ശേഷം കാറിന്റെ ഡാഷ് ബോർഡിൽ നിന്നും ഒരു ജോഡി ഗ്ലൗസുകളെടുത്ത് അവൻ അലിക്ക് നൽകി.
“ഇല്ല സാർ.” അലി ഗ്ലൗസ് വാങ്ങിക്കൊണ്ടു് മറുപടി നൽകി.
അരുൺ ലോഡ്ജിന്റെ മുറ്റത്തേക്ക് വണ്ടി കയറ്റി നിർത്തി. പരിസരമെല്ലാം നിരിക്ഷിച്ച ശേഷം അരുണും അലിയും അതിൽ നിന്നിറങ്ങി. കാർപ്പെറ്റിനടിയിൽ നിന്ന് താക്കോലെടുത്ത് അവൻ വേഗം വാതിൽ തുറന്നു. പിന്നാലെ നിഴൽ പോലെ അലിയും ഉണ്ടായിരുന്നു.
“സാർ, അകത്ത് കയറരുത്. ഇതൊരു ആത്മഹത്യയല്ല കൊലപാതകമാണ്.” കയറിൽ തൂങ്ങിക്കിടക്കുന്ന നന്ദന്റെ ശരീരത്തിലേക്കും മറിഞ്ഞു വീണു കിടക്കുന്ന സ്റ്റൂളിലേക്കും നിലത്തേക്കും നോക്കിക്കൊണ്ട് അലി അരുണിനോടായി പറഞ്ഞു.
“നിനക്കെന്താ അങ്ങനെ തോന്നാൻ കാരണം.” അരുൺ അലിയുടെ നേരെ തിരിഞ്ഞ് സംശയത്തോടെ ചോദിച്ചു.
“സാർ, നിലത്ത് കാണുന്ന ഈ ചെരിപ്പുകളുടെ അടയാളങ്ങൾ നോക്കൂ. ഒന്നും വ്യക്തമല്ല. ഒന്നിനു മേലേ മറ്റൊന്ന് പതിഞ്ഞിരിക്കുന്നു. അത് കൊണ്ട് തന്നെ ഒരു പാട് ആളുകൾ ഇവിടെ കയറിയിരുന്നു എന്ന് മനസ്സിലാക്കാം. ഒരാൾ മാത്രം താമസിക്കുന്നയിടത്ത് ഇങ്ങനെ ഒരു പാട് കാലടയാളങ്ങൾ കാണുമ്പോൾ ഒരു സംശയം. ഇവിടെ ഒരു പാട് പേരുണ്ടായിരുന്നു എന്ന്. “
“ഇതൊരു കൊലപാതകമാണെന്ന് എനിക്കും അറിയാം അലി. പക്ഷേ നമുക്ക് ഇതിനകത്ത് കയറാതിരിക്കാൻ പറ്റില്ല. നന്ദൻ മരണപ്പെടുന്നതിന് തൊട്ട് മുമ്പ് എനിക്കൊരു മെസേജ് അയച്ചിരുന്നു. ഇതൊന്ന് വായിച്ചു നോക്ക്. നിനക്കപ്പോൾ കാര്യങ്ങൾ മനസ്സിലാവും.” അരുൺ തന്റെ ഫോണിൽ നന്ദന്റെ മെസേജ് ഓപ്പൺ ആക്കിക്കൊണ്ട് അലിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
അലി അരുണിന്റെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി ആ മെസേജ് വായിച്ചു.അവന്റെ നെറ്റിയിൽ ചുളിവുകൾ വീണു. “അപ്പോൾ ലാപ്ടോപ്പും വോയ്സ് റെക്കോർഡറും കണ്ടെത്തണം അല്ലേ.” ഫോൺ അരുണിന് തിരികെ നൽകിക്കൊണ്ടു് അലി ചോദിച്ചു.
” അതേ. ഈ മെസേജ് ഞാൻ രാത്രി തന്നെ കണ്ടിരുന്നു. അപ്പോൾ എനിക്ക് ലാപ്ടോപ്പ് മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളു. വോയ്സ് റെക്കോർഡർ കിട്ടിയില്ല. പോലിസ് എനിക്ക് മുമ്പേ ഇവിടെത്തിയാൽ ഒരു പക്ഷേ അത് നമ്മുടെ കയ്യിൽ കിട്ടിയെന്ന് വരില്ല. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഞാൻ വാതിൽ പൂട്ടിപ്പോയത്.” അരുൺ വിശദീകരിച്ചു.
“അപ്പോൾ നമുക്കെത്രയും പെട്ടന്ന് ആ വോയ്സ് റെക്കോർഡർ തിരഞ്ഞെടുക്കണം അല്ലേ സാർ.”
“അതേ. അതിന് ശേഷം മാത്രമേ നമുക്കീ വിവരം പുറത്തറിയിക്കാൻ കഴിയൂ.” മറുപടി നൽകുന്നതിനൊപ്പം തന്നെ അരുൺ തിരച്ചിലാരംഭിച്ചു കഴിഞ്ഞിരുന്നു.