“പ്രായമായില്ലെന്നോ.? നീ എന്ത് ജോലിക്കാണ് പോയത്.? നിനക്കെത്ര വയസ്സായി.? നീ എന്ത് ചെയ്യുന്നത്.? എന്താ നിന്റെ പേര്.?” അരുൺ തുടരെ തുടരെ ചോദ്യങ്ങൾ ചോദിച്ചു.
“ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചാൽ ഞാനെങ്ങനെ പറയാനാ. എന്തായാലും ഞാൻ ആദ്യം എന്നെ യൊന്ന് പരിചയപ്പെടുത്താം. എന്റെ പേര് അസദ് അലി. എല്ലാവരും അലി എന്ന് വിളിക്കും. ഇപ്പോൾ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു. രണ്ട് മാസത്തെ അവധിയുണ്ട്. അപ്പോഴേക്കും പണിയെടുത്ത് പഠിക്കാനുള്ള പണമുണ്ടാക്കാനായി ബോംബെയിയിലേക്ക് ബ്രിഡ്ജിന്റെ പണിക്ക് പോകാനായി ഇറങ്ങിയതായിരുന്നു.” അവന്റെ മറുപടിയിൽ സങ്കടമുണ്ടായിരുന്നു.
“അപ്പോൾ നിനക്ക് കഷ്ടിച്ച് പതിനാറ് വയസ്സ് അല്ലേ.”
“അല്ല. പതിനേഴ് കഴിഞ്ഞു. വാടക വീടുകൾ മാറി മാറി താമസിക്കുന്നതിനിടയിലെപ്പോഴോ രണ്ട് വർഷം നഷ്ടപ്പെട്ടു.”
“സാരമില്ലെന്നേ എല്ലാം ശരിയാവും.” അരുൺ ഡ്രൈവിങ്ങിന് ശ്രദ്ധ കൊടുത്ത് കൊണ്ട് പറഞ്ഞു.
“ഞാൻ ചോദിക്കുന്നത് കൊണ്ട് സാറൊന്നും കരുതരുത്. എനിക്കൊരു ജോലി തരാൻ സാറിന് കഴിയുമോ.?” അലി പ്രതീക്ഷയോടെ അരുണിനെ നോക്കിക്കൊണ്ട് ചോദിച്ചു.
“അതിന് നിനക്കെന്തൊക്കെ ജോലി അറിയാം.?”
“അങ്ങനെ പ്രത്യേഗിച്ചൊരു ജോലിയും ഞാൻ പഠിച്ചിട്ടില്ല. പക്ഷേ എന്നെക്കൊണ്ടാവുന്ന എന്ത് ജോലി ചെയ്യാനും ഞാൻ തയ്യാറാണ്.”
അരുൺ അതിന് മറുപടിയൊന്നും പറഞ്ഞില്ല. ചോദ്യം പോലും വേണ്ടിയിരുന്നില്ല എന്നവന് തോന്നി. അവൻ ഡ്രൈവിങ്ങിന് കൂടുതൽ ശ്രദ്ധ കൊടുത്തു.
“സാറ് വിചാരിച്ചാൽ സാറിന്റെ നാട്ടിൽ എനിക്കെന്തെങ്കിലും ജോലി സംഘടിപ്പിച്ചു തരാൻ സാറിന് കഴിയില്ലേ.” അലി പ്രതീക്ഷയോടെ തന്നെ അരുണിനെ നോക്കി. അവന്റെ മുഖത്ത് യാചനാ ഭാവം നിഴലിച്ചിരുന്നു.
“നമുക്ക് നോക്കാം.” അവനെ സമാധാനിപ്പിക്കാനെന്നോണം അവൻ പറഞ്ഞു. അങ്ങനെ പറയാനാണ് അവന്റെ മനസ്സിലപ്പോൾ തോന്നിയത്. ഉറക്കം വീണ്ടും കൺ പോളകളെ തടവാൻ തുടങ്ങിയതും കണ്ണുകളിൽ വെള്ളം നിറയുന്നതും അവനറിഞ്ഞു.
“നിനക്ക് ഡ്രൈവിങ്ങ് അറിയുമോ.?” അരുൺ വണ്ടിയുടെ വേഗത കുറച്ച് കൊണ്ട് അലിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“ബൈക്ക് ഒക്കെ ചെറുതായിട്ട് ഓടിച്ചു നോക്കിയിട്ടുണ്ട്. സാറിന് ഉറക്കം വരുന്നുണ്ടല്ലേ.? ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ലെന്ന് തോന്നുന്നു.”