കണ്ണുകളിൽ എന്തോ തടയുന്നത് പോലെ അവൻ വീണ്ടും സൈഡ് ഗ്ലാസുകൾ താഴ്തി തന്നെ വെച്ചു. തണുത്ത കാറ്റ് മുഖത്തടിക്കുമ്പോൾ ഉറക്കം വല്ലാതെ ശല്യം ചെയ്യുന്നുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു.
കാപ്പാട് കഴിഞ്ഞപ്പോഴാണ് അരുണിന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചത്. നമ്പർ നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറാണ്. എങ്കിലും അവൻ ബൊലേറോ റോഡിന്റെ സൈഡിലേക്കൊതുക്കി നിർത്തി ആ കോൾ അറ്റന്റ് ചെയ്തു. “ഹലോ.”
“ഹായ് അരുൺ. ചെമ്മണ്ണൂർ ഫാഷൻ ജ്വല്ലറിക്ക് മുന്നിൽ നിൽക്കുക. നിനക്കൊരു സമ്മാനം അവിടെ കാത്തിരിക്കുന്നു.” അഹങ്കാരം നിറഞ്ഞതായിരുന്നു ആ സ്വരം.
“നിങ്ങളെന്തിനാണ് എനിക്ക് വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കുന്നത്. അവരെ ഒഴിവാക്കി നീ എന്റെ അടുത്തേക്ക് വാ. നമുക്ക് നേർക്ക് നേർ മുട്ടി നോക്കാം. മറഞ്ഞിരുന്ന് കളിക്കുന്നത് ഒറ്റതന്തക്ക് പിറന്നതിന്റെ ലക്ഷണമല്ല.” അരുൺ ഫോൺ വിളിക്കുന്നയാളെ ചൊടിപ്പിക്കാനായി പറഞ്ഞു.
“ഹ ഹ ഹ. നീ നൈസായി എന്റെ തന്തക്ക് പറഞ്ഞു അല്ലേ.? ഞാനത് വിട്ട് കളയുന്നു. കാരണം ഇത് നീ എന്നെ മനഃപൂർവ്വം പ്രകോപിപ്പിക്കാനായി പറയുന്നതാണ്. പിന്നെ വിപിനിന്റെ കാര്യമോർത്താണ് നീ നേർക്ക് നേർ മുട്ടാൻ വിളിച്ചതെങ്കിൽ നിനക്കുള്ള സർപ്രൈസ് എരണാകുളത്ത് റെഡിയാണ്. അതിന് മുമ്പായി കോഴിക്കോട് നിന്നും നിന്റെ സമ്മാനം കൈപറ്റുക.” അപ്പുറത്ത് ഫോൺ ഡിസ്കണക്ട് ആയി.
അരുൺ കോപത്തോടെ മുഷ്ടി ചുരുട്ടി സ്റ്റിയറിങ്ങ് വീലിൽ ആഞ്ഞിടിച്ചു. അവന്റെ മുഖം കോപം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. എരണാകുളത്തെ സർപ്രൈസ് നന്ദന്റെ മരണമായിരിക്കുമെന്ന് അവന് മനസ്സിലായി.
താനവിടെ നേരത്തെ എത്താതിരിക്കാനാവാം തന്നെ പ്ലാൻ ചെയ്ത് ഇവിടെ എത്തിച്ചത് പ്ലാനിൽ സംഭവിച്ച പിഴവ് കാരണമാണ് തനിക്ക് മുൻകൂട്ടി നന്ദന്റെ മരണം അറിയാൻ കഴിഞ്ഞത്.
അരുൺ വീണ്ടും ബൊലേറോ സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു. കോഴിക്കോട് ടൗൺ ലക്ഷ്യമാക്കി ബൊലേറോ മുമ്പോട്ട് കുതിച്ചു. ഇപ്പോൾ വന്ന ഫോൺ കോളോടെ അരുണിന്റെ കണ്ണുകളിൽ എത്തിയ ഉറക്കം അവനെ വിട്ടകന്നിരുന്നു.
ഏതാനും മിനിറ്റുകൾക്കകം അരുൺ ബൊലേറോയുമായി ചെമ്മണ്ണൂർ ഫാഷൻ ജ്വല്ലറിക്ക് മുമ്പിലെത്തി. അല്പസമയം അവിടെ നിർത്തിയെങ്കിലും തന്നെ തിരഞ്ഞു വന്ന ആരെയും അവന് കണ്ടെത്താനായില്ല.
അരുൺ തനിക്ക് കോൾ വന്ന നമ്പറിലേക്ക് വിളിച്ചു നോക്കി. ആ നമ്പർ അപ്പോഴേക്കും സ്വിച്ച് ഓഫ് ആയിരുന്നു. അരുണിനു താൻ തലയ്ക്ക് മുകളിൽ എടുത്താൽ പൊങ്ങാത്ത ഭാരം ചുമന്നു നിൽക്കുന്നവന്റെ അവസ്ഥയിലാണ് എന്ന ഒരു തോന്നൽ ഉണ്ടായി.
അവൻ കോപത്തോടെ ബൊലേറോ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു. പെട്ടെന്നാണ് പതിനാറ് വയസ്സ് പ്രായം തോന്നുന്ന ഒരു കുട്ടി ബൊലേറോ യുടെ മുന്നിലേക്ക് തെറിച്ചു വീഴുന്നത് അരുൺ കണ്ടത്. അവന്റെ കാൽ ബ്രേക്കിൽ ആഞ്ഞമർന്നു.