെ പറഞ്ഞത്.” അരുണിന് പിന്നാലെ ഇറങ്ങിക്കൊണ്ട് അലി ചോദിച്ചു.
എന്റെ കൂടെ കൂടിയവരെയെല്ലാം ഇത് വരെ നഷ്ടമായിട്ടേയുള്ളു. ഇപ്പോൾ എന്റെ കൂടെ നിന്നെ എന്റെ ശത്രുക്കൾ കണ്ടാൽ നാളെ നിന്റെയും അവസ്ഥ അതു തന്നെ ആയിരിക്കും. അത് കൊണ്ട് അത് വേണ്ട.”
“അപ്പോൾ സാറ് എന്നെ സാറിന്റെ കൂടെ കൂട്ടി അല്ലേ.”
“കൂടെ കൂട്ടിയാലും ഇല്ലെങ്കിലും അത് കാണുന്നവർക്ക് അങ്ങനെയേ തോന്നൂ. ഒരു റിസ്ക്കെടുക്കാൻ വയ്യ.” അരുൺ ബൊലേറോയിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.
“എങ്കിൽ എല്ലാം സാറിന്റെ ഇഷ്ടം പോലെ.” അലി അരുണിനോടൊപ്പം വണ്ടിയിലേക്ക് കയറിക്കൊണ്ട് പറഞ്ഞു. അരുൺ ബൊലേറോ സ്റ്റാർട്ട് ചെയ്തു. ആ വാഹനം റിവേഴ്സെടുത്ത് ഗേറ്റ് വഴി ഇറങ്ങി മുന്നോട്ട് നിങ്ങാൻ തുടങ്ങി.
“എങ്ങനെയാണ് സാർ നന്ദൻ മേനോന്റെ ബോഡി പുറം ലോകത്തിന് മുമ്പിലെത്തിക്കുന്നത്.” ആകാംഷ അടക്കാനാവാതെ അലി ചോദിച്ചു.
“ഞാൻ അതിനടുത്തുള്ള ആരെയെങ്കിലും വിളിച്ച് പറയാം. നന്ദൻ അവിടെയുണ്ടോ എന്ന് ഒന്ന് പോയി നോക്കാൻ. അങ്ങനെ അവർ പോയി നോക്കുമ്പോൾ ആ ബോഡി കാണാതിരിക്കില്ല.”