ഡിറ്റക്ടീവ് അരുൺ 8 [Yaser]

Posted by

“അതെങ്ങനെ നിനക്ക് മനസ്സിലായി.” താൽപര്യത്തോടെ ആയിരുന്നു അരുണിന്റെ ചോദ്യം.

“നിങ്ങളുടെ കൺതടങ്ങളിലെ ഇരുളിമയാണ് ഇന്നലെ രാത്രി ഉറങ്ങിയില്ലെന്ന് തോന്നാൻ കാരണം. പിന്നെ ഉറക്കം വന്നിട്ട് ഉറങ്ങാതിരിക്കുമ്പോൾ കൺപോളകൾ തടിച്ച് വീർക്കുകയും കണ്ണ് കലങ്ങുകയും ചെയ്യും. ഇത് രണ്ടും കണ്ടത് കൊണ്ട് ചോദിച്ചതാണ്.” അലി മറുപടി നൽകി.

“അത് ശരി. താൻ കൊള്ളാലോ.? എങ്കിൽ എന്നെ കുറിച്ച് പറ. ഞാനത് ശരിയാണോന്ന് നോക്കട്ടെ.”

“സാറിനെ കുറിച്ച് ഞാനെന്ത് പറയാനാണ്.?” കുസൃതി ചിരിയോടെ അലി അരുണിനെ നോക്കി ചോദിച്ചു.

“ഞാനാരാണ്.?, എന്റെ സ്ഥലം എവിടെയാണ്.?, ഞാനെന്ത് ചെയ്യുന്നു.?

“സാറൊരു ഓഫീസിൽ ജോലി ചെയ്യുന്ന ആളാണെന്ന് തോന്നുന്നു. അല്ലെങ്കിൽ ശാരീരിക അധ്വാനമില്ലാത്ത ജോലി ചെയ്യുന്നു. എന്താ ശരിയാണോ.?”

“ശരിയാണ്. പക്ഷേ അത് നിനക്കെങ്ങനെ മനസ്സിലായി.” അരുൺ ആകാംഷയോടെ ചോദിച്ചു.

“ഉത്തരം വളരെ എളുപ്പമാണ്. സാറ് വണ്ടി നിർത്തി എന്നെ എഴുന്നേൽപ്പിച്ചപ്പോൾ മനസ്സിലായതാണ് സാറിന്റെ കയ്യുകളുടെ മൃദുത്വം. ശാരീരിക അധ്വാനമുള്ള ഒരാളുടെ കൈ ഇത്രക്ക് സോഫ്റ്റ് ആവില്ല.”

“very good. ഇനി ബാക്കി ചോദ്യങ്ങൾക്കുള്ള മറുപടി താ.”

“പറയാം അതിനു മുമ്പ് ഒരു ചോദ്യം ഈ കാറ് സാറ് പുതിയത് വാങ്ങിയതാണോ.? അതോ പഴയത് വാങ്ങിയതാണോ.?”

“ഞാൻ മൂന്ന് വർഷം മുമ്പാണ് ഇത് വാങ്ങിയത് പുതിയത് തന്നെ വാങ്ങിയതാണ്.”

“എങ്കിൽ സാറിന്റെ വീട് എരണാകുളത്ത് തീരപ്രദേശത്തിനടുത്താണ് സാറിന്റെ താമസം. സാറിന്റെ വാഹനത്തിന്റെ നമ്പറും വണ്ടിയുടെ മാറ്റിലുള്ള മണൽ തരികളുമാണ് ഇങ്ങനെ ഒരു അനുമാനത്തിലെത്താൻ കാരണം.”

“നീ പറഞ്ഞതയും ശരിയാണ് ഇനി ഞാൻ ആരാണ് എന്നതിനെ കുറിച്ച് പറയൂ.”

“സാറ് ആരാണെന്നതിനെ കുറിച്ച് കൂടുതലൊന്നും എനിക്ക് പറയാൻ കഴിയില്ല. ഏകദേശം ഇരുപത്തിയേഴോളം വയസ് പ്രായ മുള്ള നിങ്ങൾക്ക് അഞ്ചരയടി ഉയരമാണുള്ളത്. വീട്ടിൽ സാറ് തനിച്ചാണ് താമസം.” അലി പറഞ്ഞ് നിർത്തി.

“ബാക്കി.?” അലി പറഞ്ഞ് നിർത്തി നാല് മിനുട്ടിന് ശേഷമായിരുന്നു അരുണിന്റെ ചോദ്യം.

“ഇത്രയേ എനിക്ക് മനസ്സിലായിട്ടുള്ളു സാർ. കൂടുതൽ ഊഹങ്ങൾ പറയാൻ ഞാനാളല്ല.”

“Ali you are brilliant. നീ പറഞ്ഞതത്രയും ശരിയാണ്.” ആരാധനാ ഭാവത്തോടെ അലിയെ നോക്കിക്കൊണ്ട് അരുൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *