നിലത്തു കിടക്കുന്ന ആ കുട്ടിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ബൊലേറോ സഡൻ ബ്രേക്ക് ഇട്ടു. വണ്ടി ഓഫ് ചെയ്ത ശേഷം അരുൺ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി. വീണു കിടക്കുന്ന കുട്ടിയെ എഴുന്നേൽപ്പിച്ചപ്പോഴാണ് അവന്റെ കൈകാലുകൾ കൂട്ടിക്കെട്ടി ഇരിക്കുകയാണെന്ന് മനസ്സിലായത്.
“വല്ലതും പറ്റിയോടാ.” അനുകമ്പയോടെ അരുൺ ആ പയ്യനോട് ചോദിച്ചു.
“ഇല്ല സർ ഒരു നിമിഷം ഞാൻ ആകെ ഒന്ന് ഭയന്നു പോയി.”
“ആരാണ് നിന്റെ കൈകാലുകൾ കൂട്ടിക്കെട്ടി റോഡിലേക്ക് തള്ളിയിട്ടത്.” അവന്റെ കയ്യിലെ കെട്ടുകൾ അഴിച്ചു കൊണ്ട് അരുൺ അവനോട് ചോദിച്ചു.
“അറിയില്ല സാർ. അവരെ പിന്നിലായിരുന്നു നിന്നത്. അവർ എന്റെ പോക്കറ്റിൽ എന്തോ ഒന്ന് തിരുകി വെക്കുകയും ചെയ്തിരുന്നു. അരുൺ അവന്റെ കാലുകളിലെ കെട്ട് അഴിക്കുന്ന സമയം, അവൻ തന്റെ പോക്കറ്റിൽ നിന്നും ഒരു ലെറ്റർ എടുത്തു കൊണ്ട് അരുണിനോട് പറഞ്ഞു.
അവന്റെ കാലുകൾ സ്വതന്ത്രമാക്കിയ ശേഷം അവൻ നീട്ടിയ ലെറ്റർ കണ്ടപ്പോൾ അരുണിന് കാര്യം മനസ്സിലായി. ലെറ്റർ തന്റെ കയ്യിൽ എത്തിക്കാൻ ശത്രുക്കൾ ഉപയോഗിച്ച് വഴിയാണ് ഈ പയ്യൻ. അവൻ വേഗം കൈനീട്ടി ആ പേപ്പർ വാങ്ങി.
അപ്പോഴേക്കും പിന്നിലുള്ള വാഹനങ്ങൾ ഹോൺ അടിക്കാൻ തുടങ്ങിയിരുന്നു. തന്റെ വാഹനത്തിന് പിന്നിൽ റോഡ് ബ്ലോക്ക് ആണെന്ന് അരുൺ തിരിച്ചറിഞ്ഞു. അരുൺ ആ പയ്യനെയും കൂട്ടി പെട്ടെന്നു തന്നെ ബൊലേറോയിൽ കയറി അത് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു എടുത്തു.
കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ ബൊലേറോ പാർക്ക് ചെയ്യാൻ പറ്റുന്ന ഒരിടം കണ്ടപ്പോൾ അരുൺ ആകെ ഗ്യാപ്പിലേക്ക് തന്റെ വാഹനം കയറ്റി നിർത്തി. ശേഷം അവൻ ആ ലെറ്റർ തുറന്ന് വായിക്കാൻ തുടങ്ങി.
ഇത് നിന്റെ അവസാനത്തെ അവസരമാണ് അരുൺ. ഈ കേസിൽ നിന്ന് പിന്മാറാൻ നിനക്കിനി ഇത് പോലൊരു അവസാനമുണ്ടാവുകയുമില്ല. നിനക്കുള്ള യഥാർത്ഥ സമ്മാനം എരണാകുളത്ത് കാത്തിരിക്കുന്നു. ഇനിയുള്ള തീരുമാനങ്ങൾ വിവേകപൂർവ്വമുള്ളതാവട്ടെ.
ആ കുറിപ്പ് വായിച്ചു കഴിഞ്ഞ അരുണിന് എന്തെന്നില്ലാത്ത കോപമാണ് തോന്നിയത്. അപ്പോഴാണ് അരുണിന് തൊട്ടടുത്തിരിക്കുന്ന പയ്യനെ ഓർമ്മ വന്നത്.
“നിന്റെ വിടെ വിടെയാണ്.” അരുൺ ബൊലേറോ സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്ത് കൊണ്ട് ചോദിച്ചു.
“മലപ്പുറത്താണ് സാർ.”
“എങ്കിൽ ഞാൻ നിന്നെ രാമനാട്ടുകരയിൽ ഇറക്കാം. അവിടുന്ന് ബസ്സിന് പോകുമല്ലോ അല്ലേ.?” അരുൺ ആ പയ്യന്റെ വീട് പോകുന്ന വഴിക്ക് തന്നെയാണല്ലോ എന്നതിന്റെ ആശ്വാസത്തിലാണ് ചേദിച്ചത്.
“വേണ്ട സാർ ഞാനൊരു ജോലിക്ക് വേണ്ടി ഇറങ്ങിയതായിരുന്നു. എനിക്ക് പ്രായമായില്ലെന്ന് പറഞ്ഞ് അവരെന്നെ കോഴിക്കോട് ഇറക്കി വിട്ടു.” സങ്കടത്തോടെ ആയിരുന്നു അവന്റെ മറുപടി.